Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസിൽ ഐഎസിന്റെ കത്തിയാക്രമണം; ഒരാൾ മരിച്ചു, അക്രമിയെ വധിച്ചു

Paris-Knife-Attack പാരിസിൽ കത്തിയാക്രമണമുണ്ടായ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ കാവൽനിൽക്കുന്നു. (ട്വിറ്റർ ചിത്രം)

പാരിസ് ∙ ഫ്രാൻസ് തലസ്ഥാനത്തു കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 245 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മധ്യ പാരിസിലെ ഒപെറയിൽ ഭക്ഷണശാലകൾക്കു പേരുകേട്ട തിരക്കേറിയ തെരുവിലായിരുന്നു ഇക്കുറി ആക്രമണം. വഴിയാത്രക്കാരെ ലക്ഷ്യമിട്ട അക്രമി കത്തിവീശുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ ജനങ്ങൾ കഫേകളിലും റസ്റ്ററന്റുകളിലും ഒളിച്ചു. ഇതോടെ അക്രമി ഇവിടങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചെറുത്തു. സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് മേഖല ഒഴിപ്പിച്ചു സുരക്ഷ ശക്തമാക്കി.

അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളുടെ ഭാഗമാണിതെന്ന് ഐഎസിന്റെ വാര്‍ത്താവിതരണവിഭാഗമായ അമാഖ് അവകാശപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളാണ് ആക്രമണം നടത്തിയതെന്നും അത്തരക്കാരുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ പ്രതികരിച്ചു. ‘ഫ്രാൻസ് ഒരിക്കൽക്കൂടി രക്തംകൊണ്ട് വില നൽകേണ്ടി വന്നിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളോട് ഒരു തരിമ്പു പോലും വിട്ടുവീഴ്ച ചെയ്യില്ല – മാക്രോ ട്വീറ്റ് ചെയ്തു.