Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിച്ചാലും തോറ്റാലും (സൽ)പേര് കോൺഗ്രസിന്; കർണാടകയുടെ രാഷ്ട്രീയബാക്കി

പി.സനിൽകുമാർ
who-will-win-karnataka രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ബി.എസ്.യെഡിയൂരപ്പ. നരേന്ദ്ര മോദി.

കണ്ണുകളെല്ലാം കർണാടകയിലേക്ക് ഉറ്റുനോക്കുമ്പോൾ അതിനാടകീയമായി മുന്നേറുകയാണു കന്നഡനാട്; മസാലച്ചേരുവകളെല്ലാം ചേർന്ന കന്നഡപ്പടം പോലെ. ദേശീയ രാഷ്ട്രീയത്തിലെ ദിശാമാറ്റ സൂചികയായേക്കാവുന്ന രാഷ്ട്രീയ നീക്കങ്ങൾ. കൊണ്ടുംകൊടുത്തുമുള്ള ചാണക്യതന്ത്രങ്ങൾ. ശതകോടിക്കണക്കിനു രൂപയുടെ കണക്കുകളാണ് അന്തരീക്ഷത്തിലെങ്ങും. ആരും വാഴും, ആരെ വീഴ്ത്തും എന്നതറിയാൻ ഉദ്വേഗത്തിന്റെ മുൾമുനയിൽ രാജ്യം. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലും റിഹേഴ്സലുമെല്ലാം ഇവിടെയായതിനാൽ ഓരോ ചുവടും നിർണായകം.

ദേശീയ രാഷ്ട്രീയത്തിൽ അതികായരായി മുന്നേറുന്ന ബിജെപിയും തിരിച്ചുവരവിന് ഒരുങ്ങുന്ന കോൺഗ്രസും ആത്മവിശ്വാസത്തിന്റെ അമൃത് തേടിയാണു പോരിനിറങ്ങിയത്. കോൺഗ്രസിന്റെ സിദ്ധരാമയ്യയും ബിജെപിയുടെ ബി.എസ്. യെഡിയൂരപ്പയും നേതൃത്വം നൽകുന്ന അടർക്കളത്തിലേക്ക് ഇരുപാർട്ടികളിലെയും സമുന്നതനേതാക്കൾ പടയോടെ ഇറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർക്കുനേർ ‘നമോ– രാഗ’ മൽസരം കൊഴുപ്പിച്ചു. ജെഡിഎസിന്റെ എച്ച്.ഡി. കുമാരസ്വാമി കൂടി ചേർന്നതോടെ അങ്കത്തിനു ത്രികോണച്ചൂട്. പാർട്ടികളുടെ കൊണ്ടുപിടിച്ച പ്രചാരണത്തിൽ കർണാടക പ്രകമ്പനം കൊണ്ടു.

കഠിനപരീക്ഷയുടെ ഫലം ചൊവ്വാഴ്ച പുറത്തുവന്നു. ത്രിശങ്കു സഭയായിരിക്കുമെന്ന എക്സിറ്റ്പോളുകളെ പുച്ഛിച്ച് ഒരു ഘട്ട‌ത്തിൽ ബിജെപി ലീഡിൽ കേവല ഭൂരിപക്ഷമായ 113ന് അടുത്തെത്തി, അതുംപിന്നിട്ട് 120ൽ തൊട്ടു. ഓഹരിവിപണികൾ ആഹ്ലാദിച്ചു. ഭരണവിരുദ്ധവികാരം ഇല്ലാതിരിക്കുകയും പ്രചാരണത്തിന്റെ അജൻഡകൾ നിശ്ചയിക്കുകയും ചെയ്ത സിദ്ധരാമയ്യയ്ക്കു പക്ഷേ കാലിടറി. ഇരട്ടമണ്ഡലങ്ങളിലൊന്നിൽ ദയനീയ തോൽവി. ബാദാമിയിൽ‌ സിദ്ധരാമയ്യ കടന്നുകൂടിയത് ആയിരത്തിച്ചില്ല്വാനം വോട്ടുകൾക്ക്.

‘കിങ്മേക്കർ’ ആയേക്കുമെന്നു പ്രവചിക്കപ്പെട്ട കുമാരസ്വാമിയെ ഉദ്ദേശിച്ച്, ആരുടെയും സഖ്യസഹായമില്ലാതെ ഒറ്റയ്ക്കു ഭരണം പിടിക്കുമെന്നു ബിജെപി വായ്ത്താരി മുഴക്കി. മധുരം വിതരണം ചെയ്ത് ആഘോഷം തുടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലീഡ്നില മാറിമറിഞ്ഞു. ബിജെപിയുടെ സീറ്റെണ്ണം 110നു താഴേയ്ക്ക്. 104ൽ തട്ടി നിന്നു. തകർന്നടിഞ്ഞെന്നു വിലയിരുത്തപ്പെട്ട കോൺഗ്രസ് അവസാന മണിക്കൂറുകളിൽ പിടിച്ചുകയറി– 78 സീറ്റ്. രണ്ടു പാർട്ടികൾക്കും കേവല ഭൂരിപക്ഷമില്ല. കർണാടകയുടെ മനസ്സറിയുന്ന ജെഡിഎസ് വലിയ കേടുപാടുകളില്ലാതെ ജയിച്ചുകയറി– 38 സീറ്റ്. ഇരട്ടമണ്ഡലങ്ങളിൽ മൽസരിച്ചു ജയിച്ച കുമാരണ്ണ എന്ന കുമാരസ്വാമി മന്ദസ്മിതം തൂകി.

കിങ്മേക്കറെ കിങ്ങാക്കാൻ സോണിയ

എക്സിറ്റ്പോളുകൾ ശരിയായി; ത്രിശങ്കുസഭയെന്നു തെളിഞ്ഞു. ഏറ്റവും വലിയ കക്ഷിയായെങ്കിലും ബിജെപിക്കു ഭൂരിപക്ഷത്തിന് ഒൻപത് സീറ്റിന്റെ കുറവ്. ഏറെക്കാലം കർണാടകയും രാജ്യവും വാണ കോൺഗ്രസിന്റെ തലയിൽ മിന്നലുണ്ടായി; മണിപ്പുരും ഗോവയും ഓർമയിലെത്തി. അവിടങ്ങളിൽ ഒന്നാംകക്ഷിയായിട്ടും ഭരണത്തിൽനിന്നു പുറത്തായതിന്റെ കയ്പ് തികട്ടിവന്നു. പരാജയം രുചിച്ച ഘട്ടത്തിൽ മുൻ അധ്യക്ഷ സോണിയഗാന്ധി അപ്രതീക്ഷിത ‘കിങ്മേക്കറയി’. മൂന്നാംകക്ഷിയായ ജെഡ‍ിഎസിനു നിരുപാധിക പിന്തുണ.

104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 78 സീറ്റുള്ള കോൺഗ്രസ് 38 സീറ്റുള്ള ദൾ–ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. പുറത്തുനിന്നുള്ള പിന്തുണയാണു വാഗ്ദാനം ചെയ്തത്. കോൺഗ്രസും സർക്കാരിൽ വേണമെന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ നിർദേശം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഎസ്പി അധ്യക്ഷ മായാവതിയും ചർച്ചകളിൽ പങ്കാളികളായി. അതിവേഗ നീക്കങ്ങളിലൂടെ ബിജെപിക്കു ഷോക്ക് ട്രീറ്റ്മെന്റ് നൽകി കോൺഗ്രസ് ഞെട്ടിച്ചു. മുൻപ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ദ്രുതനീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി.

ഗവർണറുടെ മനസ്സിലിരുപ്പ് എന്താണ്?

ബിജെപിക്കുവേണ്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പയും മറുപക്ഷത്തിനുവേണ്ടി ദൾ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഗവർണർ വാജുഭായി വാലയുടെ നിലപാട് ഇതോടെ നിർണായകമായി. കർണാടക പ്രജ്ഞാവന്ത ജനതപാർട്ടി അംഗവും സ്വതന്ത്രനും കൂടി ചേരുമ്പോൾ ജെഡിഎസ്– കോൺഗ്രസ് പക്ഷത്തു 118 പേർ. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 112 സീറ്റ്. 224 അംഗ നിയമസഭയിൽ 222 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്.

ഇതിനിടെ അപകടം മണത്ത ബിജെപി വീണ്ടും കളത്തിലേക്ക്. കർണാടകയുടെ കാതിൽ കുതിരക്കച്ചവടത്തിന്റെയും മറുകണ്ടം ചാടലിന്റെ വാർത്തകൾ മുളപൊട്ടി. കർണാടകത്തിലെ ജനവിധി കോൺഗ്രസിനെതിരാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചുക്കാൻ പിടിക്കുന്നുവെന്നു സിദ്ധരാമയ്യയുടെ ആരോപണം. മൽസരിച്ച രണ്ടു സീറ്റുകളി‍ൽ ഒരെണ്ണത്തിൽ മുഖ്യമന്ത്രി ദയനീയമായി തോറ്റു, രണ്ടാമത്തേതിൽ ദയനീയമായി കടന്നുകൂടി, മന്ത്രിസഭയിലെ 16 പേർ പരാജയപ്പെട്ടു. ജനവിധിയെന്തെന്ന കാര്യത്തിൽ സംശയത്തിന് അവകാശമില്ലെന്നു രവിശങ്കർ പ്രസാദിന്റെ മറുപടി.

എംഎൽഎമാർക്ക് 100 കോടി വീതം നൽകാമെന്നാണു ബിജെപിയുടെ വാഗ്ദാനമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയുടെ ആരോപണം പുതിയ വെടിക്കെട്ടിനു തിരികൊളുത്തി. ജെഡിഎസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ സന്ദർശനം അഭ്യൂഹങ്ങൾ പറത്തിവിട്ടു. സിദ്ധരാമയ്യയെ കൊണ്ടു കോൺഗ്രസിനു ഗുണമുണ്ടാകില്ലെന്നു റാണിബെന്നൂരിൽ പരാജയപ്പെട്ട സ്പീക്കർ കെ.ബി. കൊളീവാഡിന്റെ കൂരമ്പ്. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ വികാരാധീനനായി സിദ്ധരാമയ്യ. ഒരുഘട്ടത്തിൽ മോദി– സിദ്ധരാമയ്യ പോരാട്ടമായി മാറ്റിയ മുഖ്യമന്ത്രിക്കു ചുവടുകൾ പിഴച്ചതിന്റെ സാക്ഷ്യമായി ആ കണ്ണുനീർ.

കോൺഗ്രസ് എംഎൽഎമാരെ കാണാനില്ലെന്ന് ഇതിനിടെ വാർ‌ത്ത പരന്നു. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽനിന്ന് 10 എംഎൽഎമാരും ദൾ യോഗത്തിൽനിന്ന് അഞ്ച് എംഎൽഎമാരും വിട്ടുനിന്നതായും റിപ്പോർട്ടുകൾ. ജെഡിഎസ് എംഎൽഎമാരെ സ്വകാര്യ റിസോട്ടിലേക്കു മാറ്റി. കർണാടക പിസിസി പ്രസിഡന്റ് ജി.പരമേശ്വരയുടെ നേതൃത്വത്തിൽ എംഎൽഎമാരെ ഗവർണർക്കു മുന്നിൽ എത്തിച്ചു കോൺഗ്രസിന്റെ ശക്തിപ്രകടനം.

‘ഓപ്പറേഷൻ താമര’ വിജയകരമായതു മറന്നേക്കൂ, ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണു ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക. കുതിരക്കച്ചവടത്തെ പ്രോൽസാഹിപ്പിക്കുന്ന യാതൊരു തീരുമാനവും എടുക്കരുതെന്നു ഗവർണറോടും ആവശ്യപ്പെടുന്നു– എച്ച്.ഡി.കുമാരസ്വാമിയുടെ ഉറച്ചവാക്കുകൾ.

ജയിച്ചാലും തോറ്റാലും കോൺഗ്രസിനിതു മരണക്കളിയാണ്. വീണിടത്തുനിന്ന് എഴുന്നേൽക്കാനും പടനയിക്കാനും കരുത്തുണ്ടെന്നു തെളിയിക്കാനുള്ള മികച്ച അവസരം. അതിൽ കോൺഗ്രസ് വിജയിച്ചിരിക്കുന്നു. അടവുകളേറെയുള്ള ബിജെപി ക്യാംപിനെ ഞെട്ടിക്കാനായെന്നതു തന്നെയാണ് കർണാടകയുടെ ബാക്കിപത്രം. പ്രതീക്ഷയുടെയും പ്രതിപക്ഷ സ്വരങ്ങളുടെയും കനലുകൾ അണഞ്ഞിട്ടില്ലെന്ന് പോരാട്ടങ്ങളേറെ കണ്ട കർണാടക വിളിച്ചുപറയുന്നു.

ബുധനാഴ്ച സംഭവിച്ചത്:

∙ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവർണർ. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നു നിർദേശം

∙ വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞയെന്ന് ബിജെപി നേതൃത്വം

∙ ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സുപ്രീംകോടതിയിൽ. 

∙ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ്–കോൺഗ്രസ് നേതൃത്വം ഗവർണറെ കണ്ടു

∙ തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി മുതിർന്ന ബിജെപി നേതാവ് ശോഭ കരന്തലാജെ

∙ നിയമപ്രകാരം കുമാരസ്വാമിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് സിദ്ധരാമയ്യ

∙ ബിജെപി നേതാക്കളായ അനന്ത്കുമാർ, ധർമേന്ദ്ര പ്രധാൻ, ജെ.പി.നഡ്ഢ എന്നിവരുമായി യെഡിയൂരപ്പയുടെ ചർച്ച

∙ ബിജെപി കോടികളെറിഞ്ഞു കുതിരിക്കച്ചവടം നടത്തുന്നതായി ജെഡിഎസും കോൺ‌‌ഗ്രസും

∙ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ പ്രധാനമന്ത്രി മോദിക്കും പങ്കെന്ന് സിദ്ധരാമയ്യ

∙ ജെഡിഎസിനെയും കുമാരസ്വാമിയെയും പിന്തുണയ്ക്കാൻ കോൺഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചെന്ന് ഗുലാം നബി ആസാദ്

∙ ബി.എസ്.യെഡിയൂരപ്പയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത് ബിജെപി

ചൊവ്വാഴ്ച സംഭവിച്ചത്:

∙ രാവിലെ 11: ബിജെപി ലീഡ് 120 സീറ്റ് വരെ ഉയർന്നു; ആരുടെയും സഹകരണം വേണ്ടെന്നും ഒറ്റയ്ക്കു ഭരിക്കുമെന്നും കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ.

∙ ഉച്ചയ്ക്ക് 12: കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദിന്റെയും നിർമല സീതാരാമന്റെയും നേതൃത്വത്തിൽ ഡൽഹി ബിജെപി ആസ്ഥാനത്ത് ലഡു വിതരണം.

∙ ഉച്ചയ്ക്ക് ഒരു മണി: ബിജെപി 110നു താഴേക്ക്, കോൺഗ്രസ് എഴുപതിനു മുകളിലേക്ക്.

∙ ഉച്ചയ്ക്ക് രണ്ടു മണി: ദളിനു കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്ന് ആദ്യസൂചന.

∙ ഉച്ചയ്ക്ക് 2.30: സഖ്യം സ്ഥിരീകരിച്ച് കോൺഗ്രസ് വാർത്താസമ്മേളനം.

∙ ഉച്ചയ്ക്ക് 2.45: മറുതന്ത്രങ്ങൾക്കു കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുൾപ്പെടെയുള്ളവർ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക്.

∙ ഉച്ചയ്ക്ക് മൂന്ന്: പിസിസി പ്രസിഡന്റ് ജി.പരമേശ്വര രാജ്ഭവനിലേക്ക്; ഫലം പൂർണമാകാതെ കൂടിക്കാഴ്ചയില്ലെന്നു ഗവർണർ.

∙ ഉച്ചയ്ക്ക് 3.45: വിജയാഘോഷം നിർത്തിവയ്ക്കാൻ ബിജെപി നിർദേശം; അമിത്ഷായുടെ ഡൽഹി വാർത്താസമ്മേളനം റദ്ദാക്കി.

∙ ഉച്ചതിരിഞ്ഞ് നാലുമണി: സിദ്ധരാമയ്യ രാജ്ഭവനിലെത്തി രാജി നൽകി.

∙ ഉച്ചതിരിഞ്ഞ് 4.30: സർക്കാർ രൂപീകരണത്തിനു സന്ദർശനാനുമതി തേടി ഗവർണർക്കു കുമാരസ്വാമിയുടെ കത്ത്.

∙ വൈകിട്ട് അഞ്ച്: യെഡിയൂരപ്പ ഗവർണറെ കണ്ടു. അനുകൂല മറുപടി ലഭിച്ചെന്നും ഒരാഴ്ചയ്ക്കകം വിശ്വാസവോട്ട് തേടുമെന്നും യെഡിയൂരപ്പ.

∙ ൈവകിട്ട് 5.30: കുമാരസ്വാമി ഗവർണറെ കണ്ടു. പുറത്തുവന്ന ശേഷം സിദ്ധരാമയ്യയുമായി ചേർന്നു വാർത്താസമ്മേളനം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.