Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിക്ക് ഇന്ന് അറിയണം, യെഡിയൂരപ്പയുടെ കത്തിലെന്താണ് ?

vajubhai-court-yeddi

ന്യൂഡൽഹി ∙ സത്യപ്രതിജ്ഞ അസാധുവാക്കാനും യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്നു വാക്കാൽ വ്യക്തമാക്കിയശേഷമാണു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഇന്നലെ പുലർച്ചെ ഇടക്കാല ഉത്തരവു നൽകിയത്. ഗവർണർ 16നു നൽകിയ അറിയിപ്പിൽ 15നും 16നും ബി.എസ്.യെഡിയൂരപ്പ തനിക്കു നൽകിയ കത്തുകൾ‍ പരാമർശിക്കുന്നുണ്ട്. അവ പരിശോധനയ്ക്കായി അറ്റോർണി ജനറലോ യെഡിയൂരപ്പയോ ഇന്നു ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ യെഡിയൂരപ്പ നൽകിയ കത്തുകൾ നിർണായകമാകുന്നു. അവയിൽനിന്നു കോടതിക്ക് അറിയേണ്ടത് ഇതാണ് – ബിജെപി നിയമസഭാകക്ഷി നേതാവെന്നാണു യെഡിയൂരപ്പയെ ഗവർണർ പരാമർശിക്കുന്നത്. ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. തങ്ങൾ ഗവർണർക്കു നൽകിയതു 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണെന്നു ഹർജിക്കാർ പറയുന്നു. എങ്കിൽ, വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിർത്തി യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ട്? ഇതിനുള്ള ഉത്തരം യെഡിയൂരപ്പയുടെ കത്തുകളിൽ ഇല്ലെങ്കിൽ ഗവർ‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുൾപ്പെടെയുള്ള തുടർനടപടികളും കോടതിക്കു റദ്ദാക്കാനാകും.

ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഭൂരിപക്ഷം തെളിയിക്കാൻ ഏഴുദിവസം മതിയെന്നാണു യെഡിയൂരപ്പ ഗവർണറോടു പറഞ്ഞതെന്നും എന്നിട്ടും കുതിരക്കച്ചവടത്തിന് സൗകര്യമൊരുക്കുംവിധം 15 ദിവസം അനുവദിച്ചെന്നുമാണു ഹർജിക്കാർക്കുവേണ്ടി അഭിഷേക് സിങ്‌വി വാദിച്ചത്.

എന്തുകൊണ്ട് 15 ദിവസം അനുവദിച്ചെന്നും അത്രയധികം സമയം നൽകുന്നത് ഉചിതമാണോയെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോടും മൂന്നു ബിജെപി എംഎൽഎമാർക്കുവേണ്ടി എന്നവകാശപ്പെട്ടു ഹാജരായ മുകുൾ റോഹത്ഗിയോടും കോടതി ചോദിച്ചു. ഇരുവരും വ്യക്തമായ ഉത്തരം നൽകിയില്ല. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധിയെക്കുറിച്ച് ഇന്നലെ നൽകിയ ഉത്തരവിൽ കോടതി ഒന്നുംതന്നെ പറയുന്നുമില്ല. യെഡിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ തീരുമാനം ശരിവച്ചാൽത്തന്നെ ഈ സമയപരിധി കുറയ്ക്കാൻ കോടതിക്കു സാധിക്കും.

related stories