Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കർണാടക സഖ്യ’ത്തിൽ കല്ലുകടി; കൂടുതൽ മന്ത്രിമാർ വേണമെന്ന് കോൺഗ്രസ്

Kumaraswamy, D.K. Shivakumar എച്ച്.ഡി.കുമാരസ്വാമി, ഡി.കെ.ശിവകുമാർ.

ബെംഗളൂരു ∙ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ഡി.കെ.ശിവകുമാര്‍ ആവശ്യമുന്നയിച്ചു. കുമാരസ്വാമിയും സോണിയാഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസുമായി തര്‍ക്കങ്ങളൊന്നുമില്ലെന്നു കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപിയെ തോൽപ്പിക്കാൻ വിശ്വാസവോട്ടെടുപ്പു ദിവസം ഒറ്റക്കെട്ടായി നിന്ന കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യത്തില്‍ വളരെപ്പെട്ടെന്നാണു തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ ജി.പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു പ്രാഥമിക ധാരണ. കോണ്‍ഗ്രസിന് 20 കാബിനറ്റ് മന്ത്രിമാരും ജെഡിഎസിന് 14 കാബിനറ്റ് മന്ത്രിമാരും എന്നും ധാരണയായിരുന്നു. ഇപ്പോൾ രണ്ട് ഉപമുഖ്യമന്ത്രിമാർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞ ഡി.കെ.ശിവകുമാര്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു രംഗത്തെത്തിയതോടെയാണു കാര്യങ്ങൾ സങ്കീർണമാക്കിയത്. കൂടുതല്‍ സീറ്റുകള്‍ ജയിച്ചതിനാൽ കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്നാണ് ആവശ്യം. ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ മുമ്പുണ്ടായിരുന്ന സഖ്യം കയ്പേറിയ അനുഭവമായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. ധനകാര്യവകുപ്പ് കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യും. ഡി.കെ.ശിവകുമാറിന് ഊര്‍ജമന്ത്രാലയത്തിന്‍റെ ചുമതല നല്‍കുമെന്നും അറിയുന്നു.

related stories