Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ ഫോട്ടോഫിനിഷിലേക്ക്; ആര് കൊണ്ടുവരും 1000 കോടി ?

പി.സനിൽകുമാർ
chengannur-bypoll-candidates ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ, എൻ‍ഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള എന്നിവർ

ചെങ്ങന്നൂരിന്റെ മനസ്സിൽ ഇപ്പോൾ 1000 കോടിയുടെ സ്വപ്നങ്ങളാണ്. പമ്പയും അച്ചൻകോവിലാറും വരട്ടാറും മണിമലയാറും നനവേകുന്ന ചെങ്ങന്നൂർ കാത്തിരിപ്പിലാണ്, നാടിന്റെ നായകനെ അറിയാൻ. പാപത്തെ കഴുകിക്കളയുമെന്നു വിശ്വസിക്കുന്ന പമ്പയൊഴുകും നാട്, ആരെ പുണരുമെന്നറിയാതെ നെഞ്ചിടിപ്പിൽ മുന്നണികളും. പ്രചാരണം അവസാന ലാപ്പിലേക്കു നീങ്ങുമ്പോൾ, 100 മീറ്റർ ഓട്ടമത്സരത്തിന്റെ ആവേശമാണെങ്ങും. ആരാദ്യം ഫിനിഷ് ചെയ്യുമെന്നു ചെങ്ങന്നൂരുകാർ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കുന്നു. സെക്കൻഡിന്റെ നൂറിലൊരംശം പോലും വിട്ടുകൊടുക്കാൻ ആരും തയാറല്ല, സാധ്യതകളെപ്പറ്റി വിട്ടുപറയാൻ ആർക്കും സാധിക്കുന്നുമില്ല !

കുറച്ചു ദിവസങ്ങളായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാടകങ്ങളിലായിരുന്നു രാജ്യത്തിന്റെ ശ്രദ്ധ. ഇനിയതു ചെങ്ങന്നൂരിലേക്കും നീളുകയാണ്. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്കു കർണാടകയിൽ തുടക്കമായിരിക്കെ പ്രത്യേകിച്ചും. നാടിനെ ഇളക്കിമറിക്കാൻ ദേശീയ, സംസ്ഥാന നേതാക്കൾ ഇവിടെ തമ്പടിച്ചാണു തന്ത്രങ്ങൾ മെനയുന്നത്. കഠ്‍‌വ പീഡനം മുതൽ ത്രിപുരയും കർണാടകയും കേന്ദ്ര–സംസ്ഥാന സർക്കാരുകളും വികസനവും എല്ലാം ഇവിടെ പൊടിപാറിച്ചു. എൽഡിഎഫും യുഡിഎഫും എൻഡിഎയും കടുപ്പമേറിയ അസ്ത്രങ്ങൾ പുറത്തെടുക്കുമ്പോൾ വരും മണിക്കൂറികളിലും തീ പാറും.

സംസ്ഥാന ഭരണത്തെ സ്വാധീനിക്കില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികയാകും ചെങ്ങന്നൂരിലെ ഫലം. 10,708 വോട്ടര്‍മാര്‍ കൂടി ചേര്‍ന്നതോടെ ചെങ്ങന്നൂരിലെ മൊത്തം സമ്മതിദായകരുടെ എണ്ണം 1,99,340. ഇതിൽ പുരുഷന്മാർ– 92,919; സ്ത്രീകൾ– 1,06,421; കന്നിവോട്ടർമാർ 5039. തിരഞ്ഞെടുപ്പുഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന 30-39 വയസ്സുള്ളവരും 40-49 വയസ്സുള്ളവരും 32.84 ശതമാനമുണ്ട്. 20-29 ഗ്രൂപ്പിൽ 34,070 വോട്ടര്‍മാർ. 26നു പരസ്യ പ്രചാരണത്തിനു തിരശ്ശീല വീഴും. 28ന് വോട്ടെടുപ്പ്, 31നു ഫലം. ജനവിധി തേടുന്നത് 17 സ്ഥാനാര്‍ഥികൾ.

∙ ആരുടെ കയ്യിലുണ്ട് 1000 കോടി ?

സാംസ്കാരികമായി ഔന്നത്യമുള്ള ചെങ്ങന്നൂരിനു വികസന പന്ഥാവിലേക്കു പറന്നുയരാൻ 1000 കോടി നൽകാമെന്നാണ് ഇടതുപക്ഷത്തിന്റെ മോഹനവാഗ്ദാനം. ചെങ്ങന്നൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ഉറപ്പുവരുത്താനും വിനോദസഞ്ചാരം, കൃഷി, വ്യവസായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്താനുമാണു പദ്ധതിയെന്നു എൽഡിഎഫ്. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് ഇടതുഭരണമാണ്. സർക്കാർ ഫണ്ട് ഒഴുകിയെത്താൻ എൽഡിഎഫ് ജയിക്കണമെന്ന് ഓർമപ്പെടുത്തൽ. വികസനത്തുടർച്ചയ്ക്കു വോട്ടു തേടുകയാണു സജി ചെറിയാൻ.

ldf-campaign-troll ട്രോളുകള്‍ ഉപയോഗിച്ച് എൽഡിഎഫ് നടത്തുന്ന പ്രചരണം

കെ.കെ.രാമചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച 750 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു പറയുന്നു എൽഡിഎഫ്, കുറഞ്ഞത് 1000 കോടി രൂപയെങ്കിലും ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടികളാണു നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നു വാക്കുതരുന്നു. ജലടൂറിസം, മാന്നാര്‍ പൈതൃകഗ്രാമം, ആറന്‍മുള പൈതൃകഗ്രാമം, വരട്ടാര്‍ ജൈവവൈവിധ്യ ഉദ്യാനം എന്നിവയെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട്, പുരയിട കൃഷിയെയും അപ്പര്‍ കുട്ടനാട് മേഖലയെയും ബന്ധിപ്പിക്കുന്ന ഫാം ടൂറിസം, പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും ഉള്‍പ്പെടുത്തി തീര്‍ഥാടന ടൂറിസം, മാലിന്യസംസ്‌കരണത്തിനു പ്രത്യേക പദ്ധതി, സമ്പൂര്‍ണ വിശപ്പുരഹിതമണ്ഡലം, വ്യവസായ, ഐടി, കാര്‍ഷിക പാര്‍ക്കുകള്‍ തുടങ്ങിയവയാണ് ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നത്.

ps-sreedharan-pillai എൻഡിഎ സ്ഥാനാർഥി അഡ്വ. പി.എസ്.ശ്രീധരൻപിള്ള.

സജി ചെറിയാന്റെ സാന്ത്വന ചികില്‍സാ പ്രവര്‍ത്തനങ്ങളും ജൈവകൃഷി, നദീ സംയോജന പദ്ധതികളും കൂടി ചേരുന്നതോടെ ചിത്രം പൂർത്തിയാകും. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഈഴവ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കും വോട്ടുബാങ്കുണ്ട്. ഈ വിഭാഗങ്ങളിലെ വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കുകയും അത‌ു സിപിഎമ്മിനു ലഭിക്കുകയും ചെയ്താല്‍ വിജയിക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടിയുടെ വിശ്വാസം.

d-vijayakumar യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ.

ത്രിപുരയിലും കര്‍ണാടകത്തിലും നേടിയ വിജയം ചെങ്ങന്നൂരിലും തുടരാമെന്നാണു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പ്രതീക്ഷ. വര്‍ഗീയ, ജാതിക്കാര്‍ഡുകൾ ഇറക്കിയാണു കോണ്‍ഗ്രസും സിപിഎമ്മും പ്രചാരണം നടത്തുന്നതെന്നും ഇതുതള്ളിക്കളഞ്ഞു ചെങ്ങന്നൂരുകാര്‍ വികസനത്തിനു വോട്ടിടുമെന്നും എൻഡിഎ നേതാക്കൾ പറയുന്നു. ബൂത്തു തലം മുതല്‍ ചിട്ടയോടെയാണു പ്രചാരണം. ത്രിപുരയിൽ പൂജ്യത്തിൽനിന്ന് 36 സീറ്റു നേടി ഭരണം നേടിയതും കര്‍ണാടകയിൽ 40ല്‍ നിന്ന് 104 സീറ്റു നേടി വലിയ ഒറ്റകക്ഷിയായതും ഊർജമാകുമെന്നാണു കണക്കുകൂട്ടൽ.

oommen-chandy-chengannur മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെങ്ങന്നൂരിൽ.

2016ല്‍ മുന്നണിക്കു ലഭിച്ചത് 29.33 ശതമാനം വോട്ടാണ്. പത്തു ശതമാനത്തിലേറെ വോട്ടുകള്‍ കൂടി നേടാനായാല്‍ ചരിത്രം മാറും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 154 ബൂത്തുകളില്‍ 76 എണ്ണത്തില്‍ എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ എൻഡിഎയ്ക്ക് 44 ബൂത്തില്‍ ലീഡുണ്ടായിരുന്നു. 34 ഇടത്തു മാത്രമായിരുന്നു യുഡിഎഫ് മുന്നിൽ. കണക്കുകളെ വിശ്വസിച്ചു കണിശമായാണു പ്രവർത്തനം. ആർഎസ്എസിന്റെ സഹായവുമുണ്ട്. എല്ലാവര്‍ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജപിയുടെ നയവും മുദ്രാവാക്യവുമെന്നു സ്ഥാനാർഥി അഡ്വ. പി.എസ്.ശ്രീധരൻപിള്ള പറയുന്നു.

saji-cheriyan-election എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണ് ഏറെക്കാലമായി ചെങ്ങന്നൂർ. പരമ്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളില്‍ വലിയൊരു ഭാഗം ബിജെപിയിലേക്കു പോയെന്നു നേതൃത്വം സമ്മതിക്കുന്നു. ഈ വോട്ടുകള്‍ തിരികെ വരികയും മറ്റു സമുദായ വോട്ടുകൾ ഉൾപ്പെടെ കഴിഞ്ഞതവണ കിട്ടിയതു നിലനിര്‍ത്തുകയും െചയ്താല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണു യുഡിഎഫ് ക്യാംപ് കരുതുന്നത്. ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ സ്ഥാനാർഥി ഡി.വിജയകുമാറിനുള്ള സ്വാധീനത്തോടൊപ്പം കേരള കോൺ‌ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയും യുഡിഎഫിൽ ആവേശം നിറയ്ക്കുന്നു.

∙ മാണി വരാതിരുന്നത് ഇടതിന് നേട്ടമോ ?

ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കു പാലമിട്ടു. മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും പിന്തുണ നൽകാനാണു തീരുമാനം. മലപ്പുറത്തും വേങ്ങരയിലും മുസ്‌ലിം ലീഗിനാണു പിന്തുണയെന്നായിരുന്നു നിലപാട്. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകൾ അടച്ച്, യുഡിഎഫിലേക്കു തന്നെയെന്ന ശക്തമായ സൂചനയാണു കെ.എം.മാണി നൽകുന്നത്.

kodiyeri-at-chengannur സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചെങ്ങന്നൂരിൽ.

മാണിയുടെയും പാർട്ടിയുടെയും തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ ഇടതുപക്ഷത്തിനു നേട്ടമാണെന്നു വാദിക്കുന്നവരുണ്ട്. കേരള കോൺഗ്രസിനെ എൽ‍ഡിഎഫിലെടുക്കുന്നതിനെ സിപിഎമ്മിലെ യച്ചൂരിപക്ഷവും സിപിഐയും പരസ്യമായി എതിർത്തിരുന്നു. മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യാനിരിക്കേ, കേരള കോൺഗ്രസ് തീരുമാനമെടുത്തതിനാൽ ഇനി എന്തു ചെയ്യാനാകുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കൈമലർത്തുന്നു. കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതകരമായി ഒന്നുമില്ലെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയും പറഞ്ഞതോടെ മാണിയുടെ മുന്നിലെ ഇടതുവാതിലുകൾ അടയുകയാണ്.

ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന്റെ പിന്തുണയില്ലാതെയുള്ള സ്ഥിതി സിപിഎമ്മിന് അത്ര അനുകൂലമല്ലെന്നും കെ.എം.മാണി എൽ‍ഡിഎഫിലേക്കു വരുന്നതു ക്രൈസ്തവ മേഖലകളിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നുമാണു കാരാട്ട്പക്ഷം വാദിച്ചത്. എന്നാൽ‍, ഇടത്–ന്യൂനപക്ഷ വോട്ടുകൾ ഒരുമിക്കുന്നതു ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകോപിപ്പിക്കാൻ ബിജെപിയെ സഹായിക്കുമെന്നു യച്ചൂരിപക്ഷം പറയുന്നു. കെ.കെ.രാമചന്ദ്രന്‍ നായര്‍ ജയിച്ചതു കെ.എം.മാണി പിന്തുണച്ചിട്ടാണോയെന്നും നേതാക്കൾ ചോദിക്കുന്നു. ബാർ കോഴക്കേസിൽപ്പെട്ടു പ്രതിഛായ നഷ്ടപ്പെട്ട നേതാവിനെയും പാർട്ടിയെയും മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനെ വലിയൊരു വിഭാഗം പ്രവർത്തകരും എതിർത്തിരുന്നു. ‌കേരള കോൺഗ്രസ് പ്രവർത്തകരിൽ വലിയൊരു വിഭാഗം എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നാണു സിപിഎം കരുതുന്നത്.

∙ വെള്ളാപ്പള്ളിയുടെ പിന്തുണ ആർക്ക് ?

ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം.മാണിയുടെ നിലപാടു ലജ്ജാകരമെന്ന അഭിപ്രായവുമായി എസ്എൻഡിപി യോഗം ജനറൽ ‌സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ബിജെപിയുമായി ബിഡിജെഎസ് ഉടക്കിനിൽക്കുന്ന പശ്ചാത്തലത്തിൽ എസ്എൻഡിപിയുടെ നിലപാടിനു പ്രധാന്യമുണ്ട്. ഇങ്ങോട്ടു സഹായിക്കുന്നവരെ ചെങ്ങന്നൂരിൽ എസ്എൻഡിപി തിരിച്ചു സഹായിക്കുമെന്നാണു വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതരായി യോഗത്തെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സ്ഥാനാർഥിയെ തിരിച്ചറിഞ്ഞു സഹായിക്കുന്നതിന് മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകൾക്കു അദ്ദേഹം നിർദേശം നൽകി.

ബിഡിജെഎസ് ഇതുവരെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കർണാടക തിരഞ്ഞെടുപ്പിനു ശേഷം ബിജെപി കേന്ദ്രനേതൃത്വം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നായിരുന്നു പാർട്ടി പ്രതീക്ഷ. കർണാടക  കലങ്ങിമറിഞ്ഞതോടെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ നിലപാട് ഇടതുപക്ഷത്തിന് സഹായകരമാകുമെന്നാണു നേതാക്കളുടെ വിലയിരുത്തൽ. മാണിയുടെ തീരുമാനത്തെ തള്ളിക്കളഞ്ഞതിലൂടെ തനിക്കു യുഡിഎഫിനോടു ചായ്‍വില്ലെന്നും വെള്ളാപ്പള്ളി സൂചന നൽകുന്നു.

∙ തോറ്റാലും ജയിച്ചാലും ഇവർ പ്രിയർ

എങ്ങനെയൊക്കെ നാടിളക്കിമറിച്ചാലും 31ന് ഫലം വരുമ്പോൾ ഒരാളേ ഒന്നാമനാകൂ. അത് മൂന്നു മുന്നണികൾക്കും അറിയാം. പ്രചാരണത്തിനു ലഭിച്ച ദീർഘകാലം ജനങ്ങളുമായും തമ്മിൽത്തമ്മിലും നല്ല സൗഹൃദമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്നു സ്ഥാനാർഥികൾ പറയുന്നു.

chenganuur-drawing

സ്ഥാനാർഥികളുടെ കൂട്ടത്തിലെ ഉയരക്കാരനാണു യുഡിഎഫിന്റെ ഡി.വിജയകുമാർ. ഏത് ആൾക്കൂട്ടത്തിനിടയിലും വിജയകുമാറിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. ഉയരക്കൂടുതൽ കാരണം വിജയകുമാറിന്റെ നടപ്പിനും വേഗക്കൂടുതലുണ്ട്. സൂപ്പർതാരത്തെ പോലെ ഇടത്തേ തോൾ അൽപം ചരിച്ചാണു നടപ്പ്. നടന്നുനീങ്ങുന്ന വഴിയിൽ ഒരു നാട്ടുകാരനെ കണ്ടാൽ വോട്ടുചോദിക്കുകയല്ല ആദ്യം ചെയ്യുക. കൈകൾ കൊണ്ട് ചേർത്തു കെട്ടിപ്പിടിച്ചു സൗഹൃദം പങ്കുവെയ്ക്കുകയാണ്. ഇതു പ്രചാരണശൈലിയുടെ ഭാഗമായുള്ളതല്ല. ഓർമവെച്ച കാലം മുതൽ ഇതാണു പതിവെന്നു നാട്ടുകാർ പറയുന്നു. 

ആൾക്കൂട്ടത്തെ നയിച്ചുനീങ്ങുന്ന നേതാവിനെപ്പോലെയാണ് എൽഡിഎഫിന്റെ സജി ചെറിയാൻ. കൂടെ എപ്പോഴും സഹപ്രവർത്തകരും അനുയായികളുമടങ്ങുന്ന സംഘമുണ്ടാകും. ചുരുങ്ങിയ സമയം കൊണ്ട് ഓടിനടന്നു നാട്ടുകാരെ കണ്ടുസംസാരിക്കാനാണു ശ്രമം. ആദ്യം കാണുന്ന ആളോടു ചിരിക്കും. തുടർന്ന് അടുത്തുനിൽക്കുന്ന ആളോടു ചിരിക്കുമ്പോൾ ആദ്യം കാണുന്ന ആളിന് ഹസ്തദാനം നൽകും. നടന്നുപോവുന്നവഴിയിൽ ഇരുവശത്തുമുള്ളവർക്കു വലത്തേ കൈകൊണ്ട് അഭിവാദ്യങ്ങൾ. ഇടത്തെ കൈകൊണ്ട് മുണ്ടിന്റെ ഒരറ്റം പിടിച്ചാണു നടപ്പ്. മുതിർന്നവരെ കണ്ടാൽ കൂപ്പുകൈ. പരിചയക്കാരെ കണ്ടാൽ തോളത്തുതട്ടി വിശേഷം ചോദിക്കൽ. സുഹൃത്തുക്കളെ കണ്ടാൽ അൽപം കുസൃതിയോടെ മുഖത്തൊരു നുള്ള്.

നാട്ടുകാരെ പേരെടുത്തു വിളിച്ചു പരിചയം പുതുക്കിയാണ് എൻഡിഎയുടെ പി.എസ്.ശ്രീധരൻപിള്ളയും മുന്നോട്ടുപോവുന്നത്. ഓരോ സ്ഥലത്തും അൽപസമയം നിന്നു വിശേഷങ്ങൾ ചോദിക്കുന്നതാണു ശൈലി. ആവശ്യത്തിനു സമയമുണ്ട്, എല്ലാവരെയും നേരിട്ടുകാണാം എന്ന ആത്മവിശ്വാസം മുഖത്ത്. സംസാരത്തിനിടയ്ക്കു പൊട്ടിച്ചിരി. തനിക്കു വോട്ടുചെയ്യണേ എന്ന് ആരോടും പറയുന്നില്ല, പകരം സ്ഥാനാർഥിയാണെന്ന ഓർമപ്പെടുത്തൽ മാത്രം.

സ്ഥാനാർഥികളെ പോലെ അവരുടെ ‘ശബ്ദമായി’ നാട്ടിൽ മുഴങ്ങിയ വേറെയും ചിലരുണ്ട്. ‘പുന്നപ്രയിലെയും വയലാറിലെയും ചെഞ്ചോരച്ചെമ്മണ്ണിൽ ചെമ്പൂക്കൾ വിരിയിച്ച ഒരു നൂറായിരം രക്തസാക്ഷികൾ ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്കുയർത്തിപ്പിടിച്ച ചോരച്ചെങ്കൊടി...’– സജി ചെറിയാനു വേണ്ടി മൈക്ക് കയ്യിലെടുത്താൽ കൊടയാട്ടുകരക്കാരൻ വി.വിനോദിന്റെ ശബ്ദത്തിന് ഇടിമുഴക്കം. ‘ഒരോ മണൽത്തരിക്കും പരിചിതനായ വികസന നായകൻ, ആത്മാർഥ സേവനത്തിന്റെ, അർപ്പണബോധത്തിന്റെ, എളിമയുടെ പ്രതീകമായ...’– ഡി.വിജയകുമാറിനായി വായ്ത്താരി ചൊരിയുമ്പോൾ കനക്കുന്നു ചെറിയനാട് കൊല്ലകടവ് സ്വദേശി ഷൗക്കത്ത് അലിയുടെ ശബ്ദം. ‘അനിതര സാധാരണമായ സർഗവൈഭവം കൊണ്ട് അനുവാചകരെ അദ്ഭുതപ്പെടുത്തുന്ന അനർഗള വാഗ്ധോരണിയുമായു ജനമനസ്സുകളെ തൊട്ടുണർത്തിയ...’– പി.എസ്.ശ്രീധരൻ പിള്ളയ്ക്കായി ബുധനൂർ സ്വദേശി സുനി ഗ്രാമവും നെഞ്ചുപൊട്ടിയാണ് അനൗൺസ്മെന്റ് നടത്തുന്നത്.

vs-chengannur വി.എസ്.അച്യുതാനന്ദൻ ചെങ്ങന്നൂരിൽ.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുക്കാൻപിടിച്ച കൺവീനർമാർക്കു വോട്ടുപെട്ടി പൊട്ടിച്ചെണ്ണും വരെ ഉള്ളിൽ തീയാണ്. എബി കുര്യാക്കോസ് ആണ് യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപ്പണിക്കർ എൽഡിഎഫിനും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ എൻഡിഎയ്ക്കു വേണ്ടിയും തന്ത്രങ്ങൾ മെനയുന്നു.