Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിനു പകരക്കാരൻ: ഘടകകക്ഷികള്‍ക്കു സ്വീകാര്യതയുള്ളയാള്‍ തലപ്പത്തേക്ക്‌

Kummanam-Rajasekharan

തിരുവനന്തപുരം∙ മിസോറാം ഗവർണറായി നിയമിതനായ കുമ്മനം രാജശേഖരനു പകരം ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. നേമത്ത് ഒരു നിയമസഭാ സീറ്റ് നേടിയതിലുപരി തങ്ങൾ ഉദ്ദേശിച്ച തിരഞ്ഞെടുപ്പുനേട്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കാൻ മാറിമാറി വന്ന സംസ്ഥാന നേതൃത്വങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിലാണു കേന്ദ്ര നേതൃത്വം. അതുകൊണ്ടുതന്നെ മികച്ച പ്രതിച്ഛായയും അണികൾക്കും എൻഡിഎ ഘടകകക്ഷികൾക്കുമിടയിൽ സ്വീകാര്യതയുമുള്ള ആളെ ആയിരിക്കും നേതൃചുമതല ഏൽപിക്കുക.

സംസ്ഥാനത്തു പ്രവർത്തിക്കുന്ന നേതാക്കളെ പരിഗണിച്ചാൽ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.എസ്.ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ് എന്നിവർക്കും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രൻ എന്നിവർക്കും സാധ്യതയുണ്ട്. സംസ്ഥാനത്തു പ്രവർത്തിക്കുന്ന നേതാക്കളെ പ്രസിഡന്റ് സ്ഥാനത്തേക്കു നിയോഗിച്ചാൽ പ്രയോജനമുണ്ടാവില്ലെന്നു കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കോഓർഡിനേറ്റർ ജെ.നന്ദകുമാർ, സ്വദേശി ശാസ്ത്ര പ്രസ്ഥാനം നേതാവ് കെ.ജയകുമാർ, മധ്യപ്രദേശിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അരവിന്ദ മേനോൻ എന്നിവർക്കാണു സാധ്യത.

ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി നിർദേശപ്രകാരം അദ്ദേഹം മൽസരരംഗത്തിറങ്ങുകയായിരുന്നു. എം.ടി.രമേശിന്റെ പേര് വർക്കല മെഡിക്കൽ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. കടുത്ത നിലപാടുകളുമായി പാർട്ടിയുടെ മാധ്യമമുഖമായി മാറിയ സുരേന്ദ്രനു യുവ പാർട്ടി പ്രവർത്തകർക്കിടയിൽ ഗണ്യമായ സ്വാധീനമുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ സുരേന്ദ്രനു വിജയം നഷ്ടപ്പെട്ടതു കപ്പിനും ചുണ്ടിനുമിടയ്ക്കാണ്.

സംസ്ഥാന ഘടകത്തിലെ വിഭാഗീയത ഇല്ലാതാക്കാൻ അഖിലേന്ത്യാ നേതൃത്വം ഏറെക്കാലമായി നടത്തുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് ആക്കിയതു തന്നെ ഈ ലക്ഷ്യം വച്ചാണ്. എന്നാൽ, ആ നീക്കം പാളിയതിന്റെ പരിണതഫലമാണു കുമ്മനത്തിന്റെ പുതിയ സ്ഥാനലബ്ധി. കുമ്മനത്തെ ഗവർണറാക്കുമെന്ന സൂചന പോലും കേരളത്തിലെ പാർട്ടി നേതൃത്വത്തിനു ലഭിച്ചിരുന്നില്ല. പ്രത്യേകിച്ചും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മൂന്നു ദിവസം മുൻപ്. കുമ്മനത്തിന്റെ സ്ഥാനമാറ്റത്തോടെ ബിജെപി കേരള ഘടകത്തിലെ അഴിച്ചുപണി അവസാനിക്കാൻ സാധ്യതയില്ല.

ജൂണിൽ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്. അതിനു പിന്നാലെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർബന്ധമായും കേരളത്തിൽ നിന്ന് ഒരു ബിജെപി എംപി ഉണ്ടായിരിക്കണമെന്നതാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്ന സന്ദേശം. അതു സാധ്യമാക്കുന്ന തരത്തിലായിരിക്കും സംഘടനാ തലത്തിലെ അഴിച്ചുപണി.