Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്റാന തോൽവി: യോഗിക്കെതിരെ കവിതയുമായി ബിജെപി എംഎൽഎ

yogi-adityanath യോഗി ആദിത്യനാഥ്

ലക്നൗ ∙ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ബിജെപിക്കുള്ളിൽ കടുത്ത വിമർശനം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കവിതയിലൂടെയാണു ബിജെപി എംഎൽഎ യോഗിക്കെതിരെ വിമർശനം തൊടുത്തത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന കയ്റാന ലോക്സഭാ മണ്ഡലം, നൂർപുർ നിയമസഭാമണ്ഡലം എന്നിവ കഴിഞ്ഞദിവസം പാർട്ടിക്കു നഷ്ടമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വശ്യതയിൽ ഉത്തർപ്രദേശിൽ പുരോഹിതനായ രാഷ്ട്രീയക്കാരൻ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹം അവസരങ്ങൾ കളഞ്ഞുകുളിക്കുകയാണ്– ആക്ഷേപഹാസ്യ കവിതയിൽ ശ്യാം പ്രകാശ് എംഎൽഎ അഭിപ്രായപ്പെട്ടു. ‘അതെന്റെ അഭിപ്രായമാണ്. അഴിമതി വ്യാപകമായതാണ് തോൽവിക്കു പ്രധാന കാരണം. ജനം അവരുടെ മനസ്സനുസരിച്ചു പ്രവർത്തിച്ചു. മുഖ്യമന്ത്രി കഠിനാധ്വാനം ചെയ്ത് ഈ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണം’– ശ്യാം പ്രകാശ് വിശദീകരിച്ചു.

യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം നടന്ന നാലു പ്രധാന ഉപതിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു. യോഗിയുടെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പുരിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുൽപുരിലെയും ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ചൂടാറും മുൻപേയാണു കയ്റാനയിലെയും നൂർപുരിലെയും പരാജയം. 

കയ്റാനയിൽ ബിജെപിയുടെ മൃഗാങ്ക സിങ്ങിനെ എസ്പി–ബിഎസ്പി–കോൺഗ്രസ് പിന്തുണയോടെ ആർഎൽഡിയുടെ തബസും ഹസൻ 44,618 വോട്ടിനാണു തോൽപിച്ചത്. 2014ൽ ബിജെപി സ്ഥാനാർഥി 2.36 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. നൂർപുരിൽ എസ്പിയുടെ നയിമുൽ ഹസനാണ് വിജയം നേടിയത്. ആർഎൽഡി, ബിഎസ്പി, കോൺഗ്രസ് എന്നിവരുടെ പിന്തുണ നയിമുലിനായിരുന്നു.