Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചോരുന്ന’ പരശു: റയിൽവേ കാണുന്നില്ല; എംപിമാരെങ്കിലും..?

train1 പരശുറാമിലെ കോച്ചിന്റെ തറയിൽ വെള്ളം കെട്ടിക്കിടക്കുന്നു. ചിത്രങ്ങൾ: വിനോദ് വടക്കേടത്ത്

കൊച്ചി ∙ പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർ കുട കൂടി കൈയിൽ കരുതണമെന്ന അറിയിപ്പ് റെയിൽവേ നൽകണമെന്നു യാത്രക്കാർ. ഇന്ന് രാവിലെ നാഗർകോവിലിൽനിന്നു മംഗളൂരുവിലേക്കു പുറപ്പെട്ട പരശുറാം എക്സ്പ്രസിന്റെ ജനറൽ കൊച്ചുകളിലൊന്നിലാണ് ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്നു രണ്ടിടത്തായി വെള്ളം നൂലു പോലെ കോച്ചിനുള്ളിലേക്കു വീഴുന്നുണ്ട്. പാൻട്രി കാറിനു മുന്നിലായി മൂന്നാമത്തെ കോച്ചിലാണു ‘വെള്ളച്ചാട്ടം’. 1995 ൽ നിർമിച്ച, 23 വർഷം പഴക്കമുള്ള കോച്ചാണിത്. 2008ൽ ഇടക്കാല അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നു കോച്ചിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടക്കാല അറ്റകുറ്റപ്പണി (മിഡ് ടേം റിഹാബിലിറ്റേഷൻ) നടത്തിയ കോച്ചുകൾ പിന്നീട് 12 വർഷം കൂടിയാണു സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത്. 2020 വരെ ആയുസ്സ് ഉണ്ടെന്നു പറഞ്ഞാണ് പഴകി ദ്രവിച്ചു കണ്ടം ചെയ്യാറായ ഈ കോച്ച് കേരളത്തിനു തെക്ക് വടക്ക് ഒാടിക്കുന്നത്. 

പാലക്കാട് ഡിവിഷന്റെ ട്രെയിനാണു പരശുറാം. പഴകിയ കോച്ചുകളാണു കേരളത്തിനു ലഭിക്കുന്നതെന്നു പരാതിയുണ്ടെങ്കിലും എംപിമാർ ഈ വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നില്ല. ബജറ്റിന്റെ സമയത്തു മാത്രം കേരളത്തെ അവഗണിച്ചുവെന്നു പറഞ്ഞു ബഹളം കൂട്ടുന്നതല്ലാതെ റെയിൽവേയുടെ മറ്റ് കാര്യങ്ങളിലൊന്നും എംപിമാർ ശ്രദ്ധ ചെലുത്താത്തതാണ് ഇത്രയും ദയനീയമായ സ്ഥിതിക്കു കാരണമെന്നു ട്രെയിൻ യാത്രക്കാർ പറയുന്നു.

തങ്ങൾക്കു ലഭിക്കുന്ന കോച്ചുകൾ മോശമായതിനാൽ എത്ര തേച്ചു മിനുക്കിയാലും ഇതിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നു റെയിൽവേ ഉദ്യോഗസ്ഥരും കൈമലർത്തുന്നു. 

train2 പരശുറാമിലെ കോച്ചിന്റെ ചോരുന്ന മേൽക്കൂര.

ന്യൂഡൽഹി –തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ കോച്ച്  ഒാട്ടത്തിനിടയിൽ തകർന്നത് കഴിഞ്ഞ മാസമാണ്. കോച്ച് തകർന്നു നാണക്കേടായതോടെ പുതിയ കോച്ചുകൾ നൽകാൻ ധാരണയായിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ കേരളയുടെ കോച്ചുകൾ പൂർണമായും മാറ്റി നൽകുമെന്നാണു വാഗ്ദാനം. കേരളത്തിനു പുതിയ കോച്ചുകൾ ലഭിക്കണമെങ്കിൽ കാലപ്പഴക്കം മൂലം കോച്ച് തകരുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി. മെമു റേക്കുകളായാലും ഇതാണ് സ്ഥിതി. ദക്ഷിണ റെയിൽവേ അധികൃതർ കിട്ടുന്ന പുതിയ കോച്ചുകളെല്ലാം ചെന്നൈയിൽ എടുക്കുകയാണെന്നാണു പ്രധാന ആക്ഷേപം. മെമു റേക്ക് പുതിയ രണ്ടെണ്ണം ചെന്നൈയിൽ ആവഡിയിൽ എത്തിയെങ്കിലും ഇതുവരെ കേരളത്തിലെ ഡിവിഷനുകൾക്കു കൈമാറിയിട്ടില്ല. ഒരു മെമു ട്രെയിൻ കൂടി ലഭിച്ചാൽ തിരുവനന്തപുരം ഡിവിഷനിലെ മെമു സർവീസുകൾ പ്രതിദിനമാക്കാൻ കഴിയും. ഡിവിഷനുകൾക്കു ഇത് ചോദിച്ചു വാങ്ങാൻ കഴിവില്ല. 

കുറച്ചു മാസങ്ങൾക്കു മുൻപു  കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കൊച്ചിയിൽ  വിളിച്ചു ചേർത്ത റെയിൽവേ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ റെയിൽവേ ബോർഡ് അഡീഷണൽ മെമ്പർ (വർക്സ്) കേരളത്തിലെ ട്രെയിനുകളിലെ കോച്ചുകൾ കണ്ടു ഞെട്ടിയിരുന്നു, ഇത്രയും മോശമായ കോച്ചുകളാണ് ഇവിടെ ഒാടുന്നതെന്നു തങ്ങൾക്കറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡൽഹിയിൽ എത്തിയ ശേഷം ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം കണ്ണന്താനത്തിനു ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. കേന്ദ്രമന്ത്രിയുൾപ്പെടെ പിന്നീട് ആരും അതേക്കുറിച്ച്  അന്വേഷിച്ചില്ല. ബോർഡ് ഉന്നതന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി.