Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വെടിനിർത്തൽ അംഗീകരിക്കും; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും പ്രതിരോധമന്ത്രി

nirmala-sitharaman നിർമല സീതാരാമൻ

ന്യൂഡൽഹി∙ റമസാൻ പ്രമാണിച്ച് കശ്മീരിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ, പ്രകോപനമില്ലാതെ സൈന്യത്തിനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും അവർ വ്യക്തമാക്കി. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞയാഴ്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) വെടിനിർത്തൽ കരാർ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മാത്രമല്ല, വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അവർ മറുപടി നൽകി.

റഷ്യയുമായുള്ള എസ് 400 മിസൈൽ ഇടപാട് അന്തിമ ഘട്ടത്തിലാണ്. റഷ്യയുമായി ഇടപാടു നടത്തുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ചുമത്തുമെന്ന യുഎസ് നിലപാട് അംഗീകരിക്കില്ല. റഷ്യ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ്. ഇടപാടുകൾ തുടരും. ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

റഫാൽ യുദ്ധ വിമാന ഇടപാടിൽ അഴിമതിയില്ല. പ്രതിരോധ മന്ത്രാലയവും കേന്ദ്ര സർക്കാരും കഴിഞ്ഞ നാലു വർഷമായി അഴിമതി മുക്തം.

സേനയ്ക്കായി ഏറ്റവുമധികം പണം ചെലവഴിച്ച സർക്കാരാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആയുധക്ഷാമം നേരിട്ടത്. നിലവിൽ, ഇന്ത്യൻ സേനകൾ ആയുധബലത്തിൽ പൂർണ സജ്ജം.

ദോക് ലാ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായുള്ള ബന്ധത്തിൽ‌, മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നു. പ്രധാനമന്ത്രി അവിടം സന്ദർശിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?, അവർ ചോദിച്ചു.