Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരനു വെടിയേൽക്കുമ്പോൾ തൊട്ടടുത്ത് യോഗിയുടെ പരിപാടി: പൊലീസിനെതിരെ കഫീൽ ഖാൻ

kafeel-khan-brother വെടിയേറ്റ കാസിഫ് ആശുപത്രിയിൽ(ഇടത്) ഡോ. കഫീൽ ഖാൻ (വലത്)

ലക്നൗ∙ സഹോദരനു നേരെ വധശ്രമമുണ്ടായിട്ടും പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് ഡോ.കഫീല്‍ ഖാൻ. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ സഹായമെത്തിച്ചിട്ടും അറസ്റ്റിലായ കഫീൽ ഖാനു വേണ്ടി ഒട്ടേറെ പേർ ശബ്ദമുയർത്തിയിരുന്നു.

Read In English

തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്നും കഫീൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇളയ സഹോദരൻ കാസിഫ് ജമീലിനു നേരെ വധശ്രമമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ രണ്ടു പേര്‍ കാസിഫിനു നേരെ വെടിയുതിർക്കുകയായിരുന്നു.

പരുക്കേറ്റ ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. രാത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഒരു ചടങ്ങ് സമീപത്തെ ക്ഷേത്രത്തിൽ നടന്നിരുന്നു. പത്തരയോടെയായിരുന്നു അത്. ഈ ക്ഷേത്രത്തിൽനിന്ന് അരക്കിലോമീറ്റർ ദൂരെ വച്ചാണു കാസിഫിനു നേരെ വെടിവയ്പുണ്ടായത്. രാത്രി പതിനൊന്നോടെയായിരുന്നു അക്രമം. സംഭവത്തിനു ശേഷം അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.

Read: ഗോരഖ്പുരിൽ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി പിടഞ്ഞ ആ രാത്രി

‘സഹോദരനു ശത്രുക്കളാരും തന്നെയില്ല. എന്റെ സഹോദരനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തിനു നേരെ വെടിവയ്പുണ്ടായത്. അദ്ഭുതപ്പെടുത്തുന്നത് ഇതൊന്നുമല്ല. സംഭവം നടക്കുന്നതിന് ഏതാനും മീറ്റർ ദൂരെയാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ടായത്. അതിനോടനുബന്ധിച്ചുള്ള സുരക്ഷാ ഉദ്യോസ്ഥർ പോലും കാണാതെയാണു രണ്ടു പേർ തോക്കുമായെത്തിയതും വെടിവച്ചതും’– കഫീൽ ഖാൻ പറഞ്ഞു.

ഒരു പൊലീസുകാരൻ പോലും കാസിഫിനെ സഹായിക്കാനെത്തിയില്ല. ഒരു ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മൂന്നു റൗണ്ട് വെടിയുതിർത്തു അക്രമികൾ. ഒരു വെടിയുണ്ട കഴുത്തിൽ തട്ടിപ്പോയി. മറ്റൊന്ന് ഇടതു ചുമലിനു പരുക്കേൽപ്പിച്ചു. മൂന്നാമത്തേതു ദേഹത്തു കയറി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ശസ്ത്രക്രിയ നടത്തി ഈ വെടിയുണ്ട നീക്കി. അപ്പോഴൊന്നും പൊലീസിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും കഫീൽ ഖാൻ പറയുന്നു. അതേസമയം വെടിവയ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു കോട്‌വാലി പൊലീസ് പറഞ്ഞു. 

ഗോരഖ്പുർ വിവാദത്തിൽ അറസ്റ്റിലായ കഫീലിന്റെ തടവറ ജീവിതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ഇടപെടൽ നടത്തി നരകതുല്യമാക്കിയെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റുള്ളവർക്കു ജാമ്യം ലഭ്യമായിട്ടും കഫീലിനെ മാത്രം പുറത്തുവിടാതിരുന്നതും വിവാദമായി. ജയിലിൽനിന്നു കഫീൽ എഴുതിയ കത്ത് വിവാദമായതിനെത്തുടർന്നാണ് അടുത്തിടെ ജാമ്യം ലഭിച്ചത്.