Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കല്‍ തീരത്തടിഞ്ഞത് നൂറുകണക്കിനു മൃതദേഹം; ട്രംപ്–കിം കൂടിക്കാഴ്ച ‘മരണ ദ്വീപിൽ’

Sentosa-Island-Main സെന്റോസ ഐലന്റ് (ചിത്രം: എഎഫ്പി)

എന്തുകൊണ്ടാണു സിംഗപ്പൂരിലെ സെന്റോസ ദ്വീപ് തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു തിരഞ്ഞെടുത്തതെന്ന ചോദ്യമാണ് ഏതാനും ദിവസങ്ങളായി പലരുടെയും മനസ്സിൽ. ‘സെന്റോസ’ എന്നാൽ ‘സമാധാനവും പ്രശാന്തിയും’ എന്നാണു മലയ് ഭാഷയിൽ അർഥം. എന്നാൽ സിംഗപ്പൂരിന്റെ തെക്കൻ തീരത്തുനിന്ന് അരക്കിലോമീറ്റർ മാത്രം ദൂരത്തു സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞൻ പ്രദേശം 1972 വരെ അറിയപ്പെട്ടിരുന്നത് ‘മരണത്തിന്റെ ദ്വീപ്’ എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അത്രയേറെ കൂട്ടക്കൊലകൾ നടന്നിട്ടുണ്ട് ദ്വീപിൽ.

Singapore Army സിംഗപ്പൂർ സൈന്യം (ഫയൽ ചിത്രം)

Read more at: യുദ്ധത്തിനും സമാധാനത്തിനും ഇടയിൽ

ജാപ്പനീസ് അധിനിവേശ കാലത്ത് യുദ്ധത്തടവുകാരെ പാർപ്പിച്ച ക്യാംപും ഇവിടെ പ്രവർത്തിച്ചിരുന്നു. 1942ൽ യുദ്ധ കാലത്തു ജപ്പാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയ ബ്രിട്ടിഷ്, ഓസ്ട്രേലിയൻ തടവുകാർക്കു വേണ്ടിയുള്ള തടവറകൾ സെന്റോസയിലായിരുന്നു. തടവുകാരെ മാത്രമല്ല സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ചൈനക്കാരെയും അന്നു സൈന്യം നോട്ടമിട്ടിരുന്നു.

തങ്ങളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതായി ആരോപിച്ച് ഒട്ടേറെ പേരെ ജാപ്പനീസ് സൈന്യം പിടികൂടി ദ്വീപിലെത്തിച്ചിട്ടുണ്ട്. അവിടെ നേരിടേണ്ടി വന്നതാകട്ടെ കൊടുംക്രൂരതയും. ഒരിക്കൽ ഒറ്റയടിക്കു 300 പേരെ കൊന്നൊടുക്കിയ ചരിത്രവുമുണ്ടു സെന്റോസ ദ്വീപിന്. പിറ്റേന്നു കടൽത്തീരത്ത് കൂട്ടത്തോടെയാണു ഈ മൃതദേഹങ്ങൾ വന്നടിഞ്ഞത്.

Capella Hotel കാപെല്ല ഹോട്ടൽ (ഉപഗ്രഹ ചിത്രം)

മുപ്പതു വർഷങ്ങള്‍ക്കപ്പുറം സെന്റോസയെ റിസോർട് ദ്വീപാക്കാൻ സിംഗപ്പൂർ സർക്കാർ തീരുമാനിച്ചപ്പോഴാണു ‘കുപ്രസിദ്ധമായ’ ആ പേരു മാറ്റിയത്. പിന്നീടു പ്രശാന്തിയുടെ ദ്വീപ് എന്നു പുനർനാമകരണം ചെയ്തു. സിംഗപ്പൂരിലെ 63 ദ്വീപുകളിലൊന്നാണു സെന്റോസ. ഏകദേശം 500 ഹെക്ടർ വരും വിസ്തീർണം.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിത്. ആഡംബര ഹോട്ടലുകൾ, സ്വകാര്യ കടലോരങ്ങൾ, ഗോൾഫ് ക്ലബ്ബുകൾ, അത്യാഡംബര വസതികൾ, ചൂതാട്ട കേന്ദ്രങ്ങൾ എന്നിവയുടെ കേന്ദ്രമെന്നു തന്നെ പറയാം. സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോയും റിസോർട്സ് വേൾഡ് കാസിനോയും ഇവിടെയാണ്. സിംഗപ്പൂരിലെ ധനികരുടെ കേന്ദ്രമാണ് സെന്റോസ. വില്ലകൾക്കു മാത്രം വില 200 കോടി രൂപയ്ക്ക് അടുത്തു വരും!

പച്ചപ്പും പഴമയും ഏറെ!

സെന്റോസയെ റിസോർട്ട് ഐലന്റാക്കിയപ്പോൾ പഴയകാലത്തെ പല കെട്ടിടങ്ങളും അതേപടി നിലനിർത്താൻ തീരുമാനിച്ചിരുന്നു. ബ്രിട്ടിഷ് കോളനിവാഴ്ചക്കാലത്തെ ആ കെട്ടിടങ്ങൾ കൂടി ഉൾപ്പെടുത്തിയാണു ട്രംപ്–കിം കൂടിക്കാഴ്ച നടക്കുന്ന അത്യാഡംബര കാപെല്ല ഹോട്ടലും നിർമിച്ചിരിക്കുന്നത്. ബ്രിട്ടിഷ് ആർക്കിടെക്ട് നോർമൻ ഫോസ്റ്ററാണു രൂപകൽപന. ഇന്തൊനീഷ്യൻ ഡിസൈനർ ജയ ഇബ്രാഹിമാണു കെട്ടിടത്തിന്റെ ഒരു ഭാഗം നിർമിച്ചത്.

Capella Hotel കാപെല്ല ഹോട്ടൽ വളപ്പിൽ നിന്നുള്ള കാഴ്ച.

ഹോട്ടലിലെ രണ്ടു കെട്ടിടങ്ങൾ നിർമിച്ചത് 1880കളിലാണ്– ദ്വീപിൽ ക്യാംപ് ചെയ്തിരുന്ന ബ്രിട്ടിഷ് സൈനിക ഓഫിസര്‍മാർക്കു വേണ്ടിയായിരുന്നു അത്. ബ്രിട്ടിഷ് പട്ടാളത്തിന്റെ ഭക്ഷണശാല ആയി പ്രവർത്തിച്ച കെട്ടിടങ്ങളും ഇവിടെയുണ്ട്. പച്ചപ്പിനാൽ സമ്പന്നമാണു സെന്റോസ ദ്വീപ്. സഞ്ചാരികൾക്കു കൗതുകമായി കാപെല്ല ഹോട്ടൽ വളപ്പിൽ മയിലുകളും നിത്യക്കാഴ്ചയാണ്.

Read: ചൈനക്കാർ കിമ്മിനെ കൊണ്ടുപോയി, ഉറുമ്പു പോലും കടക്കാത്ത സുരക്ഷ

ചർച്ചകൾക്കിടെ ട്രംപിനും കിമ്മിനും അൽപം വിനോദം വേണമെന്നു തോന്നിയാൽ ഗോൾഫ് കോഴ്സുകൾ തൊട്ടടുത്തു തന്നെയുണ്ട്. ട്രംപ് അറിയപ്പെടുന്ന ഗോൾഫർ ആണുതാനും. ദ്വീപിലെ പ്രധാന ആകർഷണമാണ് 30 ഏക്കറിൽ പരന്നു കിടക്കുന്ന കാപെല്ല. മുറികളും വില്ലകളുമായി താമസത്തിന് 112 ഇടങ്ങളുണ്ട്. ഒരു രാത്രി താമസത്തിനുള്ള വാടക 33,000 മുതൽ 5 ലക്ഷം രൂപ വരെയാണ്. രണ്ടു പ്രസിഡൻഷ്യൽ സ്വീറ്റു‌കളും ഹോട്ടലിലുണ്ട്.

പോപ് സ്വപ്നനായികമാരായ മഡോണയും ലേഡി ഗാഗയുമാണ് ഇതുവരെ കാപെല്ലയിൽ താമസിച്ചിരുന്നവരിൽ ഏറ്റവും പ്രശസ്തർ. ഇനി അത് അറിയപ്പെടാൻ പോകുന്നതാകട്ടെ ട്രംപും കിമ്മും തമ്മിൽ നടന്ന ചരിത്ര ഉച്ചകോടിയുടെ പേരിലും! ഉച്ചകോടിക്കായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയാണ്.

SINGAPORE-US-NKOREA-DIPLOMACY-SUMMIT സെന്റോസ ഐലന്റ്

കാവലിനു യുദ്ധക്കപ്പലും

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണു (സിംഗപ്പൂർ സമയം രാവിലെ ഒൻപത്) യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ ഭരണത്തലവനും തമ്മിലുള്ള ചരിത്ര ഉച്ചകോടി. ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം, അവർക്കെതിരായ രാജ്യാന്തര ഉപരോധം പിൻവലിക്കൽ, കൊറിയൻ ഉപദ്വീപിൽ ശാശ്വത സമാധാനം തുടങ്ങി ഒട്ടേറെ ‘ചൂടൻ’ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്യും. ആ ചൂട് സുരക്ഷയുടെ കാര്യത്തിലുമുണ്ട്

സ്വന്തം പോക്കറ്റില്‍നിന്ന് ഏകദേശം 97.5 കോടി രൂപ ചെലവിട്ടാണ് സിംഗപ്പൂർ കിമ്മിനും ട്രംപിനും സുരക്ഷ ഒരുക്കിയിരിക്കുന്നത്. മന്ത്രാലയങ്ങളും മറ്റും ഉൾപ്പെട്ട പ്രധാന ദ്വീപിന്റെ മധ്യഭാഗവും സെന്റോസ ദ്വീപും ഒരാഴ്ച മുൻപു തന്നെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു. 5000 പൊലീസ് ഉദ്യോഗസ്ഥരും ധ്രുത കര്‍മസേനാംഗങ്ങളും കൂടിക്കാഴ്ചയ്ക്കു കാവലുണ്ടാകും. എന്നാൽ എത്ര സൈനിക ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടില്ല. രണ്ടു യുദ്ധക്കപ്പലുകളാണ് സെന്റോസ ദ്വീപിനു സമീപം തെക്കൻ ചൈന കടലിൽ നിലയുറപ്പിച്ചിരിക്കുന്നത്. ദ്വീപിലേക്കുള്ള വഴികൾ നിയന്ത്രിക്കാൻ എളുപ്പമാണെന്നതാണ് ഉച്ചകോടിക്കു സെന്റോസ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

Sentosa Island കാപെല്ല ഹോട്ടൽ (ഉപഗ്രഹ ചിത്രം)

‘ബോംബ്’ ഗൂഗിളിൽ സേര്‍ച്ച് ചെയ്താൽ!

കഴിഞ്ഞ രണ്ടാഴ്ചയായി സിംഗപ്പൂർ പൂര്‍ണമായും ഈ കൂടിക്കാഴ്ചയുടെ സുരക്ഷ ഒരുക്കുന്ന ശ്രമത്തിലായിരുന്നെന്നും, പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി കെ.ഷണ്മുഖം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കെത്തുന്നവർക്കു താമസിക്കാനുള്ള ഷാങ്ക്റി–ല, സെന്റ് റീജിസ്, കാപ്പെല്ല ഹോട്ടലുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിലും കനത്ത സുരക്ഷയാണ്. ഷാങ്ക്റി–ലയിലാണ് ഇപ്പോൾ ട്രംപ് തങ്ങുന്നത്. ഇവിടെ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉൾപ്പെടെ സുരക്ഷാവലയാണുള്ളത്. സിംഗപ്പൂർ പൊലീസിന്റെ ഗൂർഖ വിഭാഗവും സുരക്ഷയൊരുക്കി മുൻനിരയിലുണ്ട്.‍

Capella-Hotel-3 കാപെല്ല ഹോട്ടലിന്റെ മുൻവശം.

കിമ്മിനു താമസമൊരുക്കിയിരിക്കുന്നത് സെന്റ് റീജിസ് ആഡംബര ഹോട്ടലിലാണ്. വ്യാഴാഴ്ച വരെ മൂന്നു ദിവസം സിംഗപ്പൂരിലെ വ്യോമ ഗതാഗതത്തിനും കനത്ത നിയന്ത്രണമുണ്ട്. ആയുധങ്ങൾ, വൻശബ്ദമുള്ള ഉച്ചഭാഷിണികൾ, അസാധാരണ വെളിച്ചമുണ്ടാക്കുന്ന വസ്തുക്കൾ, നീളൻ ബാനറുകൾ, ശബ്ദവിന്യാസങ്ങൾ ഇവയൊന്നും മേഖലയില്‍ അനുവദിക്കില്ല. സ്വകാര്യ ഡ്രോണുകളും ഒരു കാരണവശാലും അനുവദിക്കില്ല. പ്രദേശത്തേക്കു വരുന്നവർക്കെല്ലാം പൊലീസിന്റ ശരീര പരിശോധനയുണ്ട്.

ഷാങ്ക്റി–ല ഉച്ചകോടി പോലുള്ളവയ്ക്കു നേരത്തേ ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടു നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു സുരക്ഷയൊരുക്കുക എന്നതു ചെറിയ കാര്യമല്ലെന്നും പറയുന്നു മന്ത്രി ഷണ്മുഖം. നിലവിൽ ഭീഷണി സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സുരക്ഷാവിഭാഗം അതീവജാഗ്രതയിലാണ്. രാജ്യത്തെത്തുന്ന ഓരോരുത്തരെയും ഇമിഗ്രേഷൻ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പലരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു.

ചാവേർ സ്ഫോടനം നടത്തുന്നത് എങ്ങനെയെന്ന് മൊബൈലിൽ സേർച്ചു ചെയ്ത ഒരാളും ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇയാളെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ മറ്റു ചിലരെയും തിരികെ അയച്ചെന്നും അവരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും ഷണ്മുഖം പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 2500 പത്രപ്രവർത്തകരാണ് ട്രംപ്–കിം കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്യാനെത്തിയിരിക്കുന്നത്.