Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ശുഭയാത്ര; 'ഹൈടെക്കായി' റെയിൽവേ

Indian Railway

ചെന്നൈ ∙ പരാതികളും അഭിപ്രായങ്ങളും കുറിക്കാൻ ഗാർഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനിൽ യാത്രക്കാർ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈൽ ഫോണിലൂടെയോ ലാപ്ടോപ്പിലൂടെയോ റെയിൽവേ പുറത്തിറക്കിയ പുതിയ ‘റെയിൽ മദദ്’ ആപ്പ് വഴി പരാതികൾ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ‘മെനു ഓൺ റെയിൽ’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാർക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നൽകുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളിൽ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.

∙റെയിൽ മദദ്      

ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളിൽ തൽസമയം റിപ്പോർട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റർ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉൾപ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്. ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികൾ വേഗം തീർപ്പാക്കുന്നതിനും റെയിൽവേ പദ്ധതി തയാറാക്കിയിട്ടുണ്ട്.

അത്യാവശ്യ സഹായത്തിനു വിളിക്കേണ്ട നമ്പറുകളും ആപ്പിൽ ലഭ്യമാണ്. റെയിൽവേ ഹെൽപ് ലൈൻ, ആർപിഎഫ് തുടങ്ങിയവരെ നേരിട്ടു വിളിക്കാം.റെയിൽവേയുടെ വിവിധ സേവനങ്ങൾക്കായുള്ള നമ്പറുകൾ ഫോണിൽ സേവ് ചെയ്യാത്തവർക്കും ആപ്പിൽ നിന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താം.ഓരോ ട്രെയിനിൽ നിന്നും ലഭിക്കുന്ന പരാതികളുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്വീകരിച്ച പരിഹാര നടപടികളെ കുറിച്ചു വകുപ്പു തലത്തിൽ റെയിൽവേ പരിശോധന നടത്തും. ഒരു ട്രെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നം കണ്ടെത്തി പരിഹാരം തേടുന്നതിനും ശ്രമം നടത്തും.

∙മെനു ഓൺ റെയിൽ

ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും പാൻട്രി കാർ ഇല്ലാത്തതിനാൽ സ്റ്റേഷനുകളിൽ നിന്നു കയറുന്ന കച്ചവടക്കാരിൽ നിന്നാണു മിക്കവരും വെള്ളവും ഭക്ഷണവും വാങ്ങുന്നത്.കച്ചവടക്കാർ ആവശ്യപ്പെടുന്ന വില നൽകുകയല്ലാതെ യാത്രക്കാർക്കു വേറെ നിവൃത്തിയില്ല. ഓരോന്നിന്റെയും ശരിയായ വില എത്രയാണെന്നു മനസ്സിലാക്കുന്നതിനും ഏതൊക്കെ വിഭവങ്ങളാണു ലഭ്യമായിട്ടുള്ളതെന്നും മെനു ഓൺ റെയിൽ ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയും.

ഫുഡ് പ്ലാസ, ഫാസ്റ്റ് ഫുഡ് യൂണിറ്റ് എന്നിവിടങ്ങളിൽ ഒഴികെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ വിലയും ആപ്ലിക്കേഷനിലൂടെ അറിയാം.മുൻകൂട്ടി ഭക്ഷണം ബുക്ക് ചെയ്യാൻ വിലവിവര പട്ടികയും ആപ്ലിക്കേഷനിൽ ലഭിക്കും.ചായ, കാപ്പി, കുടിവെള്ളം എന്നിവയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതു തടയാൻ വിലയെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടാക്കാനും പുതിയ ആപ്ലിക്കേഷനിലൂടെ റെയിൽവേ ലക്ഷ്യമിടുന്നു.

related stories