Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കല്ല, ചങ്കിടിപ്പാണ് മണിയാശാന് അർജന്റീന!

M M Mani

ലോകകപ്പ് കിക്കോഫിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെ ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രം പങ്കുവച്ച് മന്ത്രി എം.എം. മണി. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾ കൊണ്ടു വൈറലുമായി. അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞു മുണ്ടുടുത്ത് ഫുട്ബോളിൽ കാലും കയറ്റിവച്ചാണ് ആശാന്റെ നിൽപ്. ചിത്രത്തോടൊപ്പം ‘ചങ്കിടിപ്പാണ് അർജന്റീന, അന്നും ഇന്നും എന്നും’ എന്ന് എഴുതിയിട്ടുമുണ്ട്. അർജന്റീനയോടുള്ള ആരാധന നേരത്തെതന്നെ തുറന്നു പറഞ്ഞിട്ടുള്ള മണിയാശാൻ തന്റെ പ്രൊഫൈൽ ചിത്രത്തിലും ചങ്കിടിപ്പാണ് അർജന്റീനയെന്നു ചേർത്തിട്ടുണ്ട്.

ചെ ഗവാരയുടെ ജന്മനാടെന്നതും അർജന്റീനയോടുള്ള ആശാന്റെ ആരാധനയ്ക്കു പിന്നിലുണ്ട്. മണിയാശാന്റെ അർജന്റീന ആരാധനയിൽ ഫെയ്സ്ബുക്കിൽ അദ്ദേഹത്തെ പിന്തുടരുന്ന ചിലർക്ക് ചെറിയ നീരസമുണ്ടെങ്കിലും ഫുട്ബോളിനോടുള്ള ആശാന്റെ സ്നേഹത്തിന് അവരുടെയും കയ്യടി. വിയോജിപ്പോടു കൂടിയുള്ള ലൈക്ക് നൽകുന്നതായി ബ്രസീലിയൻ ആരാധകന്റെ രസകരമായ കമന്റ്. ആശാൻ മുത്താണെങ്കിലും അർജന്റീന ശത്രുപക്ഷത്താണെന്നു ചിലർ. ആശാൻ ചങ്കും അർജന്റീന ചങ്കിടിപ്പുമാണെന്നും കമന്റുകളുണ്ട്.

വൈദ്യുതിമന്ത്രി കൂടിയായ മണിയാശാൻ ഒപ്പമുള്ളതിനാൽ ലോകകപ്പ് സമയത്ത് വൈദ്യുതി തടസ്സപ്പെടില്ലെന്ന വിശ്വാസത്തിലാണു ഫുട്ബോൾ ആരാധകർ. നേ‌രത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചുമകനൊപ്പം ഫുട്ബോൾ കളിക്കുന്ന ചിത്രം പങ്കു വച്ച് ലോകകപ്പിന് ആശംസകൾ നേർന്നിരുന്നു.