Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പപ്പാ പപ്പാ...’ ഈ നിലവിളി ട്രംപിനെ തിരിഞ്ഞുകൊത്തുമോ?; പ്രതിഷേധം ശക്തമാകുന്നു

protest-against-separation-policy-1 യുഎസ് അധികൃതർ പിടിച്ചുകൊണ്ടുപോയ പിതാവിനെ കാത്തിരിക്കുന്ന പെൺകുട്ടിയും അമ്മയും.

വാഷിങ്ടൻ∙ ‘പപ്പാ പപ്പാ’, ഒരു ആറു വയസ്സുകാരിയുടെ ഹൃദയം നുറുങ്ങുന്ന ഈ നിലവിളി ഇപ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുള്ള പ്രതിഷേധത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ്. കാരണം, ട്രംപിന്റെ ‘സെപ്പറേഷൻ പോളിസി’യുടെ ഇരയാണ് ഈ കുട്ടി. യുഎസ് – മെക്സിക്കോ അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവരെ നേരേ ‍ജയിലിലേക്ക് അയയ്ക്കുന്ന നടപടി മൂലം ഏകദേശം 2000 കുട്ടികളാണ് ഇപ്പോൾ മാതാപിതാക്കളിൽനിന്നു വേർപെട്ടു സർക്കാർ വക ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ഉള്ളത്. ഈ കേന്ദ്രങ്ങളിലെ ഒരു കുട്ടിയുടെ ശബ്ദശകലം സ്വകാര്യ മാധ്യമ സ്ഥാപനം പുറത്തുവിട്ടതോടെയാണു ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലെ കുട്ടികളുടെ അവസ്ഥയെ കുറിച്ചു ചോദ്യങ്ങൾ ഉയർന്നത്.

protest-against-separation-policy-2 ട്രംപിന്റെ നയത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവർ.

എട്ടു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദശകലത്തിൽ ഒരു കുട്ടി സ്പാനിഷ് ഭാഷയിൽ തന്റെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നതും ശിശു സംരക്ഷണ കേന്ദ്രത്തിൽനിന്നു പുറത്തുവിടാൻ അപേക്ഷിക്കുന്നതുമാണു കേൾക്കുന്നത്. ഇതോടെ, ഇവിടങ്ങളിൽ കുട്ടികളെ പീഡിപ്പിക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു.

protest-against-separation-policy ട്രംപിന്റെ നയത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവർ.

എന്നാൽ യുഎസിന്റെ കുടിയേറ്റ–അതിർത്തി സുരക്ഷാ മേധാവി ക്രിസ്റ്റ്ജൻ നീൽസൺ ഇതു നിഷേധിച്ചു. ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സംരക്ഷണ കേന്ദ്രങ്ങളിൽ നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികൾക്ക് എല്ലാ ആവശ്യങ്ങളും അവിടെ സാധിച്ചു കൊടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങൾക്കു പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് വിമർശിക്കുകയും ചെയ്തു.

protest-against-separation-policy-3 യുഎസ് അധികൃതർ പിടിച്ചുകൊണ്ടുപോയ പിതാവിനൊപ്പമുള്ള ചിത്രം മൊബൈലിൽ കാണിക്കുന്ന കുരുന്ന്.

ആരോപണങ്ങൾക്കു പിന്നാലെ, കുടിയേറ്റ നയത്തിനു മാറ്റമില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ട്രംപും രംഗത്തു വന്നു. അമേരിക്കയെ മറ്റൊരു യൂറോപ്പാകാൻ സമ്മതിക്കില്ലെന്നും യുഎസ് ഒരു അഭയാർഥി കേന്ദ്രമല്ലെന്നും തുറന്നടിച്ച ട്രംപ്, ഡെമോക്രാറ്റുകളുടെ നയങ്ങളാണ് രാജ്യത്ത് ഇത്രയും അഭയാർഥികൾ ഉണ്ടാവാൻ കാരണമെന്നും കെട്ടുറപ്പുള്ള ഒരു കുടിയേറ്റ നയം ഉടൻ ഉണ്ടാകുമെന്നും പറഞ്ഞു.

പ്രഥമ വനിത മെലാനിയ ട്രംപും മുൻ പ്രഥമ വനിത ലോറ ബുഷും ഉൾപ്പെടെയുള്ളവർ ഈ മനുഷ്യാവകാശ നിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു.