Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തമായ മഴയ്ക്കു സാധ്യത; ജില്ലാ കലക്ടർമാർക്ക് ജാഗ്രതാ നിർദേശം

Rain

തിരുവനന്തപുരം∙ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ബുധനാഴ്ച ശക്തമായതോ (7 മുതൽ 11 സെന്റീമീറ്റർ, 24 മണിക്കൂറിൽ), അതിശക്തമായതോ (12 മുതൽ 20 സെന്റീമീറ്റർ) ആയ മഴയ്ക്കും ജൂൺ 21 മുതൽ ജൂൺ 24 വരെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ (7 മുതൽ 11 സെന്റീമീറ്റർ, 24 മണിക്കൂറിൽ) മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴയെത്തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മിഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ശക്തമായ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന സർക്കാർ ജില്ലാ കലക്ടർമാർക്ക് അയച്ച നിർദേശത്തിൽ പറയുന്നു.

1. മലയോര മേഘലയിലെ താലൂക്ക് കണ്ട്രോള്‍റൂമുകള്‍ ജൂൺ 24 വരെ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുക.

2. മഴ ശക്തമായിട്ടുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ക്യാംപിനായി സ്ജ്ജമാക്കുക. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റു നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തുക.

3. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാന്‍ പൊലീസിനു നിര്‍ദേശം നല്‍കുക

4. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡിടിപിസി മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.

5. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പൊലീസിനു നിര്‍ദേശം നല്‍കുക.

6. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നു ജനങ്ങളോട് ആഹ്വാനം ചെയ്യുക.

7. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

8. Handbook on Disaster Management (Volume 2) - EMERGENCY OPERATIONS CENTRES & EMERGENCY SUPPORT FUNCTIONS PLAN KERALA (http://sdma.kerala.gov.in/…/uploa…/EOCESFP2015-Edition-2.pdf), പേജ് 33ല്‍ അതിശക്തമായ (Very Heavy) മഴയ്ക്കു നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുക.

9. മഴക്കാല തയാറെടുപ്പു പരിപത്രം (http://sdma.kerala.gov.in/wp-content/uploads/Monsoon-Circular-2018.pdf) പ്രകാരം ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തുക.

10. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ന്‍റെ നമ്പര്‍ (1077) പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.

11. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ ആവശ്യമാണെങ്കിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ തന്നെ ആളുകളെ മാറ്റി താമസിപ്പിക്കാവുന്നതാണ്.