Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ ആജ്ഞ കാത്ത് ഭീകരരുടെ പട; കശ്മീരിൽ ജാഗ്രതയോടെ സൈന്യം

Indian-Army-Kashmir അനന്ത്നാഗിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിനിടെ സൈന്യം (ഫയൽ ചിത്രം)

ശ്രീനഗർ∙ അമർനാഥ് തീർഥയാത്ര ആരംഭിക്കാനിരിക്കെ താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം. ലഷ്കറെ തയിബയുടെ ഡിവിഷനൽ കമാൻഡർ ഷക്കൂർ അഹമ്മദ് ദർ ഉൾപ്പെടെ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തി. കൊല്ലപ്പെട്ട രണ്ടാമത്തെയാൾ പാക്കിസ്ഥാൻ സ്വദേശിയായ ഹൈദറാണ്. ഒരാഴ്ചയ്ത്തിടെ ഇതു മൂന്നാം തവണയാണ് ജമ്മു–ശ്രീനഗർ ഹൈവേയോടു ചേർന്നു ഭീകരാക്രമണം നടക്കുന്നത്. ജൂൺ 28നാണ് അമർനാഥ് യാത്ര തുടങ്ങുക. അതിനു മുൻപേ ജമ്മു–ശ്രീനഗർ ഹൈവേയിൽ കനത്ത സുരക്ഷാപരിശോധന തുടരുകയാണ് സൈന്യം.

നിർദേശങ്ങൾ കാത്ത് 250ലേറെ ഭീകരരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നതെന്ന ഇന്ത്യൻ സൈന്യത്തിന്റെ റിപ്പോർട്ടും അതിനിടെ പുറത്തുവന്നു. ഇത്ര തന്നെ ഭീകരർ നിലവിൽ കശ്മീരിൽ സജീവമായുണ്ട്. താഴ്‌വരയിലേക്കു നുഴഞ്ഞു കയറാനുള്ള ‘ആജ്ഞ’ കാത്ത് നിയന്ത്രണ രേഖയിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്.

‘ഏകദേശം 250-275 ഭീകരർ കശ്മീരിൽ സജീവമാണ്. നിയന്ത്രണ രേഖയോടു ചേർന്ന് 25-30 പേരടങ്ങിയ സംഘങ്ങളായും ഭീകരർ കാത്തുനിൽക്കുന്നു’– ജനറൽ–ഓഫിസർ കമാൻഡിങ് ലഫ്. ജനറൽ എ.കെ.ഭട്ട് പറഞ്ഞു. വടക്കൻ കശ്മീരിലെ സ്ഥിതി തെക്കൻ കശ്മീരിനെ അപേക്ഷിച്ച് സുരക്ഷിതമാണെന്നും ഭട്ട് പറഞ്ഞു. ദേശീയ സുരക്ഷാസേനയിലെ അംഗങ്ങളെ പൊലീസിനൊപ്പം ശ്രീനഗറിൽ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കുൽഗാമിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നാലെ ഒരു ഭീകരൻ സൈന്യത്തിനു മുൻപാകെ കീഴടങ്ങി. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്ന് ഛേദർ ബൻ ഭാഗത്തു പൊലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംശയാസ്പദമായ വീട് വളഞ്ഞപ്പോഴായിരുന്നു സംഭവം. രണ്ടു പേർ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. അടുത്തിടെ ഇവർക്കൊപ്പം ചേർന്നയാളാണു കീഴടങ്ങിയത്. 

തെക്കന്‍ കശ്മീരിലെ ഒട്ടേറെ സ്റ്റേഷനുകളിൽ അഹമ്മദ് ദറിനെതിരെ കേസുകളുണ്ട്. ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ഇയാൾക്കായി പൊലീസ് വലവിരിച്ചിരിക്കുകയായിരുന്നു. സമീപകാലത്തു നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാൾ പങ്കാളിയായിരുന്നു. 

 ദേശീയ ഹൈവേയോടു ചേർന്ന് അടുത്തിടെ ഇത് മൂന്നാം തവണയാണ് ഭീകരരെ നേരിടുന്നത്. മൂന്നു ജയ്ഷെ മുഹമ്മദ് ഭീകരരെ ജൂൺ 20നു കൊലപ്പെടുത്തിയിരുന്നു. ജൂൺ 22നു നടന്ന ആക്രമണത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രാദേശിക നേതാവ് ദാവൂദ് സോഫി ഉൾപ്പെടെ നാലു പേരും കൊല്ലപ്പെട്ടു. 

അതിനിടെ രജൗറിയിൽ ഇന്ത്യൻ ജവാൻ നീരജ് കുമാരി(38)ന്റെ മൃതദേഹം അരുവിയിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ ജോലിക്കു നിയോഗിക്കപ്പെട്ട നീരജ് അവധിയെടുത്തു നാട്ടിലെത്തിയതാണ്. സുന്ദർബനിയിലെ വീടിനടുത്തുള്ള അരുവിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.