Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമലിൻ ചേർത്ത് ഐസ് ഉണ്ടാക്കും, പൊടിയും വിതറും; മാറില്ല മീനിലെ വിഷം

Fish

ചെന്നൈ ∙ ഐസ് ഇട്ട മത്സ്യം കാണുമ്പോൾ ഫോർമലിനെ പേടിക്കേണ്ട എന്നു കരുതുന്നുണ്ടെങ്കിൽ തെറ്റി. ഫോർമലിൻ മൽസ്യത്തിലിടുന്നത് ഐസിന്റെ മറവിൽ തന്നെ. ഇതിനായി ഫോർമലിൻ ചേർത്ത് ഐസ് ഉണ്ടാക്കുകയും ഒപ്പം ഫോർമലിൻ പൊടി ഐസിനൊപ്പം ചേർത്തു മീനിൽ വിതറുകയുമാണ് ചെയ്യുന്നതെന്നു കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു. പക്ഷേ, തമിഴ്നാട്ടിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല.

ഫോർമലിൻ ചേർന്ന മീൻ പിടിച്ചെടുത്തതിനെ തുടർന്നു മൽസ്യബന്ധന മേഖലയിലെ പരിശോധനയ്ക്ക് കേരളം എല്ലാ തെക്കൻ സംസ്ഥാനങ്ങളോടും സഹായം തേടിയെങ്കിലും ചെന്നൈയിലെ ഏറ്റവും വലിയ മൽസ്യബന്ധന തുറമുഖമായ കാശിമേട്ടിൽ തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല. പക്ഷേ, ഇവിടെനിന്നു പോകുന്ന മൽസ്യത്തിൽ മായമില്ലെന്ന് ഇവിടത്തെ മൽസ്യബന്ധന മേഖലയിലെ തൊഴിലാളികളും വ്യാപാരികളും ഉറപ്പിച്ചു പറയുന്നു. എന്നാൽ, കേരളത്തിൽ മത്സ്യത്തിലെ ഫോർമലിൻ കയ്യോടെ പിടിച്ചത് ഏറ്റവും ബാധിച്ചതു ചെന്നൈ തുറമുഖത്തെയാണ്.

ദിവസം എട്ടുകോടിയുടെ മൽസ്യം കേരളത്തിലേക്കു കയറ്റിവിട്ടിരുന്നത് രണ്ടു കോടിയായി കുറഞ്ഞു. കേരളത്തിലെ വൻകിട മൽസ്യ വ്യാപാരികളെല്ലാം വാങ്ങൽ നേർപ്പകുതിയായി കുറച്ചു. കേരളത്തിലെ ചില വ്യാപാരികൾ ഉണ്ടായിരുന്ന മീൻ കർണാടകയിലേക്കും മറ്റും മറിച്ചുവിൽക്കാനും മടിച്ചില്ല. ചെന്നൈയിൽനിന്നു ദിവസവും എട്ടു മണിക്കൂർ കൊണ്ടു കേരളത്തിലേക്കു മൽസ്യമെത്തിക്കാമെന്നതിനാൽ ഐസ് മാത്രമിട്ടാണ് മൽസ്യം വിടുന്നതെന്നു ചെന്നൈയിലെ വ്യാപാരികൾ പറയുന്നു.

കേരളത്തിൽ ഐസ് പ്ലാന്റുകളിൽ റെയ്ഡിന് നിർദേശം

കേരളത്തിലെ ഐസ് പ്ലാന്റുകളിൽ റെയ്ഡിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. ഐസ് പ്ലാന്റുകളിൽനിന്നു സാംപിൾ ശേഖരിക്കാനാണ് കർശന നിർദേശം. 2014ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ ഐസ് പ്ലാന്റുകളിൽ നടത്തിയ റെയ്ഡിൽ എടുത്ത സാംപിളുകളിൽ ഫോർമലിന്റെ അംശം കണ്ടെത്തിയിരുന്നു.