Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാസവസ്​തു കലർത്തിയ മീൻ വരുന്നത് കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ വിഭാഗം

Fish

തിരുവനന്തപുരം∙ പരിശോധനകൾ കർശനമാക്കിയതോടെ രാസവസ്​തു കലർത്തിയ മത്സ്യം കേരളത്തിലേക്ക്​ എത്തുന്നതു കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെക് പോസ്​റ്റുകൾ, മൊത്ത മാർക്കറ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു വെള്ളി രാത്രി മുഴുവൻ നീണ്ട പരിശോധന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയെങ്കിലും രാസപദാർഥങ്ങൾ കലർത്തിയ മത്സ്യം ക​ണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും ഫോർമലിൻ, അമോണിയ തുടങ്ങിയവയുടെ സാന്നിധ്യം സംശയം തോന്നിയ സാംപിളുകൾ സ്​റ്റേറ്റ്​ അനലിറ്റിക്കൽ ലാബിലും കൊച്ചിയിലെ സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിഷറീസ്​ ടെക്നോളജിയിലും പരിശോധനയ്ക്ക്​ അയച്ചു. ഫലം ഉടൻ ലഭിക്കും.

ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക്​ എത്തുന്ന മത്സ്യങ്ങളിൽ ഫോർമലിൻ സാന്നിധ്യം ക​െണ്ടത്തിയ സാഹചര്യത്തിലാണു ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്​തമാക്കിയത്​. ഇതോടെ ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തി. ഇക്കാര്യങ്ങൾ മുൻനിർത്തിയാകണം രാസപദാർഥങ്ങൾ ചേർത്ത മത്സ്യത്തിന്റെ വരവ് കേരളത്തിലേക്കു കുറഞ്ഞതെന്നു​ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വെള്ളിയാഴ്​ച രാത്രി സംശയം തോന്നിയ 95 സാംപിളുകളാണു​ ശേഖരിച്ചത്​. അവയാണു​ വിവിധ ലാബുകളിലേക്ക്​ അയച്ചിരിക്കുന്നത്​. ചെക് പോസ്​റ്റുകൾ കേന്ദ്രീകരിച്ചു​ 138 വാഹനങ്ങളും പരിശോധിച്ചു. മത്സ്യങ്ങളിൽ ചേർക്കുന്ന ​െഎസിന്റെ ഗുണമേന്മയും പരിശോധിച്ചു. ​െഎസിന്റെ 27 സാംപിളുകളും പരിശോധനയ്ക്ക്​ അയച്ചിട്ടുണ്ട്​. 

അതേസമയം രാസവസ്​തു ചേർത്ത മത്സ്യം ട്രെയിൻ മാർഗം എത്തുന്നുവെന്ന വിവരവും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്​. അതിന്റെ അടിസ്​ഥാനത്തിലുള്ള പരിശോധന റെയിൽവേ സ്​റ്റേഷനുകൾ ​കേന്ദ്രീകരിച്ചു നടന്നുവരികയാണ്​. എന്നാൽ റെയിൽവേ സ്​റ്റേഷനുള്ളിൽ കയറി പരിശോധിക്കാൻ അനുമതിയില്ല. അതിനാൽ പുറത്തുവച്ചുള്ള പരിശോധനയാണു ന‌ടക്കുന്നത്. റെയിൽവേ സ്​റ്റേഷനിൽ കയറി പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ടു റെയിൽവേയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം ചർച്ച നടത്തിവരികയാണ്.