Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടയ്ക്കുന്ന ‘വിഷം’

fish

ദേശീയ ശരാശരിയെക്കാൾ നാലുമടങ്ങ് കൂടുതലാണു മലയാളിയുടെ മീനുപയോഗം. ഇതു നന്നായി മനസ്സിലാക്കി, ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവർക്കു മുന്നിലെ എളുപ്പവഴിയാണു മീനിലെ വിഷംചേർക്കൽ. മലയാളിക്കുവേണ്ടി മീനിന്റെ കൗമാരവും യൗവനവും ഒക്കെ നീട്ടിക്കൊടുക്കുന്ന അവർ നടത്തുന്നത് കോടികളുടെ ഇടപാട്.

മീനിനല്ല, സമയത്തിനാണ് വില

കേരളത്തിലെ നാടൻ മാർക്കറ്റുകളിലെ ചെറുകിടക്കാരിൽവരെ മായം കലർത്തിയ മൽസ്യമെത്തുന്നുവെങ്കിൽ, അതിനു പിന്നിൽ സംസ്ഥാനത്തിനു പുറത്തുള്ള വൻവ്യവസായികൾക്ക് ഒരു തത്വമുണ്ട്: ‘മീനിനല്ല, സമയത്തിനാണു വില’. മംഗലാപുരം, തൂത്തുക്കുടി, വൻതോതിൽ മൽസ്യബന്ധനം നടക്കുന്ന ഗുജറാത്ത് തുറമുഖങ്ങൾ എന്നിവിടങ്ങളിൽ മീനിന്റെ പഴക്കം മാറ്റിയെടുക്കാൻ എന്തുമാർഗവും സ്വീകരിക്കും. ദിവസവും 400 – 500 ടൺ മൽസ്യം കേരളത്തിലെ മാർക്കറ്റിലേക്കു കയറ്റി അയയ്ക്കുന്ന മംഗലാപുരം തുറമുഖത്ത് രാവിലെ ഒരുമണിക്കൂറിൽ നടക്കുന്ന ലേലം അഞ്ചും ആറും കോടി രൂപയുടേതാണ്.

അധികം മത്തി കിട്ടുന്ന ദിവസംതന്നെ, അതെല്ലാം മാർക്കറ്റിലേക്കു വിട്ടാൽ വില കിലോയ്ക്കു 30 രൂപയാകും. എന്നാൽ, പത്തു ദിവസം സൂക്ഷിച്ചശേഷം, മത്തിക്കു ക്ഷാമമുള്ളപ്പോൾ വിപണിയിലെത്തിച്ചാൽ വില 200 രൂപവരെയാകാം. സമയത്തിനാണു വിലയെന്നതിനാൽ മീനിന്റെ ‘ആയുസ്സ്’ നീട്ടിക്കൊടുക്കാൻ രാസവസ്തുക്കളല്ലാതെ മറ്റു മാർഗമില്ല. അത് ഫോർമലിൻ, അമോണിയ, സോഡിയം ബെൻസോയേറ്റ് എന്നിങ്ങനെ എന്തുമാകാം. ഇതൊക്കെ നമുക്ക് അറിയാവുന്നത്. അറിയാത്തത് എത്രയോ....

ഫോർമലിൻ, അമോണിയ, സോഡിയം ബെൻസോയേറ്റ്

മൃതദേഹങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണു ഫോർമലിൻ എന്നു പറയുമ്പോൾത്തന്നെ, മീൻമാർക്കറ്റിൽ ഇതിന്റെ ഉപയോഗം വ്യക്തമാണ്. ആഴ്ചകളോളം കടലിൽതങ്ങി മീൻപിടിക്കുന്ന ബോട്ടുകൾ ഫോർമലിൻ ചേർത്ത ഐസ് കരുതും. ഐസ് അലിഞ്ഞു ഫോർമലിൻ വെള്ളമായി അതിൽ മീൻ കിടന്നാൽ ആഴ്ചകൾ തള്ളിനീക്കാം. ബാക്ടീരിയകളെ കൊല്ലാൻ ഉപയോഗിക്കുന്ന അമോണിയയുടെ ഉപയോഗവും വൻതോതിൽ മീൻമാർക്കറ്റുകളിൽ കണ്ടുവരുന്നു. മീൻ ചത്തുകഴിയുമ്പോൾ സ്വാഭാവികമായും കുറച്ച് അമോണിയ ഉൽപാദിപ്പിക്കപ്പെടുമത്രെ. അതിന്റെ മറവിൽ കുറച്ച് അമോണിയകൂടി ചേർത്താലും പരിശോധനയിൽ പിടിക്കപ്പെടില്ല.

എത്ര അഴുകിയ മീനിനെയും നല്ല പിടയ്ക്കുന്ന മീനാക്കുന്ന ഒരു പൊടിയുണ്ട്; പ്രിഷർ ഫിഷ് എന്നാണ് ഓമനപ്പേര്. മീൻപിടിത്ത ബോട്ടുകാർക്കും കച്ചവടക്കാർക്കുമൊക്കെ, ചില ഏജൻസികൾ ഇതു കൊടുത്തിട്ടുണ്ട്. മുംബൈയിൽനിന്നാണ് ഇൗ പൊടിയുടെ വരവെന്നു മൊത്തക്കച്ചവടക്കാർക്കറിയാം. താഴെത്തട്ടിൽ എത്തിച്ചിട്ടു കച്ചവടക്കാരോടു പറയും: ഇൗച്ചയൊന്നും വരില്ല. ഇത് അൽപം കലക്കി മീൻ കഴുകിയെടുത്താൽ മതിയെന്ന്. ഇവൻ കൊടുംവില്ലനാണെന്നു 2016 നവംബറിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

മംഗലാപുരം തുറമുഖത്തുനിന്നു ശേഖരിച്ച ഇൗ പൊടി കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ലാബിലും  സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിനു കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ലാബിലും പരിശോധനയ്ക്കു നൽകി. ഫലം പുറത്തുവന്നപ്പോൾ, അമിതമായി ഉപയോഗിച്ചാൽ‌ മാരകമായ അസുഖങ്ങളുണ്ടാക്കുന്ന സോഡിയം ബെൻസോയേറ്റ് ആണിതെന്നു തെളി‍ഞ്ഞിരുന്നു. 

വെന്താലും പോകില്ല ഫോർമലിൻ

ചത്തശേഷം മീനിലേക്കു കയറുന്ന ബാക്ടീരിയകളെ ഫോർമലിൻ നശിപ്പിക്കും. രണ്ടോ മൂന്നോ ആഴ്ചവരെ മീൻ കേടാകാതെ ഇരിക്കും. അതിനു കൂടുതൽ ഫോർമലിൻ തളിക്കണമെന്നുമാത്രം. മീനിന്റെ പുറത്തുമാത്രമല്ല, മാംസത്തിലേക്കും ഫോർമലിൻ കയറിപ്പറ്റും. മത്സ്യമാംസത്തിലെ പ്രോട്ടീനുകളിലേക്കും ഇവ കലരുമെന്ന് കണ്ടെത്തിയിട്ടുള്ളതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെയും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ പറയുന്നു. ഒരിക്കൽ ഫോർമലിനിൽ മുക്കിയെടുക്കുന്ന മീനിൽനിന്ന്, കറിവച്ചാലും ചൂടാക്കിയാലുമൊന്നും ഫോർമലിൻ ഇറങ്ങിപ്പോകില്ല. മീനിൽ ഫോർമലിൻ സാന്നിധ്യമുണ്ടെങ്കിൽ ബാക്ടീരിയ കടക്കില്ല. അങ്ങനെ ആഴ്ചകളോളം മീൻ ‘ഫ്രഷായി’ ഇരുന്നോളും. മീൻകണ്ണുകളും പഴക്കമേശാതെ തിളങ്ങിത്തന്നെയിരിക്കും. ദുർഗന്ധവും ഉണ്ടാകില്ല. 

ജീവന്റെ വില

രാസവസ്തുവടങ്ങിയ മീൻ കഴിക്കുന്നവർ വലിയ വിലയാണു കൊടുക്കേണ്ടിവരുന്നത്. ഫോർമലിനിൽ മുക്കി സൂക്ഷിക്കുന്ന മീനിന്റെ ഉപയോഗം പതിവാകുമ്പോൾ, അർബുദം നമ്മളെ കാത്തുനിൽക്കുന്നുണ്ടാകുമെന്നു ശാസ്ത്രലോകം. ദഹനേന്ദ്രിയവ്യവസ്ഥ, കരൾ, വൃക്ക എന്നിവയെല്ലാം തകരാറിലാകും. നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. കേരളത്തിൽ, ഫോർമലിൻ അമിതമായി ഉള്ളിലെത്തി വൃക്കരോഗികളായവരുടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സോഡിയം ബെൻസോയേറ്റിന്റെ അമിത ഉപയോഗം മനുഷ്യനെ മെല്ലെമെല്ലെയാണു വീഴ്ത്തുന്നത്. ജനിതക വൈകല്യം, പാർക്കിൻസൺ, കോശങ്ങളുടെ നാശം, അർബുദം, അകാലവാർധക്യം തുടങ്ങി പലവിധ രോഗങ്ങൾക്കു സാധ്യത. മൈറ്റോകോൺട്രിയ എന്ന, ശരീരകോശങ്ങളുടെ പവർഹൗസിനെ നേരിട്ടു ബാധിക്കുന്നുവെന്നു പഠനങ്ങൾ. ഇതോടെ കോശങ്ങൾ മെല്ലെ നശിച്ചുതുടങ്ങും. ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കും. ഭക്ഷ്യസാധനങ്ങളിലെ വൈറ്റമിൻ സിയുമായി സോഡിയം ബെൻസോയേറ്റ് ചേർന്നാൽ ബെൻസീൻ എന്ന രാസവസ്തു ഉണ്ടാകും. ഇതു കോശങ്ങളെ നശിപ്പിക്കുന്നതാണ്. കോശങ്ങൾ നശിച്ച്, പ്രതിരോധശേഷി ഇല്ലാതാക്കി ശരീരത്തിൽ അർബുദത്തിനുള്ള വഴിതുറക്കുന്നു.

∙ രാജ്യത്ത് ഏറ്റവും കൂടുതൽ മീൻ ഉപയോഗിക്കുന്നതു മലയാളികളാണ്. സംസ്ഥാനത്തു കിട്ടുന്ന മീൻ നമുക്കു തികയാത്തതിനാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ കൊണ്ടുവരേണ്ടിവരുന്നു. ഉപഭോക്താക്കളിൽ എത്തും വരെ, ദിവസങ്ങളോളം കേടാകാതിരിക്കാൻ, ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളിൽ കുളിപ്പിച്ചാണ് മീൻ കൊണ്ടുവരുന്നത്. ഇത്തരം വിഷം കലർന്ന മീൻ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ  ഉറപ്പ്. ഈ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.

ഉടയാതെ മീൻ, തിളങ്ങുന്ന കണ്ണുകൾ

മീൻ വാങ്ങാൻ എത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കുക ഈ രണ്ടു കാര്യങ്ങളുമാണ്. ഇതു രണ്ടും ബോധിച്ചാൽപിന്നെ, വില എത്ര കൂടിയാലും പ്രശ്നമില്ല. നല്ല മീനാണല്ലോയെന്ന് സമാധാനിക്കും. ഈ ‘മനഃസമാധാനമാണ്’ തട്ടിപ്പുകാരുടെയും ലക്ഷ്യം. മീൻ ചത്തുകഴിഞ്ഞാൽ, അതിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങും. ഒരു കിലോ മീനിൽ ഒരു കിലോ ഐസ് എന്ന കണക്കിൽ ചേർക്കുക, ഐസ് അലിയുന്നതിനനുസരിച്ച് അളവുതെറ്റാതെ വീണ്ടും ഇടുക... ഭക്ഷ്യസുരക്ഷാ വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ശാസ്ത്രജ്ഞരും നിർദേശിക്കുന്നത് ഈ രീതിയാണ്.

കുറച്ചുനേരം പോലും ഇൗ തണുപ്പിൽനിന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു മാറ്റാൻ പാടില്ല. ഇങ്ങനെ ശീതീകരിച്ചു സൂക്ഷിക്കുന്ന മീനിനു പോലും, പരമാവധി അഞ്ചോ ആറോ ദിവസമേ ‘ആയുസ്സുള്ളൂ’. അതു കഴിഞ്ഞാൽ ബാക്ടീരിയകൾ പെരുകും. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് ശാസ്ത്രജ്ഞരും പറയുന്ന അളവിൽ, കേരളത്തിലും മറ്റു മൽസ്യബന്ധന തുറമുഖങ്ങളിലും ഐസ് ഉപയോഗിക്കുന്നില്ലെന്നതാണു സത്യം. കടലിൽനിന്നു പുറപ്പെട്ടു പല കൈമറിഞ്ഞ് നമ്മുടെ അടുക്കളയിലെത്തുമ്പോൾ, എത്രയോ തവണ ഐസിൽനിന്നു ചൂടിലേക്കും വീണ്ടും ചെറിയ തണുപ്പിലേക്കും ചൂടിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു. ബാക്ടീരിയകൾ വൻതോതിൽ കയറാൻ ഇഷ്ടംപോലെ അവസരം. പിന്നെങ്ങനെ, മീൻ 15–25 ദിവസം പിന്നിട്ട് ഫ്രഷായി നമ്മുടെ ഊണുമേശയിലെത്തുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം: മായങ്ങളുടെ മായാജാലം. 

മീനിൽ എന്തുണ്ട്

∙ മീനിൽ 60 മുതൽ 90% വരെ വെള്ളം

∙ 10 മുതൽ 22% പ്രോട്ടീൻ

∙  1 – 20 % ഫാറ്റ് 

∙ ധാതുക്കൾ –0.5 –5%

∙ ചെറിയ തോതിൽ വൈറ്റമിൻ, കാർബോ ഹൈഡ്രേറ്റ്, ന്യൂക്ലിയോ ടൈഡ്

(മീൻ ചത്തുകഴിഞ്ഞാൽ കൊഴുപ്പിലാണ് ആദ്യം ബാക്ടിരീയ എത്തുന്നത്. രണ്ടാംഘട്ടത്തിൽ, പ്രോട്ടീനിലേക്ക് ബാക്ടീരിയുടെ ആക്രമണമെത്തുമ്പോഴാണ് മീനിൽ തൊടുമ്പോഴേ താഴ്ന്നുപോകുന്നത്ര കേടാകുന്നത്)

മീനും ഐസും

എപ്പോഴും മീൻ പൂജ്യം ഡിഗ്രിയിൽ സൂക്ഷിക്കുക. എന്നുവച്ചാൽ, ഐസിൽ മാത്രം സൂക്ഷിക്കുക. മീൻപിടിച്ച് എത്രയും പെട്ടന്ന് ഐസിലേക്കു മാറ്റണം. ഇൗ തണുപ്പിൽ സൂക്ഷിക്കുമ്പോൾ ബാക്ടീരിയ ഉണ്ടാകില്ലെന്നല്ല, ബാക്ടീരിയയുടെ പ്രവർത്തനം വർധിക്കാതിരിക്കാൻ സാധിക്കും. ഒരു കിലോ മീനിൽ, ഒരു കിലോ ഐസ് ഇട്ടാലാണ് മീനിനെ പൂ‍ജ്യം ഡിഗ്രിയിലെത്തിക്കാൻ സാധിക്കുക.

നമ്മുടെ മേശയിലേക്കുള്ള മീൻവരവ്

∙ കേരളത്തിൽ 85 ശതമാനം പേരും മീൻ കഴിക്കുന്നു

∙ ഒരു മലയാളി മത്സ്യഭുക്ക് പ്രതിവർഷം ശരാശരി 27 കിലോ ഗ്രാം മീൻ കഴിക്കുന്നു എന്നാണ് കണക്ക്

∙ നാം ഉപയോഗിക്കുന്ന മീനിന്റെ 40–45 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്.

∙ ഏറിയ പങ്കും എത്തുന്നത് കർണാടക, തമിഴ്നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന്.  23 തരം മീനുകളാണ് കേരളത്തിലേക്കു വരുന്നത്.

∙ കേരളം ഒരു ദിവസം ഉപയോഗിക്കുന്ന ശരാശരി മീനിന്റെ അളവ് 2500 ടൺ

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മീനിന്റെ അളവ് 1000 ടൺ

∙ കേരള വിപണിയിലെ മൊത്തക്കച്ചവടക്കാർ 2500

∙ നാട്ടിൻപുറത്തെ വിപണിയിൽ ദിവസവും വിറ്റഴിക്കുന്നത് 1100– 1300 ടൺ

മത്തി, പ്രിയപ്പെട്ട മത്തി

മത്തിയുടെ വരവ്– 256 ടൺ. കൂടുതൽ തമിഴ്നാട്ടിൽനിന്ന്. അവിടെനിന്നു കേരളത്തിലേക്കെത്തുന്ന ആകെ മീനിന്റെ, 33 ശതമാനവും മത്തിതന്നെ. കർണാടകയിൽനിന്നു വരുന്നതിൽ 27 ശതമാനം മത്തി. 

അയല പൊരിച്ചതുണ്ട്...

അയലയും നമുക്ക് ആവശ്യമുള്ളത്, പുറത്തുനിന്നുവരണം. ആവശ്യമുള്ള അയലയുടെ 30 ശതമാനം തമിഴ്നാട് തരും. ആന്ധ്ര (29%), കർണാടക (26%), ഗോവ (14%), ബാക്കി ഗുജറാത്തിൽനിന്ന്. 

നത്തോലി ഗുജറാത്തി

നത്തോലിയുടെ 39 ശതമാനവും ഗുജറാത്തിൽനിന്നു വരുന്നു. ആന്ധ്രയിൽ നിന്ന് 30%, മഹാരാഷ്ട്രയിൽ നിന്ന് 23% 

ചൂരയ്ക്ക് ഗോവൻരുചി

ഗോവയിൽനിന്ന് 29% വരുന്നു. ആന്ധ്ര (28%), ഒഡീഷ (27%), മഹാരാഷ്ട്ര (7%).

ഇതൊന്നും നോക്കാൻ ആരുമില്ല

കേരളത്തിനായുള്ള ലേലംവിളിയാണ് മറ്റു സംസ്ഥാനങ്ങളിലെ മൽസ്യബന്ധന തുറമുഖങ്ങളിലെ പ്രധാന ശബ്ദം. മലയാളിയുടെ അടുക്കളയും ഇൗ തുറമുഖങ്ങളുമായി അടുത്ത ബന്ധവുമാണ്. ലേലംവിളിച്ചു കൂട്ടിയിടുന്ന മീൻകൂമ്പാരങ്ങൾക്ക് ഐസും സംരക്ഷണവുമൊക്കെ പേരിനുപോലും കാണാനില്ലെന്നത് നേരിട്ടു മനസ്സിലാകും. ആ മീൻ കൂമ്പാരങ്ങളിൽനിന്നാണ് വീണ്ടും മണിക്കൂറുകളെടുത്ത് റോഡുമാർഗം, കേരളത്തിന്റെ മാർക്കറ്റുകളിലേക്കും അവിടെനിന്നു നമ്മുടെ ഗ്രാമങ്ങളിലേക്കും ദിവസങ്ങൾ താണ്ടിയെത്തുന്നത്.

ഭക്ഷ്യസുരക്ഷാ നിയമമൊക്കെ വലിയരീതിയിൽ ചർച്ചചെയ്യപ്പെടുന്ന രാജ്യമാണ് നമ്മുടേതെങ്കിലും, സർക്കാരിന്റെയോ സർക്കാർ അംഗീകൃത ഏജൻസിയുടെയോ സാന്നിധ്യം മൽസ്യബന്ധന തുറമുഖങ്ങളിൽ പേരിനുപോലുമില്ല. മീനിന്റെ വൃത്തി പരിശോധിക്കാനോ, മീൻ സൂക്ഷിക്കുന്ന ബോട്ടിന്റെയോ തുറമുഖത്തിന്റെയോ അവസ്ഥ പരിശോധിക്കാനോ ഒന്നും നാഥനില്ലാത്ത അവസ്ഥ. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വൻകിടക്കാരാണ്. കോടികൾ ലേലംമറിച്ച് കടലിൽനിന്നു തന്നെ വിലനിശ്ചയിച്ച് ഉൗഹക്കച്ചവടം നടത്തുന്ന വമ്പൻമാർ.

നല്ലതു കിട്ടും

ട്രോളിങ് നിരോധനസമയത്തുകിട്ടും പിടയ്ക്കുന്ന മീൻ. നമ്മുടെ സ്വന്തം മൽസ്യത്തൊഴിലാളികളുടെ കാരുണ്യമാണ് മലയാളിക്കു തുണയാകുന്നത്. ചെറിയ ബോട്ടുകളിലും വള്ളങ്ങളിലും അവർ കടലിൽപോയി കിട്ടുന്ന മൽസ്യമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നതിൽ പകുതിയും. ദിവസവും പോയി വരുന്നതിനാൽ അതിനു കേടുവരുന്നില്ല. ഉടനെ വിറ്റുപോകുമെന്നതിനാൽ അധികദിവസത്തേക്കു മാറ്റിവയ്ക്കേണ്ടിയും വരുന്നില്ല.

കടലിൽ ഒരുമാസം

ഓഖി ദുരന്തമുണ്ടായപ്പോൾ, ഒന്നും ഒന്നരയും മാസംമുൻപ് കടലിൽ മീൻപിടിക്കാൻ പോയവരുടെ കണക്കുകൾ പുറത്തുവന്നു. കേരളത്തിൽ ഇതു വിരലിലെണ്ണാവുന്നതാണെങ്കിൽ, കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും എണ്ണിയാൽ തീരാത്തത്ര ബോട്ടുകളാണ് ഒരുമാസത്തിലേറെ കടലിൽകിടന്നു മീൻ പിടിക്കുന്നത്; 30–40 ടൺ മൽസ്യം ശേഖരിക്കുന്ന ബോട്ടുകൾ. പോയാൽപിന്നെ, മീൻ നിറയുന്നതെന്നോ അന്നാണു മടക്കം. പിടിക്കുന്ന മീനെല്ലാം സൂക്ഷിക്കാൻ ആവശ്യമായ ഐസുമായല്ല ബോട്ടുകളുടെ പോക്ക്. ആദ്യദിവസങ്ങളിൽ തന്നെ ഐസ് തീരും. പിന്നെ പിടിക്കുന്ന മീനുകൾ ബോട്ടിന്റെ അറകളിൽ കൂട്ടിയിടും. അവിടെയാണ് ‘മായപ്രയോഗം’ കൂടുതലും നടക്കുന്നത്. പിന്നെയും ദിവസങ്ങളെടുത്ത് നമ്മുടെ അടുക്കളയിലെത്തുമ്പോഴും ‘നല്ല പിടയ്ക്കുന്ന മീൻ’ എന്നാണു വിളിക്കുന്നത്. 

ഫോർമലിൻ: കയ്യോടെ പിടിയിലാകുന്നത് ആദ്യം

20 വർഷത്തിലേറെയായി കേരളം കേൾക്കുന്നുണ്ട്, മീനിലെ മായങ്ങളെക്കുറിച്ച്. അതിൽ പ്രധാനവില്ലൻ ഫോർമലിൻ ആയിരുന്നു. എന്നാൽ, ഇതു കയ്യോടെ പിടികൂടാനായത് ഇപ്പോഴാണ്. ട്രോളിങ് നിരോധനത്തിന്റെ സാധ്യത മുതലെടുക്കാനായി, വാളയാർ, അമരവിള ചെക് പോസ്റ്റുകൾ വഴി കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മീനുകൾ കഴിഞ്ഞദിവസം പിടികൂടി. ഇതിൽ അമിത അളവിൽ ഫോർമലിൻ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി.

ആന്ധ്ര, ഗോവ, ഒഡീഷ, തമിഴ്നാട്ടിലെ ചില തുറമുഖങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മീനിൽ വ്യാപകമായി ഫോർമലിൻ േചർക്കുന്നുവെന്നാണ് ആ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ ഇന്റലിജൻസ് ഇന്നലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയ വിവരം. ഫോർമലിൻ ചേർത്ത് ഐസുണ്ടാക്കി അതിൽ മീൻ ഇട്ടുവയ്ക്കുന്നുവെന്നാണു കണ്ടെത്തൽ. ഇതു ദേശീയ വിപത്താണെന്ന തിരിച്ചറിവിൽ, സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നടപടികൾ സ്വീകരിക്കണമെന്ന നിർദേശം കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചർച്ചകൾ തുടങ്ങി. രാജ്യ തലസ്ഥാനത്തും ഫോർമലിൻ കലർന്ന മൽസ്യമെത്തുന്നത് നേരത്തേ വാർത്തയായിരുന്നു.