Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണമിറക്കിയാൽ കടലിൽ മൽസ്യകൃഷിക്കു സൗകര്യം

fish

തിരുവനന്തപുരം ∙ സ്വകാര്യ സംരംഭകർക്കു കടലിൽ മൽസ്യകൃഷിക്കു സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ദേശീയ ജലകൃഷി നയം പ്രഖ്യാപിച്ചു. 12 നോട്ടിക്കൽ മൈൽ വരെ സംസ്ഥാന സർക്കാരും തീരത്തോടു ചേർന്നുള്ള തദ്ദേശസ്ഥാപനങ്ങളം ലൈസൻസ് നൽകും. 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്തു കേന്ദ്രസർക്കാരും അനുമതി നൽകും.

തീരദേശവാസികളുടെ ഉപജീവന സാധ്യതകൾ വർധിപ്പിക്കുക, പോഷക ഗുണമുള്ള മൽസ്യം ലഭ്യമാക്കുക എന്നിവയാണു ലക്ഷ്യമെന്നു നയപ്രഖ്യാപനം വ്യക്തമാക്കുന്നു. നിലവിലെ മൽസ്യബന്ധനത്തിലൂടെയും ഉൾനാടൻ അക്വാകൾചറിലൂടെയും ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കും വേണ്ടത്ര മൽസ്യം കിട്ടുന്നില്ല. 2030 ആകുമ്പോൾ 18 ദശലക്ഷം ടൺ മൽസ്യം ഉൽപാദിപ്പിക്കാനാണു നീക്കം. വിത്ത്, കുഞ്ഞുങ്ങൾ, ഉപകരണങ്ങൾ, ഔഷധങ്ങൾ, സാങ്കേതികവിദ്യ, വിപണിസൗകര്യം എന്നിവ സർക്കാരുകളും ഗവേഷണ സ്ഥാപനങ്ങളും നൽകുമെന്നും നയം വ്യക്തമാക്കുന്നു.

മോത മുതൽ കല്ലുമ്മക്കായവരെ

മോത, കാളാഞ്ചി, വറ്റ, കണവ, ചെമ്പല്ലി, കിളിമീൻ, അലങ്കാരമൽസ്യങ്ങൾ എന്നിവയും കല്ലുമ്മക്കായ, മുരിങ്ങ, ചിപ്പി, കക്ക, കൊഞ്ച്, കാര, ‍ഞണ്ട്, കടൽപ്പായൽ, കടൽവെള്ളരി തുടങ്ങിയവയുമാണു കടലിൽ കൃഷി ചെയ്യുക. ഇതിനായി കൂടുകൃഷി, പെനികൾചർ, മുരിങ്ങപ്പാടങ്ങൾ, ഹാച്ചറികൾ, കടൽപ്പായൽ കേന്ദ്രങ്ങൾ, നഴ്സറികൾ എന്നിവ കടലിലും തീരത്തോടു ചേർന്നും സ്ഥാപിക്കും. 

മൽസ്യതൊഴിലാളികളുടെ യാനങ്ങളും ബോട്ടുകളും കപ്പലുകളും ഈ പ്രദേശത്ത് അതിക്രമിച്ചു കയറാതിരിക്കാനുള്ള സംവിധാനവുമുണ്ടാകും.