Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ സോൺ ചോദിച്ച് തരൂരും സച്ചിനും യോഗിയും

Indian Railway

ന്യൂഡൽഹി ∙ കഴിഞ്ഞ മൂന്നു വർഷത്തിനിടെ തങ്ങളുടെ നിയോജകമ‍ണ്ഡലത്തിൽ പുതിയ റെയിൽവേ ഡിവിഷനോ സോണോ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് 170 ൽ അധികം വിഐപിമാർ. ശശി തരൂരും രാജ്യസഭ‌ എംപിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കറും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇവരിൽ ഉൾപ്പെടും. തിരുവനന്തപുരത്ത് സോണും കണ്ണൂരിൽ ഡിവിഷനും വേണമെന്നാണ് ശശി തരൂർ ആവശ്യപ്പെട്ടിട്ടുള്ളത്. 

മുംബൈ സബർബനിൽ സോണ്‍ വേണമെന്നു സച്ചിൻ ആവശ്യപ്പെട്ടപ്പോൾ നാഗ്പൂരിൽ സോണും ഡിവിഷനും വേണമെന്നാണ് നിതിൻ ഗഡ്കരിയുടെ ആവശ്യം. ഗോരഖ്പൂരിൽ പുതിയ ഡിവിഷൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് കത്തു നൽകിയത് എംപിയായിരുന്ന സമയത്താണ്.

കേരളത്തിന്‍റെ റെയിൽവേ വികസന പദ്ധതികള്‍ വേഗത്തിൽ നടപ്പിലാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോൺ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചത്. 

രാഷ്ട്രീയ കാരണങ്ങൾ മുൻ നിർത്തിയാണ് പലപ്പോഴും പുതിയ സോണുകൾക്കും ഡിവിഷനുകൾക്കുമായി ആവശ്യം ഉയരാറുള്ളതെന്നും ഇതു പ്രാവർത്തികമാക്കുക എളുപ്പമല്ലെന്നുമാണ് റെയിൽവേയുടെ നിലപാട്. ഏതാണ്ട് 205 കോടി രൂപയാണ് ഒരു പുതിയ സോൺ രൂപീകരണത്തിന് വരുന്ന ചെലവ്; ഡിവിഷൻ രൂപീകരണത്തിന് ഏതാണ്ട് 29 കോടി രൂപയും. പുതിയ തസ്തികകളുടെ രൂപീകരണം, സ്ഥാനക്കയറ്റം, നിയമനം, ഇതുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ എന്നിവ കൂടാടെയാണ് ഈ കണക്ക്. 2009–13 കാലത്തു ലഭിച്ച അപേക്ഷകൾ പരിശോധിക്കാൻ റെയിൽവേ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അപേക്ഷകളൊന്നും നീതീകരിക്കാനാകുന്നതല്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. 

2002–03 നു ശേഷം നിലവിൽ വന്ന മിക്ക സോണുകളും രാഷ്ട്രീയ സമ്മർദം മൂലം മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്നും സാങ്കേതികമോ പ്രവര്‍ത്തനപരമോ യാതൊരുവിധ പരിഗണനയും ഇത്തരം തീരുമാനങ്ങൾക്കു പിന്നിലില്ലെന്നുമാണ് റെയിൽവേ ബോർഡുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പുതിയ സോണുകൾ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ള സോണുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമാണ് വിദഗ്ധ ഉപദേശം.

related stories