Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദ് ജോണിന്റെ മോചനം: കുരുക്കഴിയാത്തതിനു വംശീയതയും കാരണം? സഹായം തേടി സഹോദരി

anand-jon-sanjana ആനന്ദ് ജോൺ, സഞ്ജന

ഫാഷൻ ലോകത്ത് ഒരു മലയാളിക്ക് കൊതിക്കാവുന്നതിലും വലിയ ഉയരത്തിലായിരുന്നു ആനന്ദ് ജോൺ. ആ ഉയരത്തിൽ നിന്ന് അയാൾ വീണുപോയി. അതോ വീഴ്ത്തിയതോ? കുടുക്കിയതാവുമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകൾ തുടരെ തുടരെ വന്നിട്ടും എന്തുകൊണ്ട് അയാൾ ജയിൽമോചിതനായില്ല. ഇപ്പോഴും യുഎസിലെ ഇരുമ്പഴിക്കുള്ളിൽ തുടുരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമറിയാതെ നിസ്സഹായതയോടെ ഇപ്പോഴും അലയുന്ന സഹോദരിയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സഞ്ജന ഇന്നലെ രാജ്യതലസ്ഥാനത്തു വന്നു. അവരുടെ ഒപ്പം ചേർന്നു ആനന്ദിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയവരിൽ ബിജെപി എംപി മുതൽ ആത്മീയ നേതാക്കൾ വരെ.

അവരെല്ലാം പറയുന്നത് രണ്ടേരണ്ടുകാര്യം: ആനന്ദ് എന്ന ഇന്ത്യക്കാരനോടുള്ള അസൂയ മൂലം ഫാഷൻ ലോകം അടക്കിവാണ ചിലരുടെ കെണിയായിരുന്നു ആനന്ദിന്റെ തടവ്, രണ്ട് - വംശീയവെറി.

Sanjana Jon | Anand Jon ആനന്ദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ചേർന്ന യോഗം. സഹോദരി സഞ്ജന സംസാരിക്കുന്നു.

∙ ആനന്ദിന് സംഭവിക്കുന്നത്

പീഡന കുറ്റംം ചുമത്തി 59 വർഷത്തേക്കാണ് ആനന്ദ് ജയിലിലടച്ചത്. ആനന്ദ് പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടും നുണ പരിശോധനാ ഫലവും പുറത്തുവന്നു. ന്യൂയോർക്ക്, ഹൂസ്റ്റൺ കോടതികളിലുണ്ടായിരുന്ന കേസ്സുകൾക്കു പുറമേ, ഡാലസ്സിലെ കേസ്സും ഇപ്പോൾ പൂർണമായും തള്ളി. പീഡന ആരോപണവുമായി ബന്ധപ്പെട്ട പരിശോധനകളും ആനന്ദിന് അനുകൂലമായിരുന്നു. കലിഫോർണിയയിലെ കേസുകൾ മാത്രമാണ് നിലനിൽക്കുന്നത്. പരാതിക്കാരുടെ വെളിപ്പെടുത്തലുകൾ വ്യാജമാണെന്നു തെളിഞ്ഞിട്ടും കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആനന്ദ് ജയിലിൽ തന്നെയാണ്.

∙ ഇന്നലെ സംഭവിച്ചത്

ആനന്ദ് ജോണിന്റെ മോചനം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നലെ ഒത്തുകൂടിയവരിൽ ബിജെപി എംപി ഉദിത് രാജ് മുതൽ ആത്മീയ നേതാക്കൾ വരെയുണ്ടായിരുന്നു. വിഷയത്തിൽ കലിഫോർണിയ ഗവർണറുടെ ഇടപെടലും ഉദിത് രാജ് എംപി അഭ്യർഥിച്ചു. വിഷയം പാർലമെന്റിൽ അടക്കം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദിന്റെ സഹോദരി സഞ്ജനയുടെ സാന്നിധ്യത്തിൽ മനുഷ്യാവകാശ പ്രവർ‍ത്തകരുടെ നേതൃത്വത്തിൽ ആനന്ദ് ജോണിന്റെ മോചനത്തിനായി നടന്ന പ്രത്യേക കൂട്ടായ്മയിൽ സ്വാമി പത്മ പ്രകാശ, ശിബാനി കശ്യപ്, മഹാജൻ, ആന്റണി രാജ്, ആത്മീയമേഖലയിൽ നിന്നുള്ള ശൈലേഷ് തിവാരി, ബാബ അസീസ് നിസ്സാമി, നിർമൽ ജെയിൻ, അങ്കിത് ഡേ എന്നിവർ നേതൃത്വം നൽകി.

Sanjana Jon ആനന്ദിന്റെ സഹോദരി സഞ്ജന.

∙ വിതുമ്പലടക്കാതെ സഞ്ജന

ആനന്ദിനെക്കുറിച്ചു പറയുമ്പോൾ സഞ്ജനയെന്ന ലോകപ്രശസ്ത ഫാഷൻ ഡിസൈനർ സഹോദരി മാത്രമായി. അവർ പലവട്ടം വിതുമ്പി. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇടപെടുമെന്ന പ്രതീക്ഷ അവർ വീണ്ടും വീണ്ടും പങ്കുവച്ചു. ആനന്ദിന്റെ നിരപരാധിത്വം വ്യക്തമായിട്ടും വംശീയത അടക്കമുള്ള കാരണങ്ങളാൽ മോചനം തടഞ്ഞിരിക്കുകയാണെന്നും ഇന്ത്യയുടെ മകനായതിനാലാണ് അമേരിക്കയിൽ അവനെ കുടുക്കിയതെന്നും അവർ ആരോപിച്ചു.

∙ സർക്കാർ എന്തു ചെയ്തു ?

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഞ്ചുതവണ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി സഞ്ജന പറയുന്നു. കേരള സർക്കാരിനെയും പലവട്ടം സമീപിച്ചു. യുപിഎ സർക്കാരിന്റെ കാലത്തു സോണിയാ ഗാന്ധിയെ നേരിൽക്കണ്ടു പരാതി നൽകി. എന്നിട്ടും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇടപെടാത്തത് സങ്കടകരമാണെന്നു മാത്രമായിരുന്നു സഞ്ജനയുടെ പരിഭവം. ഇന്ത്യൻ ഭരണസംവിധാനത്തിലാണ് ഇപ്പോഴും പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

Sanjana Jon | Anand Jon ആനന്ദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ചേർന്ന യോഗത്തിൽനിന്ന്.

∙ ആരായിരുന്നു ആനന്ദ്

ലോക ഫാഷൻ ഡിസൈനിങ് രംഗത്ത് പ്രശസ്‌തിയിലേക്കുയർന്ന കോട്ടയം മല്ലപ്പള്ളി സ്വദേശിയാണ് ആനന്ദ്. കേരളത്തിലും ചെന്നൈയിലുമായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് അമേരിക്കയില്‍ സ്‌പെഷല്‍ സ്‌കോളര്‍ഷിപ്പ് വഴി പഠനത്തിനെത്തി സൂപ്പർ സെലിബ്രിറ്റിയായി മാറുകയായിരുന്നു. ലോകത്തിലെ മികച്ച പത്ത് ആകര്‍ഷണീയതയുള്ള പുരുഷന്മാരില്‍ ഒരാളായി പോലും തിരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ ഡിസൈനിങ് ആനന്ദിനു വേണ്ടി കാത്തു നിന്നവർ പിന്നീട് സൂപ്പർ മോഡലുകളായി. പാരിസ് ഹിൾട്ടനും ജെന്നിഫര്‍ ലോപ്പസ്സും അടക്കം. വാൾ സ്ട്രീറ്റിന്റെ സാമ്പത്തിക സഹായം എത്തിയതോടെ ആനന്ദ് പലരുടെയും നോട്ടപ്പുള്ളിയായി. പിന്നീടുള്ളത് ഇരുമ്പഴിക്കുള്ളിലെ കഥ. മനപ്പൂർവം കുടുക്കാൻ ലക്ഷ്യമിട്ട് കേസുകൾ കെട്ടിച്ചമയ്‌ക്കുകയായിരുന്നവെന്ന ആരോപണം തുടക്കം മുതലെയുണ്ട്.