Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ കണ്ടു; ഇന്ത്യൻ മരുന്നുകളുടെ ഇറക്കുമതി വർധിപ്പിക്കാൻ ചൈന തീരുമാനിച്ചു

tablets

ബെയ്ജിങ്∙ ഒരു സിനിമയ്ക്ക് ഇന്ത്യയും ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ എന്തു കാര്യമെന്ന സംശയം സ്വഭാവികം. എന്നാൽ ഒരു സിനിമ കണ്ട ശേഷം ഇന്ത്യയിൽ നിന്നു കൂടുതൽ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണു ചൈന. പ്രധാനമായും കാൻസർ പ്രതിരോധ മരുന്നുകൾ. ചൈനയിൽ ഈ വർഷം പുറത്തിറങ്ങിയ ‘ഡയിങ് ടു സർവൈവ്’(അതിജീവനത്തിനുള്ള മരണം) എന്ന ചിത്രമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ലുക്കീമിയ രോഗബാധിതനായ യുവാവ് ഇന്ത്യയിൽ നിന്നും കാൻസർ പ്രതിരോധ മരുന്നുകൾ അനധികൃതമായി കടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചൈനയിലെ മരുന്നു ദൗർബല്യം കണക്കിലെടുത്ത്, ഈ വർഷം കൂടുതൽ ഇന്ത്യൻ കമ്പനികൾക്ക് ഇറക്കുമതി ലൈസൻസ് നൽകാൻ തീരുമാനിച്ചുവെന്നാണു വിവരം. ഇന്ത്യൻ കമ്പനികൾക്കു വൻ നേട്ടമാകുന്ന ഈ കാര്യം ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുയിങാണ് സൂചിപ്പിച്ചത്. ഇന്ത്യയും ചൈനയുമായുള്ള വ്യാപാര ബന്ധം വളർച്ചയുടെ പാതയിലാണെന്നും ഈ അവസരം ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും ചൈനയിലേക്കുള്ള പുതിയ വാതിൽ തുറക്കുമെന്നു അവർ പറഞ്ഞു.

ചൈനയിൽ ഓരോ വർഷവും ഏകദേശം 43 ലക്ഷം ആളുകളിൽ കാൻസർ രോഗം കണ്ടെത്തുന്നുണ്ടെന്നാണു കണക്ക്. താരതമ്യേനെ കുറഞ്ഞ നിരക്കുള്ള ഇന്ത്യൻ മരുന്നുകൾക്ക് നിരവധി ആവശ്യക്കാരാണ് അവിടെയുള്ളത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വളരെ കുറിച്ച് കമ്പനികൾ മാത്രമാണ് മരുന്നുകൾ ചൈനയിലേക്കു ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ മേയിൽ ഇന്ത്യയിൽ നിന്നുള്ള മരുന്നകൾക്കുള്ള ഇറക്കുമതി തീരുവ ചൈന കുറിച്ചിരുന്നു.

എന്നാൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നു ലൈസൻസ് ലഭിക്കാതിരുന്നതിനാൽ ഈ അവസരം പ്രയോജനപ്പെടുത്താൻ കമ്പനികൾക്ക് സാധിച്ചില്ല. ചൈന പോലെ ഒരു വൻ വിപണി, കൂടുതൽ പ്രയോജനപ്പെടുത്താൻ പുതിയ തീരുമാനം സഹായകമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏപ്രിലിൽ വുഹാനിൽ നടന്ന ഉച്ചക്കോടിയിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങും തമ്മിൽ ധാരണയിൽ എത്തിയിരുന്നു.

related stories