Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന്തി, നടന്നു, നിരങ്ങിയിറങ്ങി; കുട്ടികളെ പുറത്തെത്തിച്ചത് ദുരിതപർവം താണ്ടി

thailand-children-rescue-mission ചിരിമടക്കം: രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം മടങ്ങുന്ന വൊളന്റിയർമാർ. ചിത്രം: ഭാനുപ്രകാശ് ചന്ദ്ര∙മനോരമ

കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടന്നും നാലു കിലോമീറ്റർ പിന്നിടുക. കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു.

മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.