Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയെ ചെറുതാക്കാൻ ബോറീസിനെ പുകഴ്ത്തി; പ്രതിഷേധങ്ങൾ ഗൗനിക്കാതെ ട്രംപിന്റെ സന്ദർശനം

queen-elizabeth-donald-trump എലിസബത്ത് രാജ്ഞിയും ഡോണൾ‍ഡ് ട്രംപും വിൻസർ കാസിലിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു.

ലണ്ടൻ∙ ബ്രിട്ടിഷ് സന്ദർശനത്തിലെ പ്രധാന ദിവസമായ ഇന്നലെ ലണ്ടനിലും മറ്റു വൻ നഗരങ്ങളിലും അലയടിച്ച പ്രതിഷേധങ്ങളെയെല്ലാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നിലപാടുകൾകൊണ്ട് നിഷ്പ്രഭമാക്കി. വിവാദപരമായ പ്രസ്താവനകൾ നടത്തിയും ലണ്ടൻ മേയർ സാദിഖ് ഖാനെ നിശിതമായി വിമർശിച്ചും സർക്കാരിന്റെ ബ്രെക്സിറ്റ് നയങ്ങളെ തുറന്നെതിർത്തും വാർത്തകളിൽ നിറഞ്ഞ ട്രംപ് പ്രതിഷേധക്കാരുടെ പ്രകടനങ്ങളെ കടത്തിവെട്ടി. രാവിലെമുതൽ വിവാദ പ്രസ്താവനകളിലൂടെ വാർത്ത സൃഷ്ടിച്ച ട്രംപ് പക്ഷേ, വൈകിട്ട് പ്രധാനമന്ത്രിയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലും എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലും പതിവുകൾ തെറ്റിക്കാതെയും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചും തികഞ്ഞ നയതന്ത്രജ്ഞനായി. കുറെപ്പേർ എതിപ്പുമായുണ്ടെങ്കിലും യധാർഥ ബ്രിട്ട‌ിഷുകാർക്കു തന്നോടു സ്നേഹമാണെന്നു തുറന്നടിച്ചായിരുന്നു പ്രതിഷേധങ്ങളെ ട്രംപ് നേരിട്ടത്. ലണ്ടൻ, ബർമിങ്ങാം, മാഞ്ചസ്റ്റർ, നോട്ടിങ്ങാം, ന്യൂകാസിൽ തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം പ്രതിഷേധക്കാർ പ്രകടനം നടത്തി.

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള സൺ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപ് തെരേസ മേയുടെ പുതിയ ബ്രെക്സിറ്റ് നയങ്ങളെ തുറന്നെതിർത്തത്. നല്ലരീതിയിൽ ബ്രെക്സിറ്റ് നടപ്പിലാക്കാൻ സഹായിക്കുന്ന തന്റെ ഉപദേശങ്ങൾ പ്രധാനമന്ത്രി ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോഴത്തെ ബ്രെക്സിറ്റ് നടപടികൾ ജനഹിതത്തിന് എതിരാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഇതിനേക്കാൾ ഏറെ കടുത്തതായിരുന്നു കഴിഞ്ഞദിവസം തെരേസയുടെ കാബിനറ്റിൽനിന്നു രാജിവച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ പുകഴ്ത്തിയുള്ള പരാമർശങ്ങൾ. ബോറിസ് സമർഥനും തന്റെ അടുത്ത സുഹത്തുമാണ്. തീർച്ചയായും ബ്രിട്ടന്റെ ഭാവിയിലെ മികച്ച പ്രധാനമന്ത്രിയാകാൻ ഏറ്റവും യോജിച്ചയാളാണു ബോറിസെന്നും ട്രംപ് തുറന്നടിച്ചു. പാർട്ടിയിൽ തെരേസയുടെ പ്രധാന എതിരാളിയായ ബോറിസനെ അനവസരത്തിൽ പുകഴ്ത്തിയുള്ള ഈ പ്രസ്താവന ഭാവിയിലെ ബോറിസിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള പരസ്യമായ പിന്തുണകൂടിയായി. ബോറിസ് സർക്കാരിന്റെ ഭാഗമല്ലാതായതിൽ വിഷമമുണ്ട്. നിങ്ങളുടെ രാജ്യത്തിന്റെ മികച്ച പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം. സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാനാവുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ബോറിസിനെ പുകഴ്ത്തിയതിനൊപ്പം ലണ്ടൻ മേയർ സാദിഖ് ഖാനെ നിശിതമായി വിമർശിക്കാനും ട്രംപ് തയാറായി. മേയറെന്ന നിലയിൽ വളരെ മോശം പ്രവർത്തികളാണു സാദിഖ് ഖാൻ ചെയ്യുന്നതെന്നായിരുന്നു പരിഹാസം. ഭീകരാക്രമണങ്ങൾ തടയാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. കുടിയേറ്റം നിയന്ത്രിക്കാനും അക്രമങ്ങൾ തടയാനും ആശുപത്രികളുടെ പ്രവർത്തനം പോലും സുഗമമായി നടത്താനും സാദിഖ് ഖാനു കഴിയുന്നില്ലെന്നായിരുന്നു വിമർശനം. തന്റെ എക്കാലത്തെയും വിമർശകനായ സാദിഖിനെ പേരുടുത്തു പറഞ്ഞു വിമർശിച്ച പ്രസിഡന്റ് സ്ഥാനത്തിനു യോജിച്ച പ്രവർത്തിയല്ല ചെയ്തതെന്ന് ആരോപണമുയർന്നെങ്കിലും പ്രതിഷേധക്കാർക്ക് വളംവച്ചുകൊടുത്ത മേയറോടു പൊറുക്കാനില്ലെന്ന സന്ദേശമായിരുന്നു ട്രംപ് ഇതിലൂടെ നൽകിയത്.

കാർട്ടൂൺ കഥാപാത്രത്തിന്റെ മാതൃകയിൽ ട്രംപിന്റെ കൂറ്റൺ ബലൂണുണ്ടാക്കി നാപ്പിയുടുപ്പിച്ചു പാർലമെന്റ് ചത്വരത്തിൽ ഉയർത്താൻ പ്രതിഷേധക്കാർക്ക് അനുമതി നൽകിയത് മേയർ സാദിഖ് ഖാനായിരുന്നു. പ്രസിഡന്റിനെ കോമാളിയാക്കി ചിത്രീകരിക്കുന്ന കൂറ്റൺ ഓറഞ്ച് ബലൂൺ ലോകമെങ്ങും വാർത്തയായിരുന്നു.

തെരേസ മേയുടെ ബ്രെക്സിറ്റ് നയങ്ങളെ തുറന്നെതിർക്കുകയും പ്രധാനമന്ത്രിയുടെ നടപടികൾ ബ്രിട്ടിഷ് - യുഎസ് സ്വതന്ത്ര വ്യാപാര കരാറിനു തടസമാകുമെന്നും രാവിലെ തുറന്നടിച്ച ട്രംപ് പക്ഷേ, ഉച്ചയ്ക്കു ചെക്കേഴ്സിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം നിലപാടു മാറ്റിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പെന്നത്തേക്കാളും മികച്ചതാണെന്നും സ്വതന്ത്ര വ്യാപാര കരാർ തീർച്ചയായും സാധ്യമാണെന്നും കരാറിനായുള്ള ചർച്ചകളും നടപടികളും തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെരേസ മേയെ മുഖത്തുനോക്കി പുക്ഴ്ത്തിപ്പറയാനും പ്രസിഡന്റ് മടികാട്ടിയില്ല.

ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ട്രംപ് ഇന്നു സ്കോട്ട്‌ലൻഡിലെ തന്റെ സ്വന്തം ഗോൾഫ് കോഴ്സിൽ വിശ്രമിക്കും. തുടർന്നു ഹെൽസിങ്കിയിലേക്കു പോകുന്ന അദ്ദേഹം അവിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയശേഷമാകും മടങ്ങുക.