കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് ടെക്കിയെ തല്ലിക്കൊന്നു; 30–ാം കൊലപാതകം

പ്രതീകാത്മക ചിത്രം.

ബെംഗളൂരു ∙ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന തെറ്റിദ്ധാരണയിൽ വീണ്ടും ആൾക്കൂട്ടക്കൊല; സോഫ്റ്റ്‍വെയർ എൻജിനിയറായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കര്‍ണാടകയിൽ ബീദർ ജില്ലയിൽ മുഹമ്മദ് അസം (32) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഖത്തർ പൗരൻ ഉൾപ്പെടെ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അസമും സുഹൃത്തുക്കളും കാറിൽ നഗരത്തിൽ കറങ്ങാൻ ഇറങ്ങിയതായിരുന്നു. യാത്രയ്ക്കിടെ വാഹനം നിര്‍ത്തിയപ്പോള്‍ അസമിന്റെ സുഹൃത്തും ഖത്തർ പൗരനുമായ മുഹമ്മദ് സലാം സമീപത്തുണ്ടായിരുന്ന കുട്ടികള്‍ക്കു ചോക്ലേറ്റ് സമ്മാനിച്ചു. ഒരു പ്രദേശവാസി ഇതുകണ്ടു. കുട്ടികളെ മധുരം നല്‍കി തട്ടിയെടുക്കുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന് ഇയാള്‍ വാട്‌സാപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചു. ഗ്രാമത്തിലെ ആളുകള്‍ കൂട്ടത്തോടെ എത്തി യുവാക്കളോടു കയർക്കുകയും വിഡിയോ എടുക്കുകയും ചെയ്തു.

വിശദീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ യുവാക്കൾ കാറോടിച്ചു പോയി. നാട്ടുകാർ ബൈക്കില്‍ പിന്തുടർന്നു. ഇതിലൊരു ബൈക്കിനെ ഇടിച്ച കാർ, നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു. തടിച്ചുകൂടിയ നാട്ടുകാർ യുവാക്കളെ കാറിനുള്ളിലിട്ടു ക്രൂരമായി മർദിക്കുകയായിരുന്നു. ജനക്കൂട്ടം ഇതെല്ലാം കണ്ടുനിന്നെങ്കിലും അക്രമികളെ തടയാനോ യുവാക്കളെ രക്ഷിക്കാനോ തയാറായില്ല. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മുഹമ്മദ് അസം മരിച്ചിരുന്നു. 

കൂടെയുണ്ടായിരുന്നവരെ ഗുരുതര പരുക്കുകളോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘എന്റെ സഹോദരൻ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്. രണ്ടു വയസ്സുള്ള കുട്ടിയുടെ അച്ഛനാണ്. ആൾക്കൂട്ടക്കൊലയ്ക്കെതിരെ സർക്കാർ നടപടിയെടുക്കണം’– അസമിന്റെ സഹോദരൻ അക്രം പറഞ്ഞു.

സന്ദേശം കൈമാറിയ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ 32 പേരെ അറസ്റ്റ് ചെയ്തു. കുട്ടിക്കടത്തുകാർ ചുറ്റിക്കറങ്ങുന്നതായി വാട്സാപ്പിൽ വ്യാജസന്ദേശം പ്രചരിച്ചതിനെ തുടർന്ന് ഒരുവർഷത്തിനിടെ രാജ്യത്തുണ്ടായ മുപ്പതാമത്തെ കൊലപാതകമാണിത്.