Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മാത്യു ടി.തോമസ് വർഗീയവാദിയെന്ന് വാട്സാപ് ഗ്രൂപ്പിൽ; കൃഷ്ണൻകുട്ടി എംഎൽഎയുടെ പിഎ പുറത്ത്

Mathew T. Thomas

തിരുവനന്തപുരം∙ മന്ത്രി മാത്യു ടി.തോമസ് വർഗീയവാദിയാണെന്ന് ആക്ഷേപിച്ച് വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റിട്ടയാളെ ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ പഴ്സനൽ അസിസ്റ്റന്റ് സ്ഥാനത്തു നിന്നു നീക്കി. പിഎ ആയിരുന്ന ടി.ടി. അരുണിനെയാണു നീക്കിയത്. മന്ത്രിയെ രൂക്ഷമായി ആക്ഷേപിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിലിട്ട പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ അരുൺ അതു നീക്കിയിരുന്നു.

അതിനു പിന്നാലെയാണ് പിഎ സ്ഥാനത്തു നിന്ന് നീക്കിയത്. അരുണിനെ ഒഴിവാക്കിയെന്ന് കെ.കൃഷ്ണൻകുട്ടി അറിയിച്ചു.സർക്കാർ ഉദ്യോഗസ്ഥനായ ആൾ ഇങ്ങനെ പോസ്റ്റിട്ടതു ശരിയല്ലെന്നു കൃഷ്ണൻകുട്ടി പ്രതികരിച്ചു. മന്ത്രിയെ ആക്ഷേപിച്ചത് സർക്കാർ ഉദ്യോഗസ്ഥനായതിനാൽ കേസിനും വകുപ്പു തല നടപടിക്കും സാധ്യതയുണ്ട്. 

അതേസമയം പാർട്ടിക്കുള്ളിൽ മന്ത്രിമാറ്റ ചർച്ച സജീവമാക്കി നിർത്താനാണ് കൃഷ്ണൻകുട്ടി പക്ഷത്തിന്റെ നീക്കം. കഴിഞ്ഞ നേതൃയോഗത്തിലെ ചർച്ചയുടെ തുടർച്ചയായി അന്തിമതീരുമാനം അഖിലേന്ത്യാ നേതൃത്വത്തിനു വിട്ട സാഹചര്യത്തിൽ അതു വരുന്നതു വരെ കാത്തിരിക്കാമെന്നാണ് നിലപാട്. ഗ്രൂപ്പ് പോരു മുറുകിയാൽ ഇടതു മുന്നണിക്കു തലവേദനയായി മാറും. 

അവിശുദ്ധ കൂട്ടുകെട്ടിനു ശ്രമിച്ചിട്ടില്ല: മാത്യു ടി.തോമസ്

തന്റെ രാഷ്ട്രീയ വളർച്ചയ്‌ക്കോ നിലനിൽപിനോ വേണ്ടി മത–രാഷ്ട്രീയ നേതാക്കളുമായി ഏതെങ്കിലും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയോ അവരുടെ പിന്നാലെ നടക്കുകയോ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയോ ചെയ്യേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നു മന്ത്രി മാത്യു ടി.തോമസ്. 

ക്ഷേത്രദർശനത്തിനോ പള്ളിയാരാധനയ്‌ക്കോ നിസ്‌ക്കാരത്തിനോ പോകുന്നവരെല്ലാം വർഗീയവാദികളോ തീവ്രവാദികളോ ആണെന്നു കരുതുന്നതു മൗഢ്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. കെ.കൃഷ്ണൻകുട്ടി എംഎൽഎയുടെ പിഎ തന്നെ വർഗീയ വാദിയെന്ന് ആക്ഷേപിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതു വിവാദമായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിശ്വാസവും വർഗീയതയും തമ്മിൽ വേർതിരിച്ചറിയാനാവാത്ത ആശയക്കുഴപ്പം ഇന്നു പലരുടെയും പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

താൻ ഒരു വിശ്വാസിയാണ്. ക്രൈസ്തവസഭയിലെ വൈദികന്റെ മകനാണ്. മതേതരവാദി ചമയുന്നതിനായി വിശ്വാസത്തെയോ പിതാവിനെയോ തള്ളിപ്പറയാൻ ഒരുക്കമല്ല. വിശ്വാസി ആയിരിക്കെ തന്നെ സ്വാധീനിച്ചിട്ടുള്ളത് എല്ലാ വിശ്വാസദർശനങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്‌നേഹത്തിന്റെയും നീതിയുടെയും സമത്വത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളാണ്. അത്തരം മൂല്യങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിക്കാൻ ഇടതു സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾക്കാവും. ഇതിനപ്പുറമായ സ്ഥാപിത താൽപര്യങ്ങളൊന്നും രാഷ്ട്രീയപ്രവർത്തനരംഗത്തു തനിക്കില്ല. വൈദികനായ പിതാവിന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും തന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിനു ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. 

കേരളസമൂഹം മുഴുവൻ ആദരവോടെ കാണുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായും വിശ്വാസദർശനങ്ങളുടെയും വിഭാഗീയ മതതാൽപര്യങ്ങളുടെയും വേർതിരിവിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടുള്ള ആചാര്യനാണ്. ഹൈന്ദവ ആചാര്യനും സോഷ്യലിസ്റ്റുമായ സ്വാമി അഗ്‌നിവേശിനെതിരെയുണ്ടായ കായികാക്രമണത്തെ എതിർത്തുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത് അദ്ദേഹം മൂല്യാധിഷ്ഠിതമായ ഉയർന്ന ആധ്യാത്മികതയും രാഷ്ട്രീയ നിലപാടുകളും ജീവിതത്തിൽ പ്രയോഗിക്കുന്ന ആളായതിനാലാണ്. 

വിശ്വാസി ആയിരിക്കെത്തന്നെ സംഘടിത മതത്തിന്റെ സമ്മർദ്ദതന്ത്രങ്ങളെയും രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളെയും അകറ്റിനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണു തന്റെ സ്വയം വിലയിരുത്തലും ഉത്തമബോധ്യവും.–മാത്യു ടി.തോമസ് ചൂണ്ടിക്കാട്ടി.

related stories