Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ മാറി; കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ശനിയാഴ്ച കേരളത്തിൽ

Rain Kottayam അമയന്നൂർ ചപ്പാത്ത് ഇരട്ടനാമറ്റത്തിൽ ജോണിന്റെ വീട് കനത്ത മഴയിൽ ഇടിഞ്ഞുവീണ നിലയിൽ

തിരുവനന്തപുരം∙ കേരളത്തിലെ മഴക്കെടുതികള്‍ വിലയിരുത്തുന്നതിനു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജു, അല്‍ഫോൻസ് കണ്ണന്താനം എന്നിവര്‍ ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വ്യോമസേന ഹെലികോപ്റ്ററില്‍ രാവിലെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന മന്ത്രിമാർ‍, അവിടെനിന്നും കോട്ടയത്തെത്തും. വൈകിട്ടോടെ ഇരുമന്ത്രിമാരും ഹെലികോപ്റ്ററില്‍ ചെല്ലാനത്ത് എത്തി എറണാകുളം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

അതേസമയം, ദിവസങ്ങളായി തുടർന്ന മഴ ശമിച്ചെങ്കിലും ദുരിതം തുടരുന്നു. ആലപ്പുഴയിലെ എസി റോഡിൽ മൂന്നാം ദിവസവും ഗതാഗത നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി അടക്കം സർവീസ് പുനരാരംഭിച്ചിട്ടില്ല. റോഡിലെ ജലനിരപ്പ് താഴാത്തതാണു കാരണം. മങ്കൊമ്പ്, മാമ്പുഴക്കരി, നെടുമുടി, നസ്രേത്ത്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളമിറങ്ങിയിട്ടില്ല. അതേസമയം, കോട്ടയത്തേക്കുള്ള യാത്രക്കാർക്കായി കെഎസ്ആർടിസി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു നടത്തുന്ന സർവീസ് തുടരുന്നു. എടത്വ ഡിപ്പോയിൽനിന്നും എസി റോഡ് അനുബന്ധ സർവീസുകൾ നിർത്തി വച്ചിട്ട് അഞ്ചു ദിവസമായി. പുളിങ്കുന്ന്, വേഴപ്ര, മുട്ടാർ, കൈനകരി തുടങ്ങിയ സ്ഥലങ്ങളിലേക്കൊന്നും വാഹനങ്ങൾ എത്തിച്ചേരാനാകാത്ത അവസ്ഥയാണ്.

അതേസമയം, കുട്ടനാട്ടിലെ ജലനിരപ്പു താഴുന്നില്ല. ആളുകൾ കൂട്ടത്തോടെ വീടുവിട്ട് യാത്രയാകുകയാണ്. 90 ശതമാനം കൃഷി ചെയ്ത പാടങ്ങളും വെള്ളത്തിനടിയിലാണ്. കാർഷിക മേഖലയിൽ 12.6 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കിഴക്കൻ മേഖലകളില്‍നിന്നു കൂടുതൽ വെള്ളമെത്തുന്നതോടെ കുട്ടനാട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമോയെന്ന ആശങ്കയുമുണ്ട്. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയ്ക്കു സമീപം നിലനിൽക്കുന്ന ന്യൂനമർദമാണു മഴ തുടരാനുള്ള കാരണം.

LIVE UPDATES
SHOW MORE
related stories