Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിൽ ദലിത് പാചകക്കാരി; പാത്രങ്ങൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് രക്ഷിതാക്കൾ

noon-meal-cook-protest ദലിത് പാചകക്കാരിയെ നിയമിച്ചതിനെതിരെ തിരുമാല ഗൗണ്ടൻപാളയം സർക്കാർ ഹൈസ്കൂളിൽ നടക്കുന്ന പ്രതിഷേധം. ചിത്രം: ട്വിറ്റർ

ചെന്നൈ∙ ദലിത് സ്ത്രീയെ സ്കൂളിലെ പാചകക്കാരിയായി നിയമിച്ചതിനെതിരെ മറ്റു ജാതിക്കാരുടെ പ്രതിഷേധം. പാചകം ചെയ്യാനുള്ള പാത്രങ്ങൾ വലിച്ചെറിഞ്ഞു പ്രതിഷേധിച്ചവർക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം കേസെടുത്തു. ദലിത് പാചകക്കാരി വീണ്ടും ജോലിയിൽ പ്രവേശിച്ചതോടെ 30 രക്ഷിതാക്കൾ സ്വന്തം കുട്ടികളെ സ്കൂളിലയക്കാൻ തയാറായില്ല. തിരുപ്പൂർ ജില്ലയിലാണ് തമിഴ്നാട്ടിലെ ജാതി വിവേചനത്തിന്റെ നേർചിത്രമായ സംഭവം നടന്നത്.

തിരുമാല ഗൗണ്ടൻപാളയം സർക്കാർ ഹൈസ്കൂളിലെ പാചക്കാരിയായി അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട പി.പപ്പലിനെ നിയമിച്ചതിനെതിരെയാണു മറ്റു ജാതിക്കാർ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് ഇവർ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

പപ്പലിന്റെ പരാതിയിൽ 87 പേർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി, വർഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേർത്താണു കേസ്. 12 പ്രധാന പ്രതികൾ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ടു പപ്പലിനു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കി.