Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊറന്റോ വെടിവയ്പ്: പരുക്കേറ്റ പത്തു വയസ്സുകാരിയും മരിച്ചു, മരണം മൂന്നായി

ടൊറന്റോയിൽ നിന്ന് വിനോദ് ജോൺ
Toronto Shooting ടൊറന്റോയിൽ വെടിവയ്പ് നടത്തുന്ന അക്രമിയുടെ സിസിടിവി ദൃശ്യം.

ടൊറന്റോ∙ ഞായറാഴ്ച രാത്രി നഗരത്തിലുണ്ടായ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലായിരുന്ന പത്തു വയസ്സുകാരിയും മരിച്ചു. പതിനെട്ടു വയസ്സുള്ള യുവതിയാണ് നേരത്തെ മരിച്ചത്. ഇതോടെ, അക്രമിയുടേതുൾപ്പെടെ മരണസംഖ്യ മൂന്നായതായി പൊലീസ് മേധാവി മാർക് സാൻഡേഴ്സ് വെളിപ്പെടുത്തി. ഇരുപത്തിയൊൻപതുകാരനായ അക്രമി കൊല്ലപ്പെട്ടത് പൊലീസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണെന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അറിയിച്ചു. ഇയാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടത്, അതോ സ്വയം വെടിവയ്ക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് യൂണിറ്റ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇതുസംബന്ധിച്ച സൂചനകൾ ലഭിക്കൂ.

അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഡാൻഫോർത്ത് അവന്യൂ-ലാഗൻ അവന്യൂ ഇന്റർസെക്‌ഷനു സമീപം നടക്കുകയായിരുന്ന യുവാവ് ആദ്യം ഒരു റസ്റ്ററന്റിലേക്കാണു വെടിയുതിർത്തത്. പിന്നീട് ബ്രൌഡൻ അവന്യു വരെ ഇതു തുടർന്നതായും ഇവിടെവച്ചാണു രണ്ടു പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബ്രൌഡൻ അവന്യൂവിൽനിന്നു രക്ഷപ്പെട്ട അക്രമിയെ നൂറു മീറ്ററോളം അകലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ നടത്തിയ വെടിവയ്പിൽ പരുക്കുകളോടെ 13 പേർ ചികിൽസയിലാണ്. പത്തു മുതൽ അൻപത്തിയൊൻപതു വയസിനു മധ്യേ പ്രായമുള്ള ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ദുരന്തത്തിൽപ്പെട്ട ആരുടെയും പേരുവിവരങ്ങൾ തിങ്കഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിവരെ വെളിപ്പെടുത്തിയിട്ടില്ല. 

ടൊറന്റോ നിവാസിയാണന്നതും പ്രായവുമല്ലാതെ അക്രമിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഇയാളുടെ സമൂഹമാധ്യമ അക്കൌണ്ടുകളും ബന്ധപ്പെട്ട മേഖലകളും കുടുംബവിവരങ്ങളും മറ്റും പരിശോധിച്ചു വരികയാണ്. തീവ്രവാദാക്രമണമാണോ, സ്ത്രീകളെ മാത്രമാണോ അക്രമി ലക്ഷ്യമിട്ടത് തുടങ്ങിയ ചോദ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമിയുടെ ലക്ഷ്യത്തെക്കുറിച്ചു സൂചനകളില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാക്കും മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നേരത്തെ അഭ്യർഥിച്ചിരുന്നു. 

toronto-shooting ടൊറന്റോയിൽ വെടിവെപ്പുണ്ടായ സ്ഥലത്തെത്തിയ പൊലീസ്. ചിത്രം: ട്വിറ്റർ

ഞായറാഴ്ച രാത്രി പത്തു മണിയോടെ തിരക്കേറിയ ഗ്രീക്ക് ടൗണിൽ ഡാൻഫോർത്ത് അവന്യുവിലെ ഒരു റസ്റ്ററന്റിലേക്കാണ് അക്രമി ആദ്യം വെടിയുതിർത്തത്. കറുപ്പു നിറത്തിലുള്ള വേഷവും തൊപ്പിയുമണിഞ്ഞ് സാമാന്യം വേഗത്തിൽ നടക്കുകയായിരുന്ന യുവാവ് റസ്റ്ററന്റിന് സമീപം എത്തിയപ്പോൾ കൈത്തോക്ക് എടുത്ത് തുരുതുരാ നിറയൊഴിക്കുകയായിരുന്നെന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങളിൽനിന്നു മനസിലാകുന്നത്. കൂട്ടനിലവിളിയും ഇടവിട്ട്  വെടിയൊച്ചകളും  കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വിഡിയോ ഗെയിമുകളിലേതുപോലെ വെടിയുതിർത്തു കളിക്കുകയായിരുന്നു അക്രമിയെന്നാണ് ദൃക്സാക്ഷികളിൽ ചിലർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും സമാനമായ ഒട്ടേറെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ രാത്രികാല പട്രോളിങ് ശക്തമാക്കുന്നതായി ഇരുന്നൂറിലേറെ ഓഫിസർമാരെ നിയോഗിച്ചിരുന്നു. 

ടൊറന്റോ പൊലീസ് രേഖകൾപ്രകാരം 2014ൽ 177, 2015ൽ 288, 2016ൽ 407, 2017ൽ 395 എന്നിങ്ങനെയാണ് അക്രമികളുമായി ബന്ധപ്പെട്ട വെടിവയ്പുകളുണ്ടായത്. ഈ വർഷം ആറു മാസം പിന്നിടുമ്പോഴേക്കും ഇത് ഇരുന്നൂറിലേറെയായതാണ് ആശങ്ക പടർത്തുന്നത്. ഇതിൽ 24 അക്രമങ്ങളിൽ മരണങ്ങളും രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ അൻപതിലേറെ പേർക്കാണ് ടൊറന്റോയിലും സമീപപ്രദേശങ്ങളിലുമായി വെടിയേറ്റത്. വേനൽ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇരുപതോളം സമാന അക്രമങ്ങളാണ് രേഖപ്പെടുത്തിയത്. ഒട്ടേറെ ചെറുപ്പക്കാരുടെ കൈകളിൽ തോക്കുകൾ എത്തുന്നതായും കണ്ടെത്തിയിരുന്നു.

തോക്കിന്റെ വ്യാപകമായ ഉപയോഗത്തിനും അക്രമങ്ങൾക്കും തടയിടുന്നതിനു സേനയെ ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് ദശലക്ഷം ഡോളർ വകയിരുത്തിയിരുന്നു. ഇതേത്തുടർന്നാണു രാത്രികാല പട്രോളിങ്ങിന് മാത്രമായി ഇരുന്നൂറിലേറെ ഓഫിസർമാരെ ചുമതലപ്പെടുത്തിയത്. ഞായറാഴ്ചത്തെ അക്രമത്തെത്തുടർന്ന്, അധോലോക സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞ് ഫെഡറൽ, പ്രവിശ്യാ തലത്തിലുള്ളവർ ബന്ധപ്പെട്ടതായി പൊലീസ് മേധാവി മാർക് സാൻഡേഴ്സ് വെളിപ്പെടുത്തി. ഒരു രാത്രി കൊണ്ട് പരിഹരിക്കാവുന്നതല്ല ഇതെന്നും ടൊറന്റോയിൽ മുൻകാലത്തെപ്പോലെ സമാധാനപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനു ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. 

ടൊറന്റോയ്ക്ക് സമീപം മിസ്സിസാഗയിൽ ഏതാനും ആഴ്ചകൾക്കുമുന്പ് ബോംബെ ഭേൽ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനുമുണ്ടായിരുന്നു. അക്രമികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തരം സംഭവങ്ങളെത്തുടർന്ന് ആളുകൾ ഭീതിയിലാണെങ്കിലും മിക്ക വെടിവയ്പുകളും മയക്കുമരുന്ന് ഉൾപ്പെടെയുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പൊതുജനങ്ങൾ പരിഭ്രമിക്കേണ്ടതില്ലെന്നും വടക്കൻ അമേരിക്കയിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ടൊറന്റോ ഇപ്പോഴും ഒന്നാമതാണെന്നും പൊലീസ് നേരത്തേ പ്രതികരിച്ചിരുന്നു. 

ഏപ്രിലിൽ ടൊറന്റോ നഗരത്തിലെ തിരക്കേറിയ യങ്- ഫിഞ്ച് ഇന്റർസെക്‌ഷനു സമീപം നടപ്പാതയിലേക്കു യുവാവ് വാൻ ഓടിച്ചുകയറ്റി പത്തുപേരെ കൊലപ്പെടുത്തിയിരുന്നു. അലക് മിനാസിയാൻ എന്ന അക്രമി അന്നു സ്ത്രീകളെയാണു ലക്ഷ്യമിട്ടിരുന്നത്. ഇതു കണക്കിലെടുത്താണ്, രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ട ഞായറാഴ്ചത്തെ അക്രമം ഇത്തരത്തിലുള്ള ഒന്നാണോയെന്ന സംശയം മാധ്യമപ്രവർത്തകർ ഉന്നിച്ചത്. ഈ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബറിലാണ് ഇനി ഇയാളെ കോടതിയിൽ ഹാജരാക്കുക.