പശുവിനെ വാങ്ങി മടങ്ങിയ മലയാളിക്ക് വെടിയേറ്റു; കർണാടക വനംവകുപ്പിനെതിരെ പരാതി

പരുക്കേറ്റ നിഷാന്ത് ആശുപത്രിയിൽ

പരിയാരം∙ കറവപ്പശുവിനെയും കിടാവിനേയും വാങ്ങി വരികയായിരുന്ന പാണത്തൂര്‍ സ്വദേശിയെ കര്‍ണാടക വനം വകുപ്പ് സംഘം വെടിവച്ചുവീഴ്ത്തി. വാഹനം ഉള്‍പ്പെടെ പശുവിനേയും കിടാവിനേയും വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. പാണത്തൂര്‍ ചെമ്പേരിയിലെ എള്ളുകൊച്ചി നിഷാന്തിനാണ്(30) വെടിയേറ്റത്. കാലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറി ഗുരുതരാവസ്ഥയിലായ ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാണത്തൂര്‍ ചെമ്പേരിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ജീപ്പില്‍ സുള്ള്യ കോര്‍ലടുക്കയില്‍ നിന്നും നാടന്‍ പശുവിനേയും കിടാവിനേയും വാങ്ങി വരികയായിരുന്ന പി.എം. ഹനീഫ, കെ.വി. അനീഷ് എന്നിവരാണ് നിഷാന്തിനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ കല്ലപ്പള്ളിയില്‍ വെച്ച് പിന്തുടര്‍ന്നുവന്ന കര്‍ണാടക വനംവകുപ്പ് അധികൃതര്‍ ജീപ്പ് റോഡിന് കുറുകെയിട്ട് ഇവര്‍ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു.

ആകാശത്തേക്കു വെടിവച്ചതോടെ അനീഷും ഹനീഫയും ജീപ്പില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജീപ്പ് നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍ നിഷാന്തിന്റെ കാലിനു വെടിവച്ചുവീഴ്ത്തിയ ശേഷമാണു വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനവുമെടുത്തു മടങ്ങിയത്.