Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക്; ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി – ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ. വിഡിയോ

തൊടുപുഴ ∙ ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകി പെരിയാർ. ഇരുകരകളിലും നാശം വിതച്ചും കരകവിഞ്ഞുമാണ് പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ഒഴുക്കു ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽനിന്നും മുറിച്ചു കടക്കുന്നതിൽനിന്നും പിന്തിരിയണമെന്നും അറിയിപ്പുണ്ട്. അതേസമയം, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ഡാമിലെ ജലനിരപ്പിൽ കുറവു വന്നിട്ടുണ്ട്.

മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയ്ക്കാണ് മറ്റു രണ്ടു ഷട്ടറുകളും തുറന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്. നീരൊഴുക്കു തുടർന്നതിനാൽ ഉച്ചയ്ക്കു തുടങ്ങിയ ട്രയൽ റൺ രാത്രിയിലും തുടർന്നിരുന്നു. അതീവജാഗ്രതാ നിർദേശവും (റെഡ് അലർട്ട്) കെഎസ്ഇബി പുറപ്പെടുവിച്ചിരുന്നു. രാവിലെ ഏഴിന് രണ്ടു ഷട്ടറുകൾ 40 സെന്റി മീറ്റർ വീതം തുറന്നു വെള്ളം പുറത്തേക്കു വിട്ടിരുന്നു. എന്നിട്ടും ജലനിരപ്പ് വർധിച്ചതിനാലാണ് എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നത്.

Idukki Dam ഇടുക്കി–ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിട്ടു. 2403 അടിയാണു പരമാവധി ശേഷി. കൂടുതൽ ജലം തുറന്നുവിട്ടതോടെ വെള്ളിയാഴ്ച രാത്രിയോടെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. നീരൊഴുക്ക് ഇനിയും വർധിച്ചാൽ ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരും. ഇതു പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർത്തും. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. ഇടുക്കി അണക്കെട്ടിന്റെ കൂടുതൽ വാര്‍ത്തകളും ചിത്രങ്ങളും ചുവടെ...

LIVE UPDATES
SHOW MORE
related stories