Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയുടെ ശക്തി തൽക്കാലം ശമിക്കും, നീരൊഴുക്ക് തുടരും; 13ന് വീണ്ടും ന്യൂനമർദം

വർഗീസ് സി. തോമസ്
Rain Cheruthoni Dam ഇടുക്കി–ചെറുതോണി അണക്കെട്ട് തുറന്നതിനെത്തുടർന്നുണ്ടായ നീരൊഴുക്ക്. ചിത്രം: മനോരമ

പത്തനംതിട്ട∙ കേരളത്തെ അസാധാരണമായ ആശങ്കയുടെ മുൾമുനയിലാക്കിയ മഴയുടെ ശക്തി വെള്ളി വൈകുന്നേരത്തോടെ കുറയുമെന്നു കാലാവസ്ഥാ സൂചന. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) വെള്ളി ഉച്ചയ്ക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് കേരളം കാത്തിരിക്കുന്ന ആശ്വാസ വാർത്തയുടെ സൂചന. കേരളത്തെ മഴയിൽ പൊതിഞ്ഞ ന്യൂനമർദ പാത്തി വടക്കോട്ടു നീങ്ങാൻ തുടങ്ങി. ഇതു ശനിയോടെ രാജ്യത്തിന്റെ മധ്യഭാഗത്തേക്കു കേന്ദ്രീകരിക്കുന്നതോടെ മഴയുടെ ശക്തിയും വടക്കോട്ടു മാറും. എന്നാൽ ഇടവിട്ടുള്ള ചെറിയ മഴയ്ക്കു കുറവുണ്ടാകില്ലെന്നും ഐഎംഡി അറിയിച്ചു. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 

പീരുമേട്ടിൽ 15 സെ.മീ.ൽ അധികം മഴ; രാജ്യത്തെ ഏറ്റവും ഉയർന്ന മഴ

വെള്ളി രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തതു പീരുമേട്ടിലാണ് - 15.7 സെന്റീമീറ്റർ. ഇടുക്കിയിൽ 13 സെ.മീയും ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതു കനത്ത മഴയാണ്. രാജ്യത്ത് വെള്ളിയാഴ്ച  ലഭിച്ച ഏറ്റവും ഉയർന്ന മഴയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

ഇടുക്കി ഡാമിലേക്കു കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശക്തമായ നീരൊഴുക്കു തുടരാൻ ഇതു പര്യാപ്തം. മഴ കുറഞ്ഞാലും ഷട്ടറുകൾ അടയ്ക്കുന്ന കാര്യം ഉടനെ ആലോചിക്കാനാവുമോ എന്ന ആശങ്ക തുടരും. തന്നെയുമല്ല, തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇതു കേരളത്തിലും മഴ കൊണ്ടുവരും. അത് ഇത്രയും ശക്തമായിരിക്കുമോ എന്നു പറയാനാവില്ല.

മുല്ലപ്പെരിയാറിൽ മഴ കുറഞ്ഞു

എന്നാൽ മുല്ലപ്പെരിയാർ ഡാം പ്രദേശത്ത് വെള്ളിയാഴ്ച മഴ കുറഞ്ഞതു കേരളത്തിന് ആശ്വാസമായി. പെരിയാർ ഡാം പരിസരത്ത് മൂന്നു സെന്റീമീറ്റർ മഴയാണ് വെള്ളി രാവിലെ വരെ ലഭിച്ചതെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

related stories