Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താക്കൂറിൽനിന്ന് മന്ത്രിയുടേതുൾപ്പെടെ 40 ഫോൺ നമ്പറുകൾ പിടിച്ചെടുത്തു

brajesh-thakur ബ്രജേഷ് താക്കൂർ

പട്ന∙ മുസാഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 34 അന്തേവാസികൾ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറിൽനിന്ന് 40 പേരുടെ ഫോൺനമ്പറുകൾ പിടിച്ചെടുത്തതായി പൊലീസ്. ബ്രജേഷ് താക്കൂറിനെ പാർപ്പിച്ചിരിക്കുന്ന മുസാഫർപുർ സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടു പേജുകളിലായി സൂക്ഷിച്ചിരുന്ന ഫോൺ നമ്പറുകൾ കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി വിവിധ ജയിലുകളിൽ പൊലീസ് ശനിയാഴ്ച മിന്നൽ പരിശോധന നടത്തി.

ബ്രജേഷ് താക്കൂറിൽനിന്നു പിടിച്ചെടുത്ത ഫോൺനമ്പറുകളിൽ, ഒരു മന്ത്രി ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ നമ്പറുകൾ ഉള്ളതായി റിപ്പോർട്ടുണ്ട്. ജൂൺ രണ്ടിന് അറസ്റ്റിലായ താക്കൂർ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണു ജയിലിൽ കഴിയുന്നതെന്നും പരിശോധനയിൽ വ്യക്തമായി. ഇതുവരെ മറ്റു തടവുകാർക്കൊപ്പം ഇയാളെ പാർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.

‘മുസാഫർപുർ സെൻട്രൽ ജയിലിലുള്ള താക്കൂർ, മെഡിക്കൽ വാർഡിൽ പ്രത്യേക സംവിധാനങ്ങളോടെയാണു കഴിയുന്നത്. മാത്രമല്ല, മറ്റു തടവുകാർക്കൊപ്പം ഇതുവരെ അയാളെ പാർപ്പിച്ചിട്ടുമില്ല’ – പൊലീസ് പറഞ്ഞു. ദേശീയ തലത്തിൽ ബിഹാറിന്റെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പട്ന ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.