Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജേന്ദ്രൻപിളള, ബിജു – മഴദിനത്തിൽ ഇവർക്കേകാം മനംനിറയെ സല്യൂട്ട്

Rajendran-Biju കെ.രാജേന്ദ്രന്‍പിള്ള, കെ.എൻ. ബിജു

കൊല്ലം ഫയര്‍ഫോഴ്സ് സ്റ്റേഷനിലേക്ക് ആ കോളെത്തുന്നത് 2010 ലാണ്. ജില്ലയിലെ കടയ്ക്കലില്‍ ഒരാള്‍ സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചു. കുടുംബ വഴക്കാണ് കാരണം. കൊലപാതകം ആസൂത്രണം ചെയ്തത് പ്രത്യേക രീതിയിലായിരുന്നു. കിണറിന്റെ വക്കിലും തൊടിയിലുമെല്ലാം സയനൈഡ് വിതറി. അതിനുശേഷം, കൊല്ലേണ്ട ആളിനെ കിണറ്റില്‍ പൂച്ചവീണെന്നു കള്ളം പറഞ്ഞു വിളിച്ചു വരുത്തി. കിണറ്റിലേക്കിറങ്ങിയ ആള്‍ സയനൈഡ് ഉള്ളില്‍ചെന്ന് കൊല്ലപ്പെട്ടു. ജഡം കിണറില്‍നിന്നെടുക്കാനാണ് ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. 

പലരും പിന്‍മാറിയപ്പോള്‍ കൊല്ലം ചാമക്കട ഫയര്‍സ്റ്റേഷനിലെ ഒരു ഫയര്‍മാന്‍ സയനൈഡ് കെണി വകവയ്ക്കാതെ കിണറിലിറങ്ങി ജഡം കരയ്ക്കെടുത്തു. ആ ഫയര്‍മാന്റെ പേര് രാജേന്ദ്രന്‍പിള്ള. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച രണ്ടു ഫയര്‍മാന്‍മാരില്‍ ഒരാള്‍. 1999 ല്‍ ഫയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതുവരെ ലഭിച്ചത് 22 മെഡലുകൾ‍. രക്ഷിച്ചത് 60 പേരുടെ ജീവൻ.

ഇനി മൂവാറ്റുപുഴയിലേക്ക്. ഏഴു വര്‍ഷം മുന്‍പ് കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ട് തുറന്നുവിട്ടു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഭൂതത്താന്‍ അണക്കെട്ടിന് താഴെ വേട്ടാമ്പാറയിലെ കൃഷിയിടത്തിലേക്ക് പോയ മൂന്നു പണിക്കാരെ കാണാത്തതിനാല്‍ ഉടമസ്ഥനാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. നാട്ടുകാരും തെരച്ചിലില്‍ പങ്കാളികളായി. രാത്രി ഏഴുമണിയോടെയാണ് മൂന്നുപേരെയും കണ്ടെത്തിയത്. കയറിയ ചങ്ങാടം തകര്‍ന്നതിനെത്തുടര്‍ന്ന് മൂന്നുപേരും നദിയുടെ മധ്യഭാഗത്തുള്ള പാറയില്‍ അഭയം തേടിയിരിക്കുകയാണ്. നദിയിലിറങ്ങി അവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം കോതമംഗലത്തെ ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ് ടീമിലേക്കെത്തി. 

വെള്ളത്തിന്റെ ആഴങ്ങളില്‍ മുങ്ങാന്‍ താല്‍പര്യമുള്ളവരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി രൂപീകരിച്ചതാണ് ടീം. വെള്ളത്തിലെ അപകടങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയാതെ നേവിയുടെയും മറ്റു സേനകളുടേയും സഹായം തേടേണ്ട അവസ്ഥയിലായിരുന്നു ഫയര്‍ഫോഴ്സ്. ഇതിനെ മറികടക്കാനാണ് എട്ടു വര്‍ഷം മുന്‍പ് സ്കൂബ ഡൈവിങ് ടീം രൂപീകരിച്ചത്.

അഞ്ചംഗ സംഘം എട്ടരയോടെ വേട്ടാമ്പാറയിലെത്തി. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും പുലര്‍ച്ചെ അഞ്ചു മണിയോടെ മൂന്നുപേരെയും രക്ഷിച്ച് കരയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍മാന്‍ കെ.എന്‍.ബിജു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച രണ്ടാമത്തെ ഫയര്‍മാന്‍. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് 2015ല്‍ ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്. കിണറിലിറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് രാജേന്ദ്രന്‍പിള്ള വിദഗ്ധനെങ്കില്‍ കേരള ഫയര്‍ഫോഴ്സിലെ സ്കൂബാ ഡൈവിങ് വിദഗ്ധനാണ് ബിജു.

എത്ര അനുഭവമുണ്ടെങ്കിലും എത്ര മൃതശരീരങ്ങള്‍ കോരിയെടുത്തിട്ടുണ്ടെങ്കിലും ചില നിമിഷങ്ങളില്‍ മനസു പൊട്ടിപോകും. ദിവസങ്ങളോളം ജലത്തിനടിയിലെ ദൃശ്യങ്ങള്‍ പിന്‍തുടരും. അത്തരമൊരു ദൃശ്യം ഓര്‍മയുണ്ട് ബിജുവിന്. പാറമടയിലെ ജലത്തിന്റെ ആഴങ്ങളിലേക്ക് താണുപോയവരെ തേടിയിറങ്ങുമ്പോള്‍ ബന്ധുക്കളും അല്ലാത്തവരുമായി കൂടി നില്‍ക്കുന്നവരില്‍ പ്രതീക്ഷ അവശേഷിക്കും. ഉപകരണങ്ങളുമായി വെള്ളത്തിനടിയിലേക്ക് പോകുന്ന ഡ്രൈവറുടെ മനസ് പക്ഷേ ശൂന്യമായിരിക്കും. തണുത്തുറഞ്ഞ വെള്ളം എന്താണ് കരുതിവയ്ക്കുന്നതെന്ന് അനുഭവത്തിലൂടെ അവനറിയാം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയിലെ പാറമടയുടെ ആഴങ്ങളിലേക്ക് ഒരു സ്കൂള്‍ കുട്ടി താഴ്ന്നിറങ്ങി. കുട്ടിയുടെ ശരീരം കണ്ടെടുക്കാന്‍ 70 അടി താഴ്ചയുള്ള മടയുടെ ആഴങ്ങളിലേക്ക് പുറപ്പെട്ട ബിജുവിന് കാണാനായത് രണ്ടു കൈകളും തലയില്‍വച്ച് ഒരു പാറയില്‍ ഉറങ്ങുന്നതുപോലെ കിടക്കുന്ന കുട്ടിയുടെ ശരീരമാണ്. വെള്ളത്തിനടിയിലും പിന്നീട് കരയിലും ബിജു കരഞ്ഞു. പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആ കാഴ്ച ജീവിതത്തില്‍ മറക്കാനാകില്ലെന്നു ബിജു പറയുന്നു. സ്കൂബ ഡൈവിങിനോടുള്ള താല്‍പര്യത്തെത്തുടര്‍ന്നാണ് കോതമംഗലം സ്വദേശിയായ ബിജു ഡൈവിങ് ടീമിലേക്കെത്തിയത്. സര്‍വീസില്‍ 21 വര്‍ഷം പൂര്‍ത്തിയാകുന്നു. 

കിണറുകളില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വിദഗ്ധനായ രാജേന്ദ്രന്‍പിള്ള കാസർകോട് ഉണ്ടായിരുന്നപ്പോള്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൊല്ലത്ത് മൂന്നുവര്‍ഷം മുന്‍പ് ഒരു കെട്ടിടം തകര്‍ന്നപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചത് രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ടീമാണ്. കൊല്ലത്ത് പുറ്റിങ്ങൽ വെടികെട്ട് അപകടം ഉണ്ടായപ്പോഴും രാജേന്ദ്രനും സഹപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.

related stories