കർണാടകയിൽ ക്യാംപിലേക്ക് ബിസ്കറ്റ് വലിച്ചെറിഞ്ഞ് മന്ത്രി; പിന്തുണച്ച് മുഖ്യമന്ത്രി

എച്ച്.ഡി. രേവണ്ണ (ഫയൽ ചിത്രം)

ബെംഗളൂരു∙ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരുടെ നേരെ ബിസ്കറ്റ് വലിച്ചെറിഞ്ഞ് കർണാടക മന്ത്രി. പൊതുമരാമത്ത് മന്ത്രി എച്ച്.ഡി.രേവണ്ണയാണു ഹാസൻ ജില്ലയിലെ ക്യാംപിലുള്ളവർക്കു നേരെ ബിസ്കറ്റ് പായ്ക്കറ്റുകൾ വലിച്ചെറിഞ്ഞത്.

മന്ത്രി ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വലിച്ചെറിയുന്നതിന്‍റെ വിഡിയോ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ മന്ത്രിയെ പിന്തുണച്ചു സഹോദരനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി. ക്യാംപിലെ സ്ഥലപരിമിതി മൂലമാണു മന്ത്രി അത്തരത്തില്‍ പ്രവർത്തിക്കാൻ നിർബന്ധിതനായതെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഉദ്യോഗസ്ഥർ നൽകിയ ബിസ്കറ്റ് പായ്ക്കറ്റുകൾ മുന്നിലിരിക്കുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തിനു നേരെ രേവണ്ണ വലിച്ചെറിയുകയായിരുന്നു. സംസ്കാരശൂന്യമായ പ്രവൃത്തിയാണു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹത്തിന്‍റെ അഹംഭാവത്തെയാണു സൂചിപ്പിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് എസ്.സുരേഷ് കുമാർ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമർശനമാണു മന്ത്രിക്കു നേരെ ഉയരുന്നത്.