കേന്ദ്രസർക്കാരല്ല, ഭരണഘടനയാണ് വലുത്: കയർത്തു സംസാരിച്ച നിർമലയോട് പരമേശ്വര

നിർമല സീതാരാമൻ, ജി. പരമേശ്വര (ഫയൽ ചിത്രങ്ങൾ)

ബെംഗളൂരു∙ കർണാടകയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കർണാടക മന്ത്രി സാ രാ മഹേഷിനോടു കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര. സംസ്ഥാനത്തെ മന്ത്രിയോട് ഇത്തരത്തിൽ മാധ്യമങ്ങളെ സാക്ഷിയാക്കി കയർത്തു സംസാരിച്ചതു ശരിയായില്ല. കേന്ദ്രമന്ത്രിക്ക് സ്വന്തം അധികാരത്തെക്കുറിച്ചു കൃത്യമായ ധാരണ വേണം. സംസ്ഥാനങ്ങളുടെ അധികാരം തീരുമാനിക്കുന്നതു ഭരണഘടനയാണ്. അല്ലാതെ കേന്ദ്രസർക്കാരല്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശത്തോടെയാണ് ഭരണഘടന അധികാരം നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ താഴെയല്ലെന്നും പരമേശ്വര ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച നിർമല സീതാരാമൻ വാർത്താസമ്മേളനം നടത്തുന്നതിനിടയിലാണു വിവാദങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടായത്. സമയം വൈകുന്നു, വാർത്താ സമ്മേളനം നിർത്താൻ സമയമായെന്നു സംസ്ഥാന മന്ത്രി സൂചിപ്പിച്ചതാണു കേന്ദ്രമന്ത്രിയെ െചാടിപ്പിച്ചത്. ഇതു മാധ്യമങ്ങളിലൂെട പുറത്തുവന്നതോടെ വൻ രോഷമാണ് ഉയർന്നത്. ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ നിയന്ത്രിക്കുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിർമലാ സീതാരാമന്റെ പ്രതികരണം. സോഷ്യൽ മീഡിയയിലും ഇൗ പോര് വൈറലായി.

‘ഞങ്ങളുടെ മന്ത്രിമാർ ആഴ്ചകളോളം കുടകിൽ താമസിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്. നിങ്ങളോടു കാണിക്കുന്ന ബഹുമാനം തിരിച്ചുമുണ്ടാകണം. കേന്ദ്രത്തിൽനിന്നു വരുന്നതുകൊണ്ട് ഞങ്ങളുടെ മേധാവിയാണെന്നു ധരിക്കരുത്. സംസ്ഥാന സർക്കാരുകൾ ഭരണഘടനയിൽനിന്നാണ് അധികാരമെടുക്കുന്നത്. അല്ലാതെ കേന്ദ്രത്തിൽനിന്നല്ല. കേന്ദ്രത്തിനു കീഴ്പ്പെട്ടവരുമല്ല ഞങ്ങൾ. നമ്മൾ പങ്കാളികളാണ്’ – പരമേശ്വര ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് കാട്ടുന്നതെന്നും പരമേശ്വര കുറ്റപ്പെടുത്തി. കുടകിലെ പ്രളയ ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. കുടകിലെ പുനരധിവാസത്തിനായി 2000 കോടി രൂപയാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്.

കർണാടകയിൽനിന്നുള്ള രാജ്യസഭാംഗമാണ് നിർമല സീതാരാമൻ. വെള്ളിയാഴ്ച കുടകിലെ പല ദുരിതാശ്വാസ ക്യാംപുകളും അവർ സന്ദർശിച്ചിരുന്നു. മാത്രമല്ല, ദുരിതാശ്വാസത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും കേന്ദ്രമന്ത്രി സംഭാവന ചെയ്തു.