കർണാടകയിൽ ഇന്ന് തദ്ദേശപ്പോര്; സഖ്യമില്ലാതെ കോൺഗ്രസും ദളും, കരുത്തു കാട്ടാൻ ബിജെപി

ബെംഗളൂരു ∙ കർണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്ക് മൽസരിക്കുന്ന തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള അവസരമാണ് ഇരുപാർട്ടികൾക്കും. സർക്കാരിന്റെ വീഴ്ചകൾ നിരത്തിയാണ് ബിജെപി രംഗത്തുള്ളത്. 21 ജില്ലകളിലായി രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോളിങ്. സെപ്റ്റംബർ മൂന്നിനാണ് വോട്ടെണ്ണൽ.  സെപ്റ്റംബറിൽ കാലാവധി പൂർത്തിയാകുന്ന 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

പ്രളയക്കെടുതിമൂലം കുശാൽ നഗർ, വിരാജ്പേട്ട് സോമവാർപേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെയാണ് 102ലേക്ക് ചുരുങ്ങിയത്. മൈസൂരു, തുമക്കൂരു, ശിവമൊഗ്ഗ സിറ്റി കോർപറേഷനുകളിലേക്കും വാശിയേറിയ പോരാട്ടമാണ്. 36,03,691 വോട്ടർമാർക്കായി 3897 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 8340 സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 2306 വാർഡുകളിൽ കോൺഗ്രസും 2203 വാർഡുകളിൽ ബിജെപിയും 1397 വാർഡുകളിൽ ജെഡിഎസും മൽസരിക്കുന്നുണ്ട്. 118 വാർഡുകളിൽ ബിഎസ്പിയും 30 വാർഡുകളിൽ സിപിഎമ്മും മൽസരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കം ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 

മൈസൂരുവിൽ ആകാംക്ഷയേറെ

മൈസൂരു ∙ മൈസൂരു സിറ്റി കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. നിലവിൽ ജെഡിഎസ്-ബിജെപി സഖ്യമാണ് കോർപറേഷൻ ഭരിക്കുന്നത്. 65 വാർഡുകളിലായി 393 സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. കഴിഞ്ഞ തവണ 21 വാർഡുകളിൽ കോൺഗ്രസും 20ൽ ജെ‍ഡിഎസും 13ൽ ബിജെപിയും ഏഴിടത്ത് സ്വതന്ത്രരും ബിഎസ്ആർ കോൺഗ്രസ്, കർണാടക ജനതാ പാർട്ടി, എസ്ഡിപിഐ പാർട്ടികളുടെ ഓരോ അംഗങ്ങളുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ ജെഡിഎസുമായി സഖ്യത്തിനുള്ള സാധ്യതയും ഇരുപാർട്ടികളും തള്ളിക്കളയുന്നില്ല.