Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അയൽക്കാർ വെറുതെ ഇരിക്കില്ല': റഫാലിൽ കേന്ദ്രത്തിനു കൈ കൊടുത്ത് വ്യോമസേന മേധാവി

rafale-airforce വ്യോമസേന മേധാവി ബിരേന്ദർ സിങ് ധനോവ

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെച്ചൊല്ലി പ്രതിരോധത്തിലായ കേന്ദ്രസർക്കാരിനെ പിന്തുണച്ചു വ്യോമസേന മേധാവി ബിരേന്ദർ സിങ് ധനോവ. റഫാൽ ഇടപാട് വ്യോമസേനയുടെ കരുത്തിനു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. റഫാൽ, എസ്–400 എന്നിവയിലൂടെ സര്‍ക്കാർ ഇന്ത്യൻ വ്യോമസേനയ്‍ക്കു കൂടുതല്‍ കരുത്തു പകരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

31 സേനാ വ്യൂഹനങ്ങളാണു നമുക്കുള്ളത്. 42 എണ്ണം പോലും ഇല്ലാത്ത സാഹചര്യത്തിൽ മേഖലയിലെ രണ്ട് എതിരാളികളുടെ താഴേക്ക് ഇന്ത്യ പോകും. നമ്മുടെ അയൽക്കാർ വെറുതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ എസ്.ബി. ദിയോയും റഫാൽ ഇടപാടിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. റഫാൽ മനോഹരമായ വിമാനമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കരാറിനെ വിമർശിക്കുന്നവർ ഇതിന്റെ നിയമവശങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2015 ഏപ്രിൽ 10ന് ഫ്രാൻസ് സന്ദർശന സമയത്താണ് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഫ്രാൻസുമായി 58,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. കരാർപ്രകാരം 2019 സെപ്റ്റംബർ മുതല്‍ വിമാനങ്ങൾ ഇന്ത്യയ്ക്കു നൽകിത്തുടങ്ങും.  

മോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തു: മുൻ ബിജെപി നേതാക്കൾ

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ മുൻ ബിജെപി നേതാക്കളായ അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. റഫാൽ വിമാനങ്ങൾക്കായി മോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തു. പ്രതിരോധ നടപടികളെല്ലാം തന്നെ തിരസ്കരിച്ചാണു വിമാനങ്ങളുടെ എണ്ണം 126ൽനിന്ന് 36 ആക്കിച്ചുരുക്കിയത്– വാർത്താ സമ്മേളനത്തിൽ ഷൂരി ആരോപിച്ചു. 

വർഷങ്ങളായി തുടർന്നുവന്ന നടപടിക്രമങ്ങളെ പ്രധാനമന്ത്രി രണ്ടു ദിവസം കൊണ്ട് അട്ടിമറിച്ചു. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനു കേന്ദ്രസർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഷൂരി വ്യക്തമാക്കി. റഫാൽ കരാറിൽ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി കേന്ദ്രം വ്യോമസേന ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതായി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.