Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയാര്‍ഥികള്‍ ചിതലുകളാണെന്ന് അമിത്ഷാ; ശക്തമായി പ്രതികരിച്ചു ബംഗ്ലാദേശ്

amit-shah തെലങ്കാനയില്‍ ബിജെപി യോഗത്തിൽ‌ സംസാരിക്കുന്ന ദേശീയ അധ്യക്ഷൻ‌ അമിത് ഷാ

ന്യൂഡല്‍ഹി∙ അഭയാര്‍ഥികളെ ചിതലുകളായി വിശേഷിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് ബംഗ്ലാദേശ് രംഗത്ത്. ബംഗ്ലാദേശുകാരെ ചിതലെന്നു വിശേഷിപ്പിച്ച അമിത്ഷായുടെ പ്രസ്താവന അനവസരത്തിലുള്ളതും മാന്യതക്ക് നിരക്കാത്തതുമാണെന്ന് ബംഗ്ലാദേശ് വിവരാവകാശ മന്ത്രി ഹസനുള്‍ ഹഖ് ഇനു കുറ്റപ്പെടുത്തി. രാജ്യത്തെ വിഭവങ്ങള്‍ കാര്‍ന്നു തിന്നുന്ന ചിതലുകളാണ് അഭയാര്‍ഥികളെന്നും ഓരോരുത്തരെയും കണ്ടെത്തി പുറത്താക്കണമെന്നുമായിരുന്നു അമിത്ഷായുടെ പ്രസ്താവന. 

ബംഗ്ലാദേശുകാര്‍ ആരും തന്നെ ഇന്ത്യയില്‍ താമസിക്കുന്നില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാ ഭാഷ സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശുകാരല്ല. കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ തെറ്റു പറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണമല്ലാത്തതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഞങ്ങള്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല - ബംഗ്ലാദേശ് മന്ത്രി പറഞ്ഞു. 

ബംഗ്ലാ സംസാരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യ ഒരിക്കലും തങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടു വന്നിട്ടില്ലെന്നു വ്യക്തമാക്കിയ ഇനു ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെക്കുറിച്ചു പറയാന്‍ അമിത് ഷാ യോഗ്യനല്ലെന്നും പറഞ്ഞു. പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലോ പശ്ചിമ ബംഗാളിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഉള്ള ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്നും പ്രധാനമന്ത്രി മോദി എല്ലാം നല്ലരീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അഭയാര്‍ഥികള്‍ക്കെതിരെ ബിജെപി അധ്യക്ഷന്‍ ആഞ്ഞടിച്ചത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ഓരോ അനധികൃത കുടിയേറ്റക്കാരനെയും സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിനു വരുന്ന അനധികൃത കുടിയേറ്റക്കാര്‍ ചിതലിനെ പോലെയാണ്. പാവങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷണമാണ് അവര്‍ സ്വന്തമാക്കുന്നത്, നമ്മുടെ ജോലികളും കവര്‍ന്നെടുക്കുന്നു. അവര്‍ നമ്മുടെ നാട്ടില്‍ നടത്തുന്ന സ്‌ഫോടനങ്ങള്‍ മൂലം നിരവധി പേരാണ് മരിക്കുന്നത്. സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ പരാതിയുമായി രംഗതെത്തുന്ന രാഹുല്‍ ഗാന്ധിയും കേജ്‌രിവാളും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.