Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും, അമറും’: പി.സി.ജോർജിന് ജോസഫൈന്റെ മറുപടി

mc-josephine-pc-george എം.സി. ജോസഫൈൻ, പി.സി. ജോർജ്

കോഴിക്കോട് ∙ നിയമസഭ എത്തിക്സ് കമ്മിറ്റി അംഗമായ പി.സി.ജോർജ് കേരളത്തിലെ സ്ത്രീകളെ തുടർച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്നു സംസ്ഥാന വനിത കമ്മിഷൻ സംസ്ഥാന അധ്യക്ഷ എം.സി.ജോസഫൈൻ. കുറച്ചുദിവസം മിണ്ടാതിരുന്നശേഷം വീണ്ടും തുടങ്ങിയിരിക്കുകയാണ്, ഇപ്പോൾ കന്യാസ്ത്രീകൾക്കെതിരെയാണ്. ഇവിടെ ആർക്കും സമരം ചെയ്യാം. ന്യായമായ ആവശ്യം ഉന്നയിച്ചാണ് കന്യാസ്ത്രീകൾ സമരം നടത്തിയത്. അതിൽ സമൂഹത്തിലെ പല ഭാഗത്തുനിന്നുള്ളവർ പങ്കെടുക്കുകയും ചെയ്തു. അതിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മിഷൻ മെഗാ അദാലത്തിനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ ദിവസത്തെ പി.സി.ജോർജിന്റെ പ്രതികരണം വെളിവാക്കുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണ്. ഒരു നിയമസഭാ സാമാജികനു നൽകേണ്ട പ്രിവിലജ് കൊടുക്കുന്നതുകൊണ്ടാണ് ‘അദ്ദേഹം’ എന്നു പറയുന്നത്. അല്ലെങ്കിൽ അതേ ഭാഷയിൽ മറുപടി കൊടുക്കാമല്ലൊ. അതു പറയില്ല. പി.സി.ജോർജിന്റെ പ്രതികരണങ്ങൾ ശ്രദ്ധിച്ച്, ഉടൻ യോഗം ചേർന്ന് ഒരു കത്ത് തയാറാക്കി സ്പീക്കർക്ക് നൽകി. സ്പീക്കർ അത് എത്തിക്സ് കമ്മിറ്റിക്കു വിട്ടു. നിയമപരമായ സാധ്യത അന്വേഷിച്ചുകൊണ്ട്, കമ്മിറ്റിയിൽ പി.സി.ജോർജിനെ ഇരുത്തുന്നത് യോജ്യമാണോ എന്നതാണ് ചോദ്യം. ആരോപിതനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ടുള്ള അന്വേഷണം എത്രമാത്രം ശരിയായിരിക്കുമെന്നു സംശയമാണ്.

ഏതൊരു ജനപ്രതിനിധികളാണെങ്കിലും സംസാരിക്കുന്ന ഭാഷയും ചലനങ്ങളും വാക്പ്രയോഗങ്ങളും ശരിയല്ലെങ്കിൽ സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും’ ചിലപ്പോൾ ‘അമറും’. ‘അവൾ പറയട്ടെ’ എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. കേരളത്തിലെ സ്ത്രീകളാണ് ‘അവൾ’. സ്ത്രീകൾ‍ ഉറക്കെ സംസാരിക്കട്ടെ, ശക്തമായ ഭാഷയിൽ പ്രതികരിക്കട്ടെ. അങ്ങനെ പ്രതികരിക്കുന്നവരെ മോശം പദപ്രയോഗങ്ങളിലൂടെ നിശബ്ദരാക്കാൻ നോക്കേണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.

തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെ കാണുന്നതു വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കെതിരെയുള്ള ആക്രമണമായിട്ടല്ല; സമീപകാലത്ത് സ്ത്രീകൾക്കെതിരെ വ്യാപിച്ചുവരുന്ന ആക്രമണങ്ങളുടെ ഭാഗമായാണെന്നും അവർ പറഞ്ഞു. വിമർശിക്കുന്നത് തെറ്റല്ല. വിമർശനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. അത് ഏതുരീതിയിലായാലും സഭ്യമായ ഭാഷാപ്രയോഗമാണ് വേണ്ടത്. സഭ്യതയുടെ എല്ലാ അതിരുകളും ഭേദിക്കുന്നതാണ് സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള പദപ്രയോഗങ്ങളെന്നും അവർ പറഞ്ഞു.

മാനഭംഗത്തെക്കാൾ ഹീനമായ രീതിയിലാണ് ആക്രമണം. അത്തരം സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഏതൊരു വിഷയത്തെ സംബന്ധിച്ചും രാഷ്ട്രീയ–സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമെന്നു തോന്നുന്ന അഭിപ്രായങ്ങൾ ശക്തമായി ഇനിയും പറയും. സ്ത്രീസുരക്ഷയെന്നത് അധരവ്യായാമം മാത്രമാകരുത്. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണത്തെ ശക്തമായിത്തന്നെ നേരിടും. കേരളത്തിലെ സ്ത്രീകൾ ഇതിനായി പുതിയ സമരപോരട്ടത്തിന്റെ വഴി തുറക്കണമെന്നും ജോസഫൈൻ പറഞ്ഞു.