ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കുന്നതിന് 25 ലക്ഷം രൂപ വാഗ്ദാനമെന്നു പ്രതി

ഗൗരി ലങ്കേഷ്

ബെംഗളൂരു∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തിൽ കുറ്റം സമ്മതിക്കുന്നതിന് കർണാടക പൊലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിനെതിരെ ഭീഷണി മുഴക്കിയാണു തന്നെക്കൊണ്ടു കുറ്റം സമ്മതിപ്പിച്ചതെന്നു മറ്റൊരു പ്രതിയും ആരോപിച്ചു. 

കേസിൽ പ്രതികളായ പരശുറാം വാഗ്മറും മനോഹർ ഇഡ്‍വെ എന്നിവരാണ് കർണാടക പൊലീസിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയത്. കേസില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നും സുഹൃത്തുക്കളെയും കുടുംബത്തെയും അപകടത്തിലാക്കുമെന്നു ഭീഷണിപ്പെടുത്തി കുറ്റം സമ്മതിക്കാൻ പൊലീസ് നിർബന്ധിച്ചുവെന്നും കോടതിയിലേക്കു കൊണ്ടുപോകുംവഴി മനോഹർ പറഞ്ഞു. പണം വാഗ്ദാനം ചെയ്തെന്ന് വാഗ്മറെയും ആരോപിച്ചു. 

അതസമയെ പ്രതികളുടെ വെളിപ്പെടുത്തലിൽ‌ പ്രതികരിക്കാൻ അന്വേഷണ സംഘം തയാറായില്ല. വാഗ്മറെയും മനോഹറുമുൾപ്പെടെ 12 പേരെയാണ് ഗൗരി ലങ്കേഷ് വധത്തിൽ പൊലീസ് ഇതുവരെ അറസറ്റ് ചെയ്തിട്ടുള്ളത്. 2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിൽ വച്ചാണു മുതിർന്ന മാധ്യമ പ്രവർ‌ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റുമരിക്കുന്നത്.