Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഗീത വില്ലൊന്നു തൊട്ടാൽ; ബാലഭാസ്കർ എന്ന വിസ്മയം

balabhaskar-with-violin

കോട്ടയം ∙ വലിച്ചുകെട്ടിയ വില്ലും നിറച്ച ആവനാഴിയുമുള്ള യോദ്ധാവും സ്ക്രോളിൽ നിന്നു ബ്രിജ് വഴി ടെയിൽ പീസിലേക്കു തന്ത്രികൾ വലിച്ചുകെട്ടിയ വയലിനും ബോയുമായി നിറങ്ങൾ വിതറുന്ന വിളക്കുകൾക്കിടയിൽ നിൽക്കുന്ന ബാലഭാസ്കറും ഒരുപോലെയാണ്. ചിൻറെസ്റ്റിലേക്കു (വയലിനിൽ താടി ചേർത്തു വയ്ക്കുന്ന ഭാഗം) മുഖം ചേർത്താൽ... ആ സംഗീത വില്ലൊന്നു തന്ത്രികളിൽ തൊട്ടാൽ... ബാലഭാസ്കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിൻ ചക്രവർത്തി ശ്രോതാക്കളുടെ മനവും കാതും ജയിക്കുന്ന അശ്വമേധം പൂർത്തിയാക്കിയിരിക്കും, നിശ്ചയം. 

ഗുരുവും വല്ല്യമ്മാവനും പ്രശസ്‌ത വയലിനിസ്‌റ്റുമായ ബി. ശശികുമാറാണ് ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകർന്നു നൽകിയത്. പരമ്പര്യം മുത്തച്ഛൻ നാഗസ്വര വിദ്വാൻ ഭാസ്കര പണിക്കരിൽ നിന്നു ലഭിച്ചു. സപ്തസ്വരങ്ങൾ വഴങ്ങിയ കാലം മുതൽ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര നന്നായി വയലിൻ വഴങ്ങുന്നുവെന്നു പലകുറി ആവർത്തിച്ച ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്ന’ മറുപടിയാണ് എപ്പോഴും ബാല നൽകുക. 

തിരുവനന്തപുരത്ത് ഏറെ ആരാധിച്ച എ.ആർ. റഹ്മാനൊപ്പം വേദി പങ്കിടുന്നതിനിടെ ഗ്രീൻ റൂമിലിരുന്ന് റഹ്മാൻ ബാലയോടു പറഞ്ഞു, നിങ്ങൾ ഏറെ പോപ്പുലറാണല്ലൊ. ആളുകളെല്ലാം നിങ്ങളെയാണു ചോദിക്കുന്നത്. വയലിനെപ്പറ്റി ഏറെ വാചാലനാകാറുള്ള ബാലയ്ക്കു പക്ഷെ ‘ഞാൻ... ഞാൻ..’ എന്ന രണ്ടു വാക്കുകൾ മാത്രമെ അപ്പോൾ പുറത്തേക്കു വന്നുള്ളു‌.