Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനോട് കൂട്ടില്ല; വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് സിപിഎം

yechuri-rahul സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം. നിലവിൽ വിശാല സഖ്യത്തിന്റെ ഭാഗമാകാൻ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം രാഷ്ട്രീയ നിലപാട് പിന്നീടു കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചു സഖ്യം തീരുമാനിക്കാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. എന്നാൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ചു തർക്കം തുടരുന്നതിനാൽ തീരുമാനത്തിലെത്താൻ സാധിച്ചില്ല. കോൺഗ്രസുമായി സഹകരണം വേണമെന്ന ബംഗാൾ ഘടകത്തിന്റെ നിലപാടിനെ പ്രകാശ് കാരാട്ട് ഉൾപ്പെട്ട നേതൃനിര എതിർത്തു. 

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി, കോൺഗ്രസ് ഇതര പാർട്ടികളുടെ സഖ്യം വേണമെന്നു കാരാട്ടു പക്ഷം നിലപാടെടുത്തു. തെലങ്കാനയിൽ കോൺഗ്രസ്, ടിഡിപി, സിപിഐ എന്നിവയുൾപ്പെട്ട സഖ്യത്തിൽ ചേരേണ്ടെന്നു സിപിഎം സംസ്ഥാന ഘടകം നേരത്തേ തീരുമാനിച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തേണ്ട നിലപാടാണു സ്വീകരിക്കേണ്ടതെന്നു കോൺഗ്രസ് സഹകരണത്തെ പരോക്ഷമായി പിന്തുണച്ചു വി.എസ്. അച്യുതാനന്ദൻ കുറിപ്പ് നൽകി. കേന്ദ്ര കമ്മിറ്റിയിൽ വി.എസ് പങ്കെടുത്തില്ല. കേന്ദ്ര കമ്മിറ്റി യോഗം തിങ്കളാഴ്ച അവസാനിക്കും.