Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയിൽനിന്ന് 1.4 കോടിക്കു വാങ്ങിയ വജ്ര മോതിരങ്ങൾ വ്യാജം: യുവാവിന്റെ പ്രണയം തകർന്നു

Nirav-Modi-2 നീരവ് മോദി

ന്യൂഡൽഹി∙ ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്തേക്കു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വലയിൽവീണ് കനേ‍ഡിയൻ സ്വദേശിയും. 1.4 കോടി രൂപ വിലയ്ക്കു വാങ്ങിയ രണ്ട് വജ്രമോതിരങ്ങൾ വ്യാജമാണെന്ന് കനേഡിയൻ പൗരനായ പോൾ അല്‍ഫോൻസോ പരാതിപ്പെട്ടു. നീരവ് മോദിയുടെ തട്ടിപ്പ് വിവരങ്ങളെക്കുറിച്ച് യാതൊന്നും അറിയാതെ ഇയാൾ ഒരു യുവതിയോടു വിവാഹ അഭ്യര്‍ഥന നടത്തുന്നതിനു മോതിരം വാങ്ങുകയായിരുന്നു. 

മോതിരങ്ങൾ വ്യാജമാണെന്നു തെളിഞ്ഞതോടെ ഇയാളുടെ പ്രണയബന്ധവും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2012ലാണ് അൽഫോൻസോ നീരവ് മോദിയുമായി പരിചയപ്പെടുന്നത്. തന്റെ മുതിർന്ന സഹോദരനെ പോലെയായിരുന്നു നീരവിനെ കണ്ടിരുന്നതെന്നും അൽഫോൻ‌സോ പറഞ്ഞു. ഈ വർഷം മേയിൽ വിവാഹ നിശ്ചയം നടത്തുന്നതിനു രണ്ടു പ്രത്യേക മോതിരങ്ങൾ‌ വേണമെന്നാവശ്യപ്പെട്ട് ഇയാൾ നീരവിന് ഇമെയിൽ അയച്ചിരുന്നു. ഉന്നത നിലവാരത്തിലുള്ളതെന്ന് അവകാശപ്പെട്ടാണു മോതിരം കൈമാറിയത്. 

ഏറ്റവും അര്‍ഥവത്തായ വാങ്ങൽ നടക്കുമ്പോൾ തന്നെക്കുറിച്ച് ഓർത്തതിനു നന്ദിയുണ്ടെന്നു നീരവ് മോദി മറുപടിയും നൽകി. അൽഫോൻസോയുടെ കാമുകി മറ്റൊരു മോതിരം കൂടി ഇഷ്ടപ്പെട്ടതിനാലാണു രണ്ടെണ്ണവും ഹോങ്കോങ്ങിലെ അക്കൗണ്ട് വഴി പണം കൈമാറി വാങ്ങിയത്. ജൂണിൽ മോതിരങ്ങൾ ലഭിക്കുകയും ചെയ്തു. മോതിരം വ്യാജമെന്നു തെളിഞ്ഞതോടെ തന്റെ പ്രണയ ബന്ധവും തകർന്നതായി അൽഫോൻസോ വ്യക്തമാക്കി. നീരവ് മോദിക്കെതിരെ കാലിഫോര്‍ണിയയിൽ കേസ് ഫയൽ ചെയ്തതായും അൽഫോൻസോ അറിയിച്ചു.