Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജെ.അക്ബർ: ആണധികാരത്തിന്റെ മുഖത്തേറ്റ ‘മീ ടൂ’ പ്രഹരം

പി. സനിൽകുമാർ
Author Details
Follow Facebook
mj-akbar-single എം.ജെ.അക്ബർ

‘ആണധികാരത്തിനേറ്റ ആദ്യ അടി’ - ‘മീ ടൂ’ വിവാദത്തിൽ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ (67) കേന്ദ്ര മന്ത്രിസഭയ്ക്കു പുറത്തേക്കു പോകുമ്പോൾ ഇന്ത്യയിലെ സ്ത്രീവാദികൾ ഒറ്റക്കെട്ടായി പറയുന്നതാണിത്. സഹപ്രവർത്തകരായിരുന്ന വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെ പ്രമുഖ വനിതകൾ രംഗത്തെത്തിയതോടെ അക്ബറിനു പദവിയിൽ കടിച്ചുതൂങ്ങി തുടരാനായില്ല. കേന്ദ്ര സർക്കാരിലെയും ബിജെപിയിലെയും മുതിർന്ന നേതാക്കൾ എതിരായതോടെ അക്ബറിനു രാജിവയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്ര‌ഖ്യാപിച്ചിരിക്കെ അക്ബറിനെ സംരക്ഷിച്ചു തലവേദന സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇഷ്ടപ്പെട്ടില്ല.

സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടാനുള്ള സമ്മർദത്തിനു വഴങ്ങാതെ മാനനഷ്ടക്കേസുമായി പോകാനായിരുന്നു വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ ശ്രമിച്ചത്. തനിക്കെതിരെ #മീടൂ പ്രചാരണത്തിനു തുടക്കമിട്ട മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ കേസ് നൽകി. പ്രമുഖ നിയമസ്ഥാപനമായ കരഞ്ജവാല ആൻഡ് കമ്പനിയിലെ 97 അഭിഭാഷകരാണു മന്ത്രിക്കു വേണ്ടി വക്കാലത്ത് ഏറ്റിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താതെയാണ് അക്ബർ കോടതിയെ സമീപിച്ചത്. ഇതിനെതിരെ മന്ത്രിസഭയിലും പാർട്ടിയിലും എതിർശബ്ദങ്ങളുയർന്നു.

ആരോപണം വ്യാജമാണെന്ന അക്ബറുടെ ആദ്യ പ്രതികരണത്തിനെതിരെ #മീടൂ പ്രചാരകരായ 5 വനിതകൾ രംഗത്തെത്തി. ഘസാല വഹാബ്, സുപർണ ശർമ, മജ്‌ലി കാംപ്, കനിക ഗ‌ഹ്‌ലൗത്, ഷുതപ പോൾ എന്നിവരാണ് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ആവർത്തിച്ചത്. അക്ബറിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭവും പ്രഖ്യാപിച്ചു. അക്ബർ കോടതിയിലെത്തിയതിനു പിന്നാലെ, പീഡനാരോപണവുമായി മാധ്യമപ്രവർത്തക തുഷിത പട്ടേൽ കൂടി രംഗത്തെത്തിയതോടെ പരാതിക്കാരുടെ എണ്ണം 12 ആയി.

അക്ബറിനെതിരായ പീഡനാരോപണത്തിൽ നരേന്ദ്ര മോദിയുടെ നിലപാടാണു നിർണായകമായത്. മന്ത്രിസഭാഗംങ്ങളെ നിശ്ചയിക്കാനുള്ള വിവേചനാധികാരം പ്രധാനമന്ത്രിക്കായതു കൊണ്ട് ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതെ ബിജെപി നേതാക്കളും മന്ത്രിമാരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏകപക്ഷീയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതു മോശമായ കീഴ്‌വഴക്കമാകുമെ‌ന്നു ചില നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും അക്ബറിനു പിടിവള്ളി കിട്ടിയില്ല. ഇന്ധനവിലക്കയറ്റം, റഫാൽ ഇടപാട് എന്നിവയിൽ മുഖം നഷ്ടപ്പെട്ട കേന്ദ്ര സർക്കാരിന് അക്ബറിനെക്കൂടി ചുമക്കുന്നതു വലിയ ഭാരമാകുമെന്നു മോദി തിരിച്ചറിഞ്ഞു, കൈവെടിഞ്ഞു.

MJ–akbar എം.ജെ.അക്ബർ

മീ ടു വിവാദത്തിൽപ്പെട്ട എം.ജെ.അക്ബർ കേന്ദ്രമന്ത്രിസഭയിൽ തുടരുന്നതിനെതിരെ ശിവസേനയും വിമർശിച്ചു. പേരെടുത്തു പറയാതെയാണു മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ അക്ബറിനെതിരെ വിമർശനമുന്നയിച്ചത്. ബിജെപി വാഗ്ദാനം ചെയ്തത് ഇന്ത്യയെ ധാർമികമൂല്യമുള്ള രാജ്യമാക്കുമെന്നാണ്. എന്നാൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവരെ മന്ത്രിസഭയിൽ നിലനിർത്തുന്നവർ എന്തു ധാർമികതയാണ് പറയുന്നതെന്ന് ശിവസേന ചോദിച്ചു.

വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി, ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി എന്നിവർ മാത്രമാണ് ചെറുതായെങ്കിലും അക്ബറിനെതിരെ പരസ്യമായി ശബ്ദിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസും സിപിഎമ്മും അക്ബറിനെതിരെ നിലപാടെടുത്തു. അക്ബറെ ഉടൻ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ഡൽഹി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രധാനമന്ത്രിക്കു കത്തയച്ചു.‌ അക്ബറിനെതിരായ ആരോപണം പരിശോധിക്കുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അക്ബറിനെ പുറത്താക്കണമെന്നു നിലപാടെടുത്തു. രംഗം കൂടുതൽ വഷളാക്കേണ്ടെന്നു ബിജെപി തീരുമാനിച്ചതോടെ അപമാനിതനായി അക്ബറിന് ഇറങ്ങേണ്ടിവന്നു.

ആഘോഷിക്കപ്പെട്ട്, അപമാനത്തിലേക്ക്

ദേശീയ തലത്തിൽ ആഘോഷിക്കപ്പെട്ട, വലിയ ആരാധകവൃന്ദമുള്ള മാധ്യമപ്രവർത്തകനായിരുന്നു എം.ജെ.അക്ബർ. നിരവധി പത്രങ്ങളുടെ എഡിറ്ററായിരുന്ന അക്ബറിനെതിരെ വിദേശി അടക്കം 12 വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് ഘസാല വഹാബ് അടക്കമുള്ളവര്‍ രംഗത്തെത്തി.

25–ാം വയസ്സിൽത്തന്നെ മാഗസിനുകളുടെ എഡിറ്ററായി കഴിവു തെളിയിച്ചയാളാണ് അക്ബർ. 1994-97 കാലത്ത് അക്ബറിനൊപ്പം ഘസാല വഹാബ് ജോലി ചെയ്തിരുന്നു. അക്ബറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്നു തനിക്കു സ്ഥാപനവും നഗരവും വിട്ടുപോകേണ്ടി വന്നെന്നു ഘസാല പറയുന്നു. ഓഫിസ് മുറിയിലേക്ക് ഇടയ്ക്കിടെ വിളിപ്പിക്കുക, താഴെയിരിക്കുന്ന നിഘണ്ടു എടുത്തുകൊടുക്കാൻ ആവശ്യപ്പെടുക, നിഘണ്ടു നോക്കാൻ കുനിയുമ്പോൾ നോക്കി ആസ്വദിക്കുക, ബലമായി കടന്നുപിടിക്കുക, ചുംബിക്കുക... അക്ബറുടെ ലീലാവിലാസങ്ങളെപ്പറ്റിയുള്ള ആരോപണങ്ങൾ നീണ്ടു.

മാധ്യമപ്രവർത്തകനായി തിളങ്ങിനിൽക്കവേ രാജീവ് ഗാന്ധിയുടെ ഇഷ്ടക്കാരനായി 1989 ൽ കോണ്‍ഗ്രസിൽ ചേർന്നു. പാർട്ടി വക്താവായി. ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന് അതേവർഷം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വീണ്ടും മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമായി. നിരവധി പുസ്തകങ്ങള്‍ രചിച്ചു. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്ന അക്ബർ, 2014ൽ മോദി തരംഗത്തിൽ ആകൃഷ്ടനായി ബിജെപിയിലേക്ക്. അവിടെയും പാർട്ടി വക്താവ്. ജൂലൈയിൽ ജാർഖണ്ഡിൽനിന്നു രാജ്യസഭാംഗമായി. 2016ൽ സുഷമ സ്വരാജിനു കീഴിൽ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.

‘നിങ്ങളുടെ ബൗദ്ധിക ഔന്നത്യത്തില്‍ ആകൃഷ്ടയായാണു ഞാന്‍ മാധ്യമരംഗത്തെത്തിയത്. എന്റെ പ്രഫഷനല്‍ ഹീറോകളില്‍ ഒരാളായിരുന്നു നിങ്ങൾ’– അക്ബറിനെതിരെ പ്രിയ രമണിയുടെ ട്വീറ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷുമ റാഹ 1995 ൽ അഭിമുഖത്തിനായി അക്ബറിനു മുന്നിലെത്തി. കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലിൽ അക്ബറിന്റെ മുറിയിലായിരുന്നു അഭിമുഖം.

മദ്യം കഴിക്കാന്‍ അക്ബര്‍ ക്ഷണിച്ചതായും ഇതോടെ അദ്ദേഹം എഡിറ്ററായ സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടെന്നു തീരുമാനിച്ചതായും ഷുമ പറഞ്ഞു. ഷുതപ പോൾ, സുപര്‍ണ ശര്‍മ തുടങ്ങിയവരും സമാന അനുഭവങ്ങൾ പങ്കിട്ടു. ആഘോഷിക്കപ്പെട്ട വ്യക്തിത്വം പെട്ടെന്നൊരുനാൾ അപമാനത്താൽ പടിയിറങ്ങുന്ന വിധിവൈപരീത്യമായി അക്ബറിന്റെ രാജി.

#മീടൂ പോസ്റ്റിന്റെ ലക്ഷ്യമെന്ത്?

പലവിധ അഹങ്കാരങ്ങളുടെ ഹുങ്കിൽ പുരുഷൻ കാണിക്കുന്ന തോന്ന്യാസങ്ങളൊന്നും മാനഹാനി പേടിച്ചു സ്ത്രീ പുറത്തുപറയാറില്ലെന്നതാണു നടപ്പുരീതി. ഇതിനെതിരായ മുന്നേറ്റമാണു മീ ടൂ. എപ്പോൾ വേണമെങ്കിലും ഒരു ഹാഷ്ടാഗിനാൽ കുരുങ്ങിയേക്കാമെന്ന ഭയമാണു മീ ടൂ, വേട്ടമനസ്സുള്ള പുരുഷന്മാരിൽ സൃഷ്ടിച്ചത്. ട്വിറ്റർ, ഫെയ്സ്ബുക്, വാട്സാപ് മുതലായ സമൂഹമാധ്യമങ്ങളിൽ മുൻകൂട്ടി ഒന്നും ബോധ്യപ്പെടുത്തേണ്ടാത്ത, നിയമത്തിന്റെ നൂലാമാലകളില്ലാതെ തുറന്നുപറയാനുള്ള വേദി. സ്ത്രീകൾ ആ വേദിയെ ഫലപ്രദമായും സമചിന്തതയോടെയും ഉപയോഗിക്കുകയാണ്. ഇതിൽ വിറളിപൂണ്ടവർ പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് ഈ മുന്നേറ്റത്തിനെതിരെ ഉയർത്തുന്നത്. 1) സാഹചര്യം മുതലെടുത്തു വ്യക്തിഹത്യയ്ക്കും വിദ്വേഷം തീർക്കാനും ഉപയോഗിക്കില്ലേ? 2) വർഷങ്ങളോളം മിണ്ടാതിരുന്നിട്ട് ഇപ്പോൾ വെളിപ്പെടുത്തുന്നതിൽ ദുരുദേശ്യമില്ലേ?

രണ്ടു ചോദ്യങ്ങൾക്കും ‘ഇല്ല’ എന്നാണു സ്ത്രീവാദികൾ ഉത്തരം പറയുന്നത്. ഏകപക്ഷീയമായി പുരുഷനെ മാത്രം പ്രതിക്കൂട്ടിലാക്കുകയല്ല, മറിച്ച് താൻ കൂടി ഉൾപ്പെട്ട സംഭവത്തെക്കുറിച്ചാണു സ്ത്രീ വെളിപ്പെടുത്തുന്നത്. തന്റെ നിലനിൽപ്പിനെപ്പോലും അവഗണിച്ചാണ്, ഇപ്പോഴും തന്നേക്കാൾ അധികാരമുള്ള പുരുഷനെതിരെ തുറന്നുപറയുന്നത്. നിലവിലെ നിയമവ്യവസ്ഥകളിലെ കാലതാമസവും നേരിടേണ്ടി വരുന്ന മാനഹാനികളും ഓർത്താണു പലരും ഇത്രകാലം മിണ്ടാതിരുന്നത്. ലോകമാകെ സ്ത്രീകൾ തുറന്നുപറച്ചിലുമായി മുന്നിട്ടിറങ്ങിയതിന്റെ അനുകൂല സാഹചര്യത്തിൽ ചിലരെങ്കിലും ഇപ്പോൾ ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, പീഡനമേറ്റ കാലത്തേക്കാൾ സ്ത്രീ എത്രയോ ധൈര്യവതിയും സ്വന്തംകാലിൽ നിൽക്കുന്നവളും പക്വമതിയും ആയിട്ടുണ്ടാകുമെന്നു മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

തീപ്പൊള്ളലിന്റെ #മീടൂ വാർഷികം

#മീടൂ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യയിലെ പുരുഷമേധാവിത്വം പങ്കപ്പാടിലാണ്. ഹോളിവുഡിലെ ഉന്നതൻ ഹാർവി വെയ്ൻസ്റ്റെ‌യ്‌ൻ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ചു തുറന്നുപറഞ്ഞ് #MeToo (ഞാനും ഇര) എന്ന ഹാഷ്ടാഗുമായി നടി അലീസ മിലാനോ 2017 ഒക്ടോബർ 15ന് ട്വീറ്റ് ചെയ്തതു ലോകമാകെ പടരുകയായിരുന്നു. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേർ പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫെയ്‌സ്ബുക്കിൽ 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് ഒരു കോടിയിലേറെ പോസ്റ്റുകളിട്ടു. ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ത്രീകൾക്ക് അസാധാരണമായ തന്റേടവും കരുത്തുമാണു #മീടൂ നൽകിയത്. യുഎസിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക തരാന ബർക് 2006ൽ അവതരിപ്പിച്ച പ്രയോഗമാണ് മീ ടൂ. മറ്റൊരാളുടെ ദുരനുഭവത്തോടു താദാത്മ്യപ്പെട്ട് അവരെ ശാക്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രചാരണം (ക്യാംപെയ്ൻ) പിന്നീട് പ്രസ്ഥാനം (മൂവ്മെന്റ്) ആയി രൂപാന്തരപ്പെടുന്നതാണു ലോകം കണ്ടത്.

2017 നവംബറിലാണ് ഇന്ത്യയിലെ ആദ്യത്തെ മീ ടൂ സംഭവം നടക്കുന്നത്. യുഎസിൽ നിയമവിദ്യാർഥിയായ റായ സർക്കാർ, ഇന്ത്യയിലെ സർവകലാശാലകളിലും മറ്റു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന അറുപതോളം വ്യക്തികളുടെ പേരുകളും അവർ നടത്തിയെന്നു പറയപ്പെടുന്ന ലൈംഗികപീഡനങ്ങളുടെ പട്ടികയും പുറത്തുവിട്ടു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ടായി. ഇന്ത്യയിൽ സിനിമ, മാധ്യമ, സാഹിത്യരംഗങ്ങളിലെല്ലാം മീ ടൂ അലയടിക്കുന്നു. നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ തുറന്നു പറച്ചിലോടെയാണ് മീ ടൂ ബോളിവുഡിൽ കത്തിപ്പടർന്നത്. അവിടെനിന്ന് ഇങ്ങേയറ്റത്ത് മലയാളത്തിലും മീ ടൂവിന്റെ പൊള്ളലേറ്റു. നടനും എംഎൽഎയുമായ മുകേഷിനെതിരെ ചലച്ചിത്രപ്രവർത്തക ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചത്.

#മീടൂ പട്ടിക ഇതുവരെ

പ്രമുഖരുൾപ്പെടെ ഇന്ത്യയിൽനിന്ന് നിരവധിപ്പേരാണ് മീ ടൂ ആരോപണം നേരിടുന്നത്. നടന്മാരായ നാനാ പടേക്കർ, അലോക് നാഥ്, ഉത്സവ് ചക്രവർത്തി, രജത് കപൂർ, സുൾഫി സയീദ്, പീയൂഷ് മിശ്ര, സൈൻ ദുരാനി, മലയാളി അഭിനേതാക്കളായ അലൻസിയർ, മുകേഷ്, ഗായകരായ ബാപു ഹാബി, അഭിജീത് ഭട്ടാചാര്യ, കൊമേഡിയന്മാരായ ഗുർസിമ്രാൻ ഖാംപ, കണ്ണൻ ഗിൽ, ജീവേഷു അലുവാലിയ, എഴുത്തുകാരായ വൈരമുത്തു, ചേതൻ ഭഗത്, വരുൺ ഗ്രോവർ, സച്ചിൻ ഗാർഗ്, കിരൺ നഗാർക്കർ, സംഗീതജ്ഞരായ കൈലേഷ് ഖേർ, രഘു ദീക്ഷിത്, സിനിമാപ്രവർത്തകരായ വികാസ് ബാൽ, സാജിദ് ഖാൻ, ഇവന്റ് മാനേജർ വിഭു ശർമ, ഫൊട്ടോഗ്രഫർ പാബ്ലോ ബെർത്തലോവ്, പത്രപ്രവർത്തകരായ കെ.ആർ.ശ്രീനിവാസ്, ഗൗതം അധികാരി, മേഘാനന്ദ് ബോസ്, റമീസ് ഷെയ്ഖ്, മനോജ് രാമചന്ദ്രൻ, പ്രശാന്ത് ഝാ, സിദ്ധാർഥ് ഭാട്ടിയ, മായങ്ക് ജെയിൻ, ആയുഷ് സോണി, സതാദ്രു ഓജ, മാർക്കറ്റിങ് വിദഗ്ധനും എഴുത്തുകാരനുമായ സുഹേൽ സേത്ത്, ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌രി തുടങ്ങിയവർക്കെതിരെയാണ് നിലവിൽ ആരോപണമുള്ളത്.

ആണധികാരത്തെയും അതിന്റെ സേവകവേഷം കെട്ടുന്ന സാമൂഹിക സംവിധാനങ്ങളെയും നേർക്കുനേർനിന്നു വെല്ലുവിളിക്കാനും അവയുടെ ധാർഷ്ട്യത്തിന്റെ മുഖത്തടിക്കാനും സ്ത്രീക്കു ലഭിച്ച ധൈര്യമാണു മീ ടൂ. ഇതുവരെ നേരിട്ട പീഡനങ്ങളുടെ തുറന്നുപറച്ചിൽ മാത്രമല്ല, ഇനി പീഡകർക്കു കീഴടങ്ങാനില്ലെന്ന പ്രഖ്യാപനം കൂടിയാണത്. അതെ, സ്വത്വബോധമുള്ള പെണ്ണിന്റെ യുദ്ധപ്രഖ്യാപനം തന്നെ.

related stories