Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.ഡി.തിവാരി അന്തരിച്ചു; 2 സംസ്ഥാനത്ത് മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ്

nd tiwari എൻ.ഡി.തിവാരി

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി (93) അന്തരിച്ചു. തന്റെ ജന്മദിനത്തിലായിരുന്നു തിവാരിയുടെ അന്ത്യം. കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ വാർധക്യ സഹജമായ അസുഖങ്ങൾക്കു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ‌ ചികിൽസയിലായിരുന്നു. രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയെന്ന റെക്കോർഡും ഈ മുൻ കേന്ദ്രമന്ത്രിക്കുണ്ട്.

മൂന്നുവട്ടം ഉത്തർപ്രദേശിലും (1976–77, 1984–85, 1988–89) ഒരുതവണ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി (2002–2007). രാജീവ്ഗാന്ധി മന്ത്രിസഭയിൽ ധനകാര്യം, വിദേശം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആന്ധ്രപ്രദേശ് ഗവർണറായിരുന്നപ്പോൾ (2007–2009) ലൈംഗിക വിവാദത്തിൽപ്പെട്ടു രാജിവച്ചു. ഇടക്കാലത്ത് കോൺഗ്രസിൽ നിന്നകന്ന അദ്ദേഹം തിവാരി കോൺഗ്രസ് എന്ന പാർട്ടിക്കു രൂപം നൽകി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. പരേതയായ സുശീല, ഉജ്വല എന്നിവർ ഭാര്യമാരാണ്. മകൻ– രോഹിത് ശേഖർ.

17–ാം വയസ്സിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് 17–ാം വയസിൽ ക്വിറ്റ് ഇന്ത്യാ സമരമുഖത്തെത്തിയതാണു നാരായൺ ദത്ത് തിവാരി എന്ന എൻ.ഡി.തിവാരി. 15 മാസം ജയിൽശിക്ഷ അനുഭവിച്ചു. അലഹാബാദ് സർവകലാശാലയിൽനിന്നു നിയമബിരുദം നേടി. 1963ൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. നെഹ്‌റു കുടുംബവുമായി അടുത്തബന്ധം. പാർട്ടിയിലും ഭരണത്തിലും ഉയർന്ന ചുമതലകളിൽ നിയോഗിക്കപ്പെട്ടു.

nd-tiwari-with-son എൻ.ഡി.തിവാരി മകൻ രോഹിത് ശേഖർ, ഉജ്വല എന്നിവർക്കൊപ്പം

ലാൽ ബഹാദൂർ ശാസ്‌ത്രിയും ഇന്ദിരാ ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് നാലു വർഷത്തോളം യൂത്ത് കോൺഗ്രസിനെ തിവാരി നയിച്ചു. ചെറിയ ഇടവേളകളിലായി മൂന്നു തവണ അവിഭക്ത ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി. കേന്ദ്രസർക്കാരിൽ അംഗമായി സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌തു. 2007ൽ ആന്ധ്രപ്രദേശ് ഗവർണറായി. പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു.

പി.വി.നരസിംഹ റാവുവിന്റെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി 1995ൽ കോൺഗ്രസ് വിട്ടു. അർജുൻ സിങ്ങിനൊപ്പം പുതിയ പാർട്ടി രൂപീകരിച്ചു. സീതാറാം കേസരി എഐസിസി അധ്യക്ഷനായതോടെ തിവാരിയും കൂട്ടരും മാതൃസംഘടനയിലേക്കു മടങ്ങിയെത്തി. ആന്ധ്രപ്രദേശ് ഗവർണറായിരിക്കെ 2008–ലാണ് വിവാദമായ പിതൃത്വകേസ് നടക്കുന്നത്. തിവാരിയാണു തന്റെ അച്‌ഛനെന്നു സ്‌ഥാപിച്ചുകിട്ടാൻ രോഹിത് ശേഖർ കോടതിയെ സമീപിച്ചു.

nd-tiwari-marriage 2014–ൽ ഉജ്വലയെ എൻ.ഡി.തിവാരി വിവാഹം ചെയ്തപ്പോൾ.

അമ്മ ഉജ്വലയും രോഹിതിനൊപ്പം ആറു കൊല്ലം നീണ്ട കേസിൽ കക്ഷിയായി.‌ ആദ്യം തിവാരി നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിയിക്കപ്പെട്ടു. പിന്നീട് രോഹിതിനെ അംഗീകരിച്ച അദ്ദേഹം ഉജ്വലയെ ഒപ്പം താമസിക്കാൻ അനുവദിച്ചു. 2014–ൽ പരമ്പരാഗത രീതിയിൽ ഉജ്വലയെ വിവാഹം ചെയ്തു.

pratibha-patil-nd-tiwari മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിനൊപ്പം എൻ.ഡി.തിവാരി