Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടക്കം പൊട്ടുന്നതിനിടെ ട്രെയിൻ വന്നത് അറിഞ്ഞില്ല; പഞ്ചാബിൽ വൻ ദുരന്തം, 60 മരണം

Punjab Train Accident അമൃത്‌സറിലെ ജോധ ഫടക്കിലെ റെയിൽവെ പാളത്തിലാണ് അപകടം. (വിഡിയോ ദൃശ്യം)

അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്കു ട്രെയിൻ ഇടിച്ചു കയറി 60 പേർ മരിച്ചു. 51 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഐ.രാജേഷ് ശർമ പറഞ്ഞു.‌ അർധരാത്രി 12 വരെയുള്ള റിപ്പോർട്ടുകൾ പ്രകാരമാണിത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ അമൃത്‌സറിനടുത്ത് ജോധ ഫടക്ക് മേഖലയിൽ ചൗര ബസാറിനോടു ചേർന്നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം. ദസറയോടനുബന്ധിച്ചു രാവണന്റെ രൂപം കത്തിക്കുന്ന ‘രാവൺ ദഹൻ’ ചടങ്ങു കാണാൻ ഒട്ടേറെ പേർ പാളത്തിൽ കയറി നിന്നപ്പോൾ ട്രെയിൻ വരികയായിരുന്നു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ശനിയാഴ്ച സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സംഭവത്തിൽ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. വെള്ളിയാഴ്ച ഇസ്രയേലിലേക്കു പോകാനിരുന്ന അമരീന്ദർ സിങ് യാത്ര റദ്ദാക്കി ഇന്ന് അമൃത്‌സറിലേക്കു പോകും.

മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അരലക്ഷവും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. യുഎസിലുള്ള കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്കു തിരിച്ചു. ജലന്തർ–അമൃത്‌സർ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും താൽക്കാലികമായി നിർത്തലാക്കി. ട്രെയിനുകളിൽ ചിലത് ജലന്തറിനു സമീപം പിടിച്ചിട്ടിരിക്കുകയാണ്. ശേഷിച്ചവ വഴി തിരിച്ചുവിട്ടു.

ജലന്തറിൽ നിന്ന് അമൃത്‌സറിലേക്കു വന്ന ജലന്തർ എക്സ്പ്രസാണ് (നമ്പർ 74943) അപകടമുണ്ടാക്കിയത്. പാളത്തിൽ കയറി ഒട്ടേറെ പേർ മൊബൈലുകളിൽ രൂപം കത്തിക്കല്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് സംഭവ സമയത്തു ചിത്രീകരിച്ച മൊബൈൽ വിഡിയോകൾ വ്യക്തമാക്കുന്നു. രാവണരൂപം കത്തിക്കുന്നതിനിടെ പരിസരം മുഴുവൻ പടക്കങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു.

പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ആ സമയം ട്രെയിനുണ്ടെന്ന് ദസറ ആഘോഷസമിതിയോ അധികൃതരോ മുന്നറിയിപ്പും നല്‍കിയിരുന്നില്ല. അപകടസമയത്ത് മുന്നൂറോളം പേർ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രദേശത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

എന്നാൽ റെയിൽവേ ഗേറ്റില്‍ നിന്ന് 70-80 മീ. മാറിയായിരുന്നു രാവണന്റെ രൂപം കത്തിച്ചതെന്ന് റെയിൽവേ അറിയിച്ചു. ഇതു കത്തിവീണതോടെ ആൾക്കൂട്ടം പാളത്തിലേക്ക് ഓടിക്കയറി. റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നെങ്കിലും അതു കടന്നായിരുന്നു പലരും വന്നത്. ചിലർ‌ ട്രാക്കിൽ നിൽക്കുന്നുമുണ്ടായിരുന്നു. ആ സമയം ഒരു ട്രെയിൻ മാത്രമാണ് അതുവഴി പോയതെന്നും റെയിൽവേ പിആർഒ അറിയിച്ചു. എന്നാൽ റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Punjab Amritsar Train Accident ട്രെയിനപകടത്തിന്റെ വിഡിയോ ദൃശ്യത്തിൽ നിന്ന്.

രാവണരൂപം കത്തിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ചപ്പോൾ എല്ലാവരും റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതിനിടെയുണ്ടായ തിക്കിനും തിരക്കിനും ഇടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. മേഖലയിൽ വൻ പൊലീസ് സന്നാഹമാണ്. മന്ത്രിമാരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി. പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ എല്ലാ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകി. കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹയും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയും അതീവ ദുഃഖം രേഖപ്പെടുത്തി. ഹൃദയം തകർക്കുന്നതാണ് ഈ ദുരന്തമെന്ന് മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. സംസ്ഥാനത്തിനു വേണ്ട എല്ലാ അടിയന്തര സഹായവും നൽകാൻ നിർദേശിച്ചതായും മോദി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും എല്ലാ സഹായവും സംസ്ഥാനത്തിനു വാഗ്ദാനം ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സംഭവ സ്ഥലത്തെത്തി.

അപകടത്തെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സംഭവസ്ഥലത്തു വേണ്ട സഹായങ്ങളെല്ലാം എത്തിക്കാൻ എഎപി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രവർത്തകരോട് പ്രദേശത്തെത്താൻ നിർദേശിച്ചു. കോൺഗ്രസ്, അകാലി ദൾ പ്രവർത്തകരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഹെൽപ് ലൈൻ നമ്പർ: 0183- 2223171, 0183 2564485

related stories