Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ നൽകാൻ കേന്ദ്രം

എ.എസ്. ഉല്ലാസ്
aadhar

പത്തനംതിട്ട ∙ രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ കാർഡ് നൽകുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവീസസ്) സെന്ററുകളിലും ആധാർ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസർക്കാർ നൽകുന്നു. സംസ്ഥാനത്തെ 258 സെന്ററുകളിലും ഉപകരണം സ്ഥാപിക്കും. ഒരു സെന്ററിന് ഇതിനായി 1.5 ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വനിതാ–ശിശുവികസന ഡയറക്ടർ ഷീബാ ജോർജ് പറഞ്ഞു. ജനിക്കുന്ന കുട്ടികൾക്കെല്ലാം ആധാർ എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

നിലവിൽ കേരളത്തിൽ ആറു വയസ്സു വരെയുള്ള, അങ്കണവാടിയിലെത്തുന്ന 70 % കുട്ടികൾക്കും ആധാർ ഉണ്ടെന്നാണ് റിപ്പോർട്ട്. മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്കാണ് ആധാർ കുറവ്. ഇൗ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ആധാർ എടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും അതിനായി ആധാർ സെന്ററുകളിൽ ഏറെ സമയം ചെലവിടേണ്ടിവരുമെന്ന പ്രശ്നവും ഒഴിവാക്കാനാണ് ഐസിഡിഎസ് സെന്ററുകളിൽ ആധാർ യന്ത്രങ്ങൾ നൽകുന്നത്. രാജ്യത്തെ എല്ലാ കുട്ടികൾക്കും ആധാർ എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ചില സംസ്ഥാനങ്ങളിൽ, അങ്കണവാടി ഗുണഭോക്താക്കളുടെ കൂട്ടത്തിൽ വൻതോതിൽ വ്യാജൻമാർ കടന്നുകൂടിയതിനാലാണ് കേന്ദ്രത്തിന്റെ കർശന നടപടി. അസമിൽ 14 ലക്ഷവും ഉത്തർപ്രദേശിൽ ഏകദേശം 80 ലക്ഷം‌വും ഗുണഭോക്താക്കൾ വ്യാജൻമാരാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പട്ടികയിൽ‌നിന്ന് ഒഴിവാക്കിയിരുന്നു. വ്യാജന്മാരുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടക്കുന്നുവെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.

ഗർഭിണികളായ സ്ത്രീകളും ആറു വയസ്സുവരെയുള്ള കുട്ടികളുമാണ് അങ്കണവാടി ഗുണഭോക്താക്കൾ. രാജ്യത്താകെ പത്തുകോടി ഗുണഭോക്താക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. മൂന്നു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളാണ് അങ്കണവാടികളിലെത്തുന്നത്. 2017–18 വർഷത്തെ കണക്കിൽ, കേരളത്തിൽ 33,115 അങ്കണവാടികളിലായി 3,17,531 കുട്ടികളുണ്ട്. അങ്കണവാടികളിൽ ചേരാൻ ആധാർ നിർബന്ധമല്ലെങ്കിലും അഞ്ചു വയസ്സെത്തുമ്പോൾ ആധാർ എടുക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നേരത്തെ നിർദേശം നൽകിയിരുന്നു. അതുപ്രകാരം കേരളത്തിലെ വനിതാ ശിശു വികസന വകുപ്പും ഇതു നിർദേശിക്കുന്നുണ്ട്.

മൂന്നു വയസ്സ് വരെയുള്ള 3,86,016 കുട്ടികളാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗത്തിനും ആധാറില്ല. ഇവർ അങ്കണവാടിയിൽ വരുന്നില്ലെങ്കിലും ഇവർക്കുള്ള പോഷകാഹാരവും മരുന്നുകളും അങ്കണവാടി വഴി ലഭ്യമാക്കുന്നുണ്ട്. അങ്കണവാടി കെട്ടിട നിർമാണം, വാടക, ജീവനക്കാരുടെ ശമ്പളം, കുട്ടികളുടെ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം കേന്ദ്രം പണംനൽകുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അങ്കണവാടികളുടെ പ്രവർത്തനത്തിന് കേന്ദ്രം കേരളത്തിനായി ബജറ്റിൽ വകയിരുത്തിയത് 2391 കോടി രൂപയാണ്. പദ്ധതി നൽകിയതനുസരിച്ച് കേരളത്തിനു നൽകിയത് 1333.41 കോടി രൂപയാണ്. പദ്ധതികൾക്ക് 60% തുക കേന്ദ്രവും 40% തുക സംസ്ഥാനവും ചെലവാക്കണമെന്നാണ് വ്യവസ്ഥ. കേരളത്തിൽ 2015–16 ൽ അങ്കണവാടി കുട്ടികളുടെ എണ്ണം 41,3830 ആയിരുന്നതാണ് നിലവിൽ 3,17,531 ആയി കുറഞ്ഞത്.