Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രവുമായി കടുത്ത ഭിന്നത, പൊട്ടിത്തെറി; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്ക്?

Urjit Patel ഊർജിത് പട്ടേൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായതിനെതുടർന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടർന്നാണു ഭിന്നത രൂക്ഷമായത്. ആദ്യമായാണു കേന്ദ്രസർക്കാർ ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പ് പ്രയോഗിക്കുന്നത്. ബാങ്കിന്റെ സ്വയംഭരണാവകാശം ഹനിക്കുന്നതില്‍ തലപ്പത്ത് കടുത്ത എതിര്‍പ്പാണ്. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് അടുത്തവര്‍ഷം വരെ കാലാവധിയുണ്ട്.

സര്‍ക്കാര്‍ തുറന്നടിച്ചു; പോര് മൂത്തത് ഇങ്ങനെ

2008–14 കാലത്തു ബാങ്കുകൾ നിയന്ത്രണമില്ലാതെ വായ്പ നൽകിയതു നിയന്ത്രിക്കാൻ റിസർവ് ബാങ്കിനു കഴിയാതിരുന്നതാണു പെരുകുന്ന കിട്ടാക്കടത്തിനു കാരണമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി തുറന്നടിച്ചിരുന്നു. ആഗോളമാന്ദ്യത്തിനു ശേഷം കരകയറാൻ യുപിഎ സർക്കാർ നൽകിയ നിർദേശങ്ങൾ രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് കണ്ണടച്ച് അനുസരിക്കുകയായിരുന്നെന്നു ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഇതോടെ, രാജ്യത്തെ ധനകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ടു റിസർവ് ബാങ്കും സർക്കാരും തമ്മിൽ ഭിന്നത മൂർച്ഛിച്ചു.

കഴിഞ്ഞ ദിവസം ഡപ്യൂട്ടി ഗവർണർ വിരൽ ആചാര്യ റിസർവ് ബാങ്കിന്റെ ‘അസ്വാതന്ത്ര്യ’ങ്ങളെക്കുറിച്ചു നടത്തിയ പരാമർശത്തിനു പിന്നാലെയാണു ധനമന്ത്രിയുടെ അഭിപ്രായപ്രകടനം. ബാങ്കിനു സ്വ‌യംഭരണാവകാശം നിഷേധിക്കുന്നത് ആപൽക്കരമാണെന്നായിരുന്നു ആചാര്യയുടെ മുന്നറിയിപ്പ്. നയതീരുമാനങ്ങളിൽ സർക്കാർ ചെലുത്തുന്ന സമ്മർദ‌ത്തിനെതിരെ ബാങ്കിൽ രൂപപ്പെടുന്ന അസ്വസ്ഥകളിലേക്കും ഇതു വിരൽ ചൂണ്ടി.

റിസർവ് ബാങ്കിനു പിഴച്ചു: ജയ്റ്റ്‌ലി

ഇന്ത്യ–യുഎസ് സ്ട്രാറ്റജിക് പാർട്നർഷിപ് ഫോറത്തിലാണു റിസർവ് ബാങ്കിനെതിരെ ധനമന്ത്രി രംഗത്തു വന്നത്. സാധാരണ വാർഷിക വളർച്ചാ ശരാശരിയായ 14 ശതമാനത്തിൽനിന്നു വായ്പ 31 ശതമാനമായാണു മു‌ൻ സർക്കാരിന്റെ കാലത്തു കുതിച്ചുയർന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബാങ്കുകൾ വഴിവിട്ടു വായ്പ നൽകിക്കൊണ്ടിരുന്നപ്പോൾ റിസർവ് ബാങ്ക് പുറംതിരിഞ്ഞു നിൽപ്പായിരുന്നു. എന്നാൽ, എൻഡിഎ സർക്കാർ സ്വീകരിച്ച നടപടികളിലൂടെ നികുതി വരുമാനം കൂടി. സർക്കാർ അധികാരമേൽക്കുമ്പോൾ നികുതിദായകർ 3.8 കോടിയായിരുന്നു. ഇപ്പോൾ അത് 6.8 കോ‌ടിയാണ്– ജയ്റ്റ്‌ലി പറഞ്ഞു.

ആചാര്യയുടെ നിർദേശം

റിസർവ് ബാങ്കിനു കൂടുതൽ അധികാരങ്ങൾ നൽകിയില്ലെങ്കിൽ പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാനാവില്ലെന്ന ആശങ്കയും ആചാര്യ പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ബാങ്കിനു കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുകയാണു സാമ്പത്തിക സ്ഥിരത കൈവരിക്കാൻ മാർഗമെന്നും അദ്ദേഹം നിർദേശിച്ചു. ഇതു സർക്കാർ അംഗീകരിക്കില്ലെന്നു ധനമ‌ന്ത്രി‌യുടെ വാക്കുകളിൽ വ്യക്തം.

പോരിനു പിന്നാലെ

റിസർവ് ബാങ്കും സർക്കാരും തമ്മിലുള്ള പോരിൽ ആദ്യ രക്തസാക്ഷി, അടുത്ത വർഷം കാലാവധി പൂർത്തിയാക്കാനിരിക്കുന്ന ഗവർണർ ഉർജിത് പട്ടേലായിരിക്കും. ബാങ്കിനു കൂച്ചുവിലങ്ങിട്ടു നടത്തിയ നോട്ട് റദ്ദാക്കലിനോടു പട്ടേലിനു പൂർണ യോജിപ്പുണ്ടായിരുന്നില്ല. ബാങ്കിനു മേൽ ഇപ്പോൾ സർ‌ക്കാർ ചെ‌‌ലുത്തുന്ന സ‌മ്മർദത്തെയും അദ്ദേഹം ചെറുക്കുന്നു.

കിട്ടാക്കടം വർധിക്കുന്നതിനു മുൻ സർക്കാരിനെ പഴിച്ചു തടിയൂരാൻ എൻഡിഎ സർക്കാരിന് എളുപ്പമല്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കിട്ടാക്കടം 20 ലക്ഷം കോടി രൂപയിലേറെയായിരിക്കുന്നു. ഫലം: ചെറിയ ഇടവേളകളിൽ വിലയിരുത്തൽ നടത്തി കിട്ടാക്കടം പെരുകുന്നതു തടയാൻ റിസർവ് ബാങ്കിനും സർക്കാരിനുമായില്ല.

related stories